കാലി സീറ്റില്‍ തുടക്കം; ഇന്ന് ബോയ്സിന് കയ്യടിച്ച് തെന്നിന്ത്യ

പതിവുതെറ്റിച്ച് ഇറങ്ങുന്ന ചിത്രങ്ങളില്‍ ഭൂരിഭാഗം സിനിമകളും നിലം തൊടാതെ പോകുന്ന സമയം, പഴയ സൂപ്പര്‍ ഹിറ്റുകള്‍ തന്നെയും റീ റിലീസ് നടത്തി തിയറ്ററുകള്‍ പിടിച്ചു നിര്‍ത്താന്‍ പെടാപാട് പെടുന്ന തമിഴ് സിനിമാ ലോകത്തേക്ക് ഒരു മലയാള ചിത്രം റിലീസിനെത്തുന്നു. ‘മനിതര്‍ ഉണര്‍ന്തുകൊള്ള ഇത് മനിത കാതലല്ല...അതെയും താണ്ടി പുനിതമാനത്...’ പറഞ്ഞെത്തിയ ഒരു കൊച്ചു ചിത്രം. തമിഴകത്തെ കൊടൈക്കനാലിലേക്ക് യാത്ര പോയി, കമല്‍ഹാസന്റെ ഗുണ കേവില്‍ പെട്ടുപോകുന്ന മലയാളി ബോയ്സ്ന്റെ കഥ പറഞ്ഞ സിനിമ.   മഞ്ഞുമേല്‍ ബോയ്സ് ഇന്ന് തമിഴ് സിനിമലോകത്ത് റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്.

സിനിമ അതിവേഗം നൂറുകോടി നേടിയ വാര്‍ത്തയ്ക്കൊപ്പം ആഘോഷമാക്കണം ഈ തമിഴ് വിജയഗാഥ.  പതിനൊന്നുദിവസം കൊണ്ട് തമിഴ്നാട്ടിൽ നിന്നു മാത്രം ചിത്രം വാരിയത് 15 കോടിലേറെ രൂപ.  മലയാള സിനിമാ വേറെ ലെവല്‍ അണ്ണാ എന്ന് ഒരേ ശബ്ദത്തില്‍ തമിഴ്നാട് പറയുന്ന കാഴ്ച, ഹൗസ് ഫുള്‍ ഷോകള്‍, ചിത്രത്തിലെ അണിയറ പ്രവര്‍ത്തകരെ നേരിട്ട്  വിളിച്ച് അഭിനന്ദിക്കുന്ന കമല്‍ഹാസന്‍,  ചിത്രം എല്ലാവരും കാണണമെന്ന് പറയുന്ന മന്ത്രി ഉദയനിധി സ്റ്റാലിന്‍... അങ്ങനെ നമ്മുടെ മഞ്ഞുമ്മല്‍ ബോയ്സിനെ ആഘോഷമാക്കുകയാണ് കേരളം പേലെ തമിഴ്നാടും.

ഗുണാകേവും കൊടൈക്കനാലും അന്‍പോട് കണ്‍മണിയും. എന്നാടാ പണ്ണിവച്ചിറുക്ക് എന്ന് അതിര്‍ത്തി വിട്ട് സിനിമ കണ്ടവര്‍ ചോദിക്കുന്നിടത്താണ് മഞ്ഞുമ്മല്‍ ബോയ്സിന്‍റെ വിജയം.   സൗഹൃദത്തിന്റെ ചൂടും ചൂരും മരണത്തിന്റെ തണുപ്പും പേടിയും ഒരു പോലെ ചിത്രം പ്രേക്ഷകര്‍ക്ക് പകരുന്നു. 

സമീപകാലത്തൊന്നും ഒരു മലയാള സിനിമയ്ക്ക് കിട്ടാത്ത സ്വീകാര്യതയാണ് തമിഴ്‌നാട്ടില്‍ മഞ്ഞുമ്മല്‍ ബോയ്‌സിന് ലഭിക്കുന്നത്.  ആദ്യ ദിവസം  പ്രധാന നഗരങ്ങളില്‍ മാത്രം റിലീസ് ചെയ്ത ചിത്രമിന്ന് കൂടുതല്‍ തിയറ്ററുകളിലേക്ക് എത്തി കഴിഞ്ഞു. ഗുണാകേവും തമിഴ് പശ്ചാത്തലവുമൊക്കെ സിനിമയില്‍ എത്തിയതോടെ സാധാരണക്കാരും തിയറ്ററിലേക്ക് ഒഴുകിയെത്തി.

ബുക്ക്‌മൈ ഷോയില്‍ നിമിഷങ്ങള്‍ക്കുള്ളിലാണ് ടിക്കറ്റുകള്‍ വിറ്റു പോകുന്നത്.കമല്‍ഹാസനുമായി മഞ്ഞുമ്മല്‍ ബോയ്സ് ടീം നടത്തിയ കൂടിക്കാഴ്ചയും തമിഴ് യൂട്യൂബ് ചാനലുകള്‍ അടക്കം ചിത്രത്തിന് നല്‍കുന്ന പ്രമോഷനും ചിത്രത്തെ മികച്ച രീതിയില്‍ തുണയ്ക്കുന്നുണ്ട്. 

Manjummel Boys receives applauds from South India