കണ്ടു, ഇഷ്ടപ്പെട്ടു; ‘ആട്ടം’ ടീമിനെ വീട്ടിലേക്ക് വിളിച്ച് അഭിനന്ദിച്ച് മമ്മൂട്ടി

ആട്ടം സിനിമയിലെ അഭിനേതാക്കളേയും അണിയറ പ്രവര്‍ത്തകരേയും വീട്ടിലേക്ക് വിളിച്ച് അഭിനന്ദിച്ച് മമ്മൂട്ടി. നടന്‍ വിനയ് ഫോര്‍ട്ടാണ് ഇക്കാര്യം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്. ഇതെല്ലാം തങ്ങൾക്ക് സ്വപ്നം കാണാവുന്നതിലും അപ്പുറമാണെന്നും കൈ തന്നു നല്ല സിനിമയാണെന്നു മമ്മൂട്ടി പറഞ്ഞുവെന്നും വിനയ് ഫോര്‍ട്ട് കുറിച്ചു. 

'മമ്മൂക്ക, ഈ കരുതലിനും സ്നേഹത്തിനും ഞങ്ങൾക്ക് തീർത്താൽ തീരാത്ത നന്ദിയാണ്. ആട്ടം മമ്മൂക്ക കണ്ടു. ഒരുപാട് ഇഷ്ടപ്പെട്ടു. എല്ലാവരോടും വീട്ടിലേക്ക്‌ വരാൻ പറഞ്ഞു. ഓരോരുത്തരേയും നിറഞ്ഞ സന്തോഷത്തോടെ അഭിനന്ദിച്ചു. ഞങ്ങൾക്കൊപ്പം നിറഞ്ഞ ചിരിയോടെ വേണ്ടുവോളം ഫോട്ടോകൾ എടുത്തു. ഇതെല്ലാം ഞങ്ങൾക്കു സ്വപ്നം കാണാവുന്നതിലും അപ്പുറമാണ്. കൈ തന്ന് 'നല്ല സിനിമയാണ് ' എന്ന് സാക്ഷാൽ മമ്മൂക്ക പറഞ്ഞപ്പോൾ ഞങ്ങൾ വീണ്ടും ഓർത്തു- സുകൃതം.

ആട്ടം കാണാത്തവർ നിങ്ങളുടെ തൊട്ടടുത്ത തിയേറ്ററുകളിൽ കാണണം എന്ന് ഞങ്ങൾ എല്ലാവരും അതിയായി ആഗ്രഹിക്കുന്നു. മമ്മൂക്കയ്ക്ക് സിനിമ കാണാൻ കാര്യങ്ങൾ ഒരുക്കിയ ഷാജോൺ ചേട്ടന് ആയിരം ഉമ്മകൾ,' വിനയ് ഫോര്‍ട്ട് കുറിച്ചു. 

ഐഎഫ്എഫ്കെയിലെ മികച്ച അഭിപ്രായങ്ങള്‍ക്കു ശേഷം തിയേറ്റര്‍ റിലീസിലും മികച്ച പ്രതികരണമാണ് ആട്ടത്തിന് ലഭിച്ചത്. വിനയ് ഫോര്‍ട്ട് ഉള്‍പ്പെടെയുള്ള താരങ്ങളുടെ പ്രകടനത്തെ പ്രേക്ഷകര്‍ പ്രശംസിച്ചു. 

ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത ചിത്രം ജനുവരി അഞ്ചിനാണ് റിലീസ് ചെയ്തത്. വിനയ് ഫോർട്ടിന് പുറമേ സറിൻ ഷിഹാബ്, കലാഭവൻ ഷാജോൺ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയ് നിർമിക്കുന്ന നാലാമത്തെ ചിത്രമായ ‘ആട്ട’ത്തിന്റെ ഛായാഗ്രഹണം അനുരുദ്ധ് അനീഷാണു നിര്‍വഹിച്ചത്.

Mammootty called the Attam movie team home and congratulated them