തിരുപ്പതി തിരുമല ക്ഷേത്രദര്‍ശനം നടത്തി മോഹന്‍ലാല്‍; വൈറലായി വിഡിയോ

തിരുപ്പതി തിരുമല ക്ഷേത്രത്തിൽ സന്ദർശനം നടത്തി മോഹൻലാൽ. സുഹൃത്തുക്കൾക്കൊപ്പം രാവിലെയാണ് താരം ക്ഷേത്രദര്‍ശനം നടത്തിയത്. ക്ഷേത്ര ദര്‍ശനം നടത്തിയതിന്‍റെ വിഡിയോയും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. തന്റെ കരിയറിലെ 360മത്തെ സിനിമ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മോഹൻലാൽ ക്ഷേത്ര ദർശനം നടത്തിയിരിക്കുന്നത്. 

ക്ഷേത്രത്തില്‍ നിന്ന് പുറത്തുവരുന്ന മോഹന്‍ലാല്‍, ഫോട്ടോക്കു പോസ് ചെയ്യുന്നതും വിഡിയോയില്‍ കാണാം. മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ടെങ്കിലും മോഹന്‍ലാല്‍ ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുകയാണ്. എന്നാല്‍ പുതിയ ചിത്രത്തെ കുറിച്ചുള്ള ചോദ്യത്തിന് തെലുങ്ക് ചിത്രം വരുന്നുണ്ട്.അതേക്കുറിച്ച് പിന്നീട് സംസാരിക്കാമെന്ന് തമിഴില്‍ മറുപടി നല്‍കി. 

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എംപുരാൻ ആണ് മോഹൻലാൽ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം. അമേരിക്കയിലെ മൂന്നാം ഷെഡ്യൂൾ പൂർത്തിയായി ഈ മാസം ആദ്യമാണ് മോഹൻലാൽ കേരളത്തിൽ തിരിച്ചെത്തിയത്. തിരുവനന്തപുരത്താണ് സിനിമയുടെ അടുത്ത ഷെഡ്യൂൾ ആരംഭിക്കുന്നത്. മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്’ മെയ് മാസം റിലീസ് ആകുമെന്നും സൂചനകളുണ്ട്.