വെന്‍റിലേറ്ററില്‍ തന്നെ; നടി അരുന്ധതിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല; അപകടത്തില്‍ അന്വേഷണം

വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടി അരുന്ധതി നായരുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. മൂന്ന് ദിവസമായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്‍റിലേറ്ററിലാണ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കോവളം ഭാഗത്ത് പോകുമ്പോള്‍ അരുന്ധതി സഞ്ചരിച്ച സ്കൂട്ടര്‍ അപകടത്തില്‍പ്പെടുന്നത്. അപകടത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

മലയാളം, തമിഴ് സിനിമകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് അരുന്ധതി നായര്‍. അരുന്ധതിയുടെ ചികിത്സയ്ക്ക് സഹായം അഭ്യര്‍ഥിച്ച് നടി ഗോപിക അനില്‍ ഉള്‍പ്പെടെയുള്ളവരെത്തിയിരുന്നു. ‘എന്റെ സുഹൃത്ത് അരുന്ധതി ഒരപകടത്തിൽ പരുക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അരുന്ധതിയുടെ ആരോഗ്യ സ്ഥിതി സങ്കീർണമാണ്. വെന്റിലേറ്ററിൽ ജീവനുവേണ്ടി പോരാടുകയാണ്. ആശുപത്രി ചെലവുകൾ താങ്ങാവുന്നതിലും അധികമാകുന്നു. ഞങ്ങൾ ഞങ്ങളുടെ ഭാഗം ചെയ്യുന്നു, പക്ഷേ അത് നിലവിലെ ആശുപത്രി ആവശ്യകതകൾ നിറവേറ്റാൻ പര്യാപ്തമല്ല. നിങ്ങളാൽ കഴിയുന്ന വിധത്തിൽ സംഭാവന നൽകണമെന്ന് ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു, അത് അവളുടെ കുടുംബത്തിന് വളരെ സഹായകരമാകും. വളരെ നന്ദി..’ എന്നാണ് ഗോപിക അനിൽ സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.

ഒറ്റയ്ക്കൊരു കാമുകന്‍ എന്ന സിനിമയില്‍ ഷൈന്‍ ടോമിന്റെ നായികയായിരുന്നു അരുന്ധതി. തമിഴ് സിനിമയിലൂടെയാണ് അരുന്ധതി നായര്‍ അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. വിജയ് ആന്റണിയുടെ സൈത്താന്‍ സിനിമയിലെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 'പോര്‍കാസുകള്‍'  എന്ന ചിത്രത്തിലാണ് അരുന്ധതി അവസാനമായി അഭിനയിച്ചത്.