‘അസാധാരണം മഞ്ഞുമ്മല്‍ ബോയ്സ്; ഹിന്ദിയില്‍ ഇതിന്‍റെ റീമേക്കേ സാധ്യമാകൂ’

ഭാഷയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറം ഒരു മലയാള സിനിമ ആഘോഷിക്കപ്പെടുന്ന സമയമാണിത്. 'മഞ്ഞുമ്മല്‍ ബോയ്സ്' എന്ന സര്‍വൈവല്‍ ത്രില്ലര്‍ ചിത്രം സിനിമാ ലോകത്തിന് പുത്തന്‍ ഉണര്‍വേകിയിരിക്കുന്നു. റിലീസ് ചെയ്​ത് വെറും 12 ദിവസങ്ങള്‍കൊണ്ട് 100 കോടിയാണ് ചിത്രം വാരിയത്. ഇതോടെ ബോക്സ് ഓഫീസില്‍ 100 കോടി തികയ്ക്കുന്ന നാലാമത്തെ മലയാളം ചിത്രമായി മഞ്ഞുമ്മല്‍ ബോയ്സ് മാറി. അതിവേഗം നൂറുകോടി നേടിയെന്ന പെരുമയും ചിത്രത്തിന് സ്വന്തമായി. 

പുലിമുരുഗന്‍, ലൂസിഫര്‍, 2018 എന്നീ ചിത്രങ്ങളാണ് ഇതിന് മുമ്പ് 100 കോടി നേടിയ മലയാളം ചിത്രങ്ങള്‍. ഇന്ത്യയിൽ നിന്നു മാത്രം 56 കോടിയാണ് മഞ്ഞുമ്മല്‍ ബോയ്​സ് സ്വന്തമാക്കിയത്. വിദേശത്തു നിന്നും നാൽപതുകോടിക്കു മുകളിൽ ലഭിച്ചു. തമിഴ്നാട്ടിൽ നിന്നുമാത്രം ചിത്രം വാരിയത് 15 കോടി രൂപയാണ്. ഇപ്പോഴിതാ മഞ്ഞുമ്മല്‍ ബോയ്സിനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ്.

‘അസാധാരണമായ ഒന്ന്’ എന്നാണ് അനുരാഗ് കശ്യപ് ചിത്രത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നത്. ‘ഇന്ത്യയില്‍ ബിഗ് ബജറ്റിലെത്തുന്ന ചിത്രങ്ങളെക്കാള്‍ എത്രയോ മികച്ചതാണ് മഞ്ഞുമ്മല്‍ ബോയ്സ്. ആത്മവിശ്വാസം തുളുമ്പുന്ന, അസാധ്യമായി കഥ പറഞ്ഞുപോകുന്ന രീതി. നിര്‍മാതാവിനെ എങ്ങനെ ഈ സിനിമയുടെ ആശയം പറഞ്ഞു മനസ്സിലാക്കാനായി എന്നതില്‍ അത്ഭുതം തോന്നുകയാണ്. ഇങ്ങനെയുള്ള ആശയങ്ങളുടെ റീമേക്ക് മാത്രമേ ഹിന്ദിയില്‍ സാധ്യമാകൂ. സമീപകാലത്തിറങ്ങിയ മൂന്ന് മലയാള ചിത്രങ്ങളെ മുന്‍നിര്‍ത്തി നോക്കിയാല്‍ ഹിന്ദി സിനിമകള്‍ ഒരുപാട് പിന്നിലാണ് സ്ഥാനം’ എന്നാണ് സിനിമ റിവ്യൂ ആപ്പായ ലെറ്റർബോക്സ്ഡിയിൽ അനുരാഗ് കശ്യപ് വ്യക്തമാക്കിയിരിക്കുന്നത്.

ജാന്‍ എ മനിന് ശേഷം ചിദംബരം സംവിധാനം ചെയ്​ത മഞ്ഞുമ്മല്‍ ബോയ്സ് യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുക്കിയത്. സൗബിൻ ഷാഹിര്‍, ശ്രീനാഥ് ഭാസി എന്നിവര്‍ക്ക് പുറമേ ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്‌മാൻ, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്‍ണൻ, ദീപക് പറമ്പോൽ, വിഷ്‍ണു രഘു, അരുൺ കുര്യൻ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് സുഷിൻ ശ്യാമാണ്.

Anurag Kashyap reviewed 'Manjummel Boys' on Letterboxd and called it an 'extraordinary piece'.