ഇപ്പോഴത്തെ ഏറ്റവും നല്ല കാര്യം മമ്മൂക്കയും അദ്ദേഹത്തിന്റെ സിനിമകളും: വിനയ് ഫോര്‍ട്ട്

മലയാള സിനിമയില്‍ അടുത്ത കാലത്ത് സംഭവിച്ച ഏറ്റവും നല്ല കാര്യം മമ്മൂട്ടിയും അദ്ദേഹത്തിന്‍റെ സിനിമകളുമാണെന്ന് നടന്‍ വിനയ് ഫോര്‍ട്ട്. മമ്മൂട്ടിയെപ്പോലൊരു മെഗാസ്റ്റാര്‍ ഇത്തരം സിനിമകള്‍ ചെയ്യുന്നത് തന്നെപ്പോലുളള സാധാരണക്കാര്‍ക്ക് വലിയ പ്രചോദനമാണെന്നും വിനയ് ഫോര്‍ട്ട് പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ, രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗത്തെ കുറിച്ച് സംസാരിക്കവെയാണ് അടുത്ത കാലത്തിറങ്ങിയ മമ്മൂട്ടി ചിത്രങ്ങളെക്കുറിച്ചും അദ്ദേഹത്തിന്‍റെ സിനിമാ പരീക്ഷണങ്ങളെക്കുറിച്ചും വിനയ് ഫോര്‍ട്ട് മനസുതുറന്നത്.

'ഈ അടുത്ത കാലത്ത് മലയാള സിനിമയില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യം മമ്മൂട്ടിയുടെ പരീക്ഷണങ്ങളാണ്. മമ്മൂക്ക ചെയ്യാവുന്നത് മുഴുവന്‍ ചെയ്തു കഴിഞ്ഞു. എന്നിട്ടും ഈ പ്രായത്തിലും അദ്ദേഹം പുതിയ തരം സിനിമകളും കഥാപാത്രങ്ങളും ചെയ്യുകയാണ്. ഇത് ചെയ്തു കഴിഞ്ഞാല്‍ എന്‍റെ ഇമേജിനെ എങ്ങനെ ബാധിക്കുമെന്ന് ചിന്തിപ്പിക്കുന്ന കഥാപാത്രങ്ങള്‍ പുളളി പുറംകാലിന് അടിച്ചോണ്ടിരിക്കുകയാണ്. മലയാള സിനിമയില്‍ അടുത്ത് നടന്ന ഏറ്റവും നല്ല കാര്യം മമ്മൂക്ക തിരഞ്ഞെടുക്കുന്ന സിനിമകളും ചെയ്യുന്ന കഥാപാത്രങ്ങളുമാണ്. 

എന്നെപ്പോലുളള സാധാരണക്കാക്ക് ഭയങ്കരമായിട്ട് പ്രചോദനം നല്‍കുന്ന കാര്യമാണത്. ഫാമിലി എന്ന ചിത്രത്തിന്‍റെ പ്രിവ്യൂ കഴിഞ്ഞ ശേഷം എന്നോട് പലരും ചോദിച്ചു, ഇത്രയും ഡാര്‍ക്ക് ആയിട്ടുളള വേഷം ചെയ്യാനുളള മോട്ടിവേഷന്‍ എന്തായിരുന്നു എന്ന്. ഞാന്‍ പറഞ്ഞു സാര്‍ ഞാന്‍ വര്‍ക്ക് ചെയ്യുന്നത് മലയാളം സിനിമാ ഇന്‍ഡ്സ്ട്രിയിലാണ്. നമ്മുടെ ഒക്കെ തലതൊട്ടപ്പൻ അല്ലെങ്കിൽ കാർന്നോര് എന്ന് പറയുന്ന ആള് ഇതിനെക്കാൾ നൂറ് മടങ്ങ് ചെയ്തു കഴിഞ്ഞു. ഒരു മെഗാ സ്റ്റാര്‍ ഒരു ജഡ്ജ്മെന്‍റിനെയും ഭയക്കാതെ പുറംകാലിന് അടിച്ചുകൊണ്ടിരിക്കുമ്പോള്‍ എന്നെപ്പോലൊരാള്‍ക്ക് എന്തും ചെയ്യാം ഇവിടെ'– എന്നായിരുന്നു വിനയ് ഫോര്‍ട്ട് പറഞ്ഞത്. 

ആട്ടം എന്ന സിനിമയ്ക്ക് ശേഷം തന്‍റെ ഏറ്റവും പുതിയ ചിത്രമായ ഫാമിലിയുടെ വിശേഷങ്ങള്‍ പങ്കുവയ്ക്കുകയായിരുന്നു വിനയ് ഫോര്‍ട്ട്.  റോട്ടർഡാം ഫിലിം ഫെസ്റ്റിവലിലായിരുന്നു ചിത്രത്തിന്റെ പ്രീമിയര്‍ നടന്നത്. സോഷ്യല്‍ ഡ്രാമ വിഭാ​ഗത്തില്‍ പെടുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഡോണ്‍ പാലത്തറയാണ്. ചിത്രം ഈ മാസം 23ന് ഫാമിലി തിയറ്ററുകളിലെത്തും.

Vinay Fort talks about Mammootty and his Film Experiments