700 കോടി കടന്ന് സലാര്‍; കലക്ഷനില്‍ ബാഹുബലി–2നൊപ്പം

Photo courtesy : @SalaarTheSaga / X (Twitter)

പ്രഭാസും പൃഥ്വിരാജും തകര്‍ത്തഭിനയിച്ച ‘സലാര്‍’ എഴുന്നൂറുകോടി ക്ലബില്‍. റിലീസ് ചെയ്ത് പത്തൊന്‍പതാം ദിവസമാണ് ‘സലാര്‍ :പാര്‍ട്ട് 1 - സീസ് ഫയറി’ന്റെ ആഗോള കലക്ഷന്‍ 700 കോടി കടന്നത്.  ഇതോടെ എഴുന്നൂറുകോടി ക്ലബില്‍ എത്തിയ മൂന്ന് സിനിമകളില്‍ നായകനായ ഏക ദക്ഷിണേന്ത്യന്‍ താരമായി പ്രഭാസ്. 1788.06 കോടി രൂപ കലക്ട് ചെയ്ത ബാഹുബലി 2 ആണ് പ്രഭാസിന്റെ ഏറ്റവും വലിയ പണംവാരി ചിത്രം. രണ്ട് ഭാഗങ്ങളുള്ള ‘സലാറി’ന്റെ റിലീസ് ദിവസത്തെ കലക്ഷന്‍ 176.52 കോടി രൂപയാണ്.

Photo courtesy : @SalaarTheSaga / X (Twitter)

പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത ‘സലാര്‍’ പൃഥ്വിരാജിന്റെയും താരമൂല്യം കുത്തനെ ഉയര്‍ത്തി. പ്രഭാസ് അവതരിപ്പിക്കുന്ന ദേവയുടെ ശത്രുവായി മാറുന്ന സുഹൃത്ത് വരദരാജ മന്നാരെയാണ് പൃഥ്വി അവതരിപ്പിക്കുന്നത്. സാങ്കല്‍പ്പിക നഗരമായ ഖന്‍സാറിലെ രാജകുമാരനാണ് വരദ. ശ്രുതി ഹാസന്‍, ജഗപതി ബാബു, ബോബി സിംഹ, ടിനു ആനന്ദ്, ഈശ്വരി റാവു, ശ്രിയ റെഡ്ഡി, രാമചന്ദ്രരാജു തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു. ചിത്രത്തിന്റെ രണ്ടാംഭാഗമായ  സലാര്‍ : പാര്‍ട്ട് 2 – ശൗര്യാംഗപര്‍വം അണിയറയില്‍ ഒരുങ്ങുകയാണ്.

Salaar joins Baahubali 2 in 700 crore club