സലാറില്‍ പ്രഭാസിന് 100 കോടി?; പൃഥ്വിരാജിനേക്കാള്‍ പ്രതിഫലം ശ്രുതി ഹാസന് ; റിപ്പോര്‍ട്ട്

ക്രിസ്മസ് റിലീസായി എത്തിയ സലാര്‍ റിലീസ് ദിവസം ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി 175 കോടി രൂപ നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. പ്രശാന്ത് നീലിന്റെ സംവിധാന ശൈലിക്കും താരങ്ങളുടെ മികച്ച പ്രകടനത്തിനും കയ്യടി ലഭിക്കുന്നു. ഇതിനിടയില്‍, സലാറില്‍ അഭിനയിച്ച താരങ്ങളുടെ പ്രതിഫല കണക്കുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. 

300-400 കോടിയാണ് സലാറിന്റെ ബജറ്റ് എന്നാണ് റിപ്പോര്‍ട്ട്. അതില്‍ ഭൂരിഭാഗവും താരങ്ങളുടെ പ്രതിഫലത്തിനാണ്. ന്യൂസ്18 റിപ്പോര്‍ട്ട് പ്രകാരം 100 കോടി രൂപയാണ് പ്രഭാസ് സലാറില്‍ അഭിനയിക്കാനായി വാങ്ങിയത്. ജഗപതി ബാബുവിന്റേയും പൃഥ്വിരാജിന്റേയും പ്രതിഫലം നാല് കോടി രൂപ വീതം. എട്ട് കോടിയാണ് ശ്രുതി ഹാസന്റെ പ്രതിഫലം. 

50 കോടിയാണ് സംവിധായകന്‍ പ്രശാന്ത് നീലിന് സലാറില്‍ നിന്ന് ലഭിച്ച പ്രതിഫലം. 100 കോടിക്ക് പുറമെ സലാറിന്റെ ബോക്സ് ഓഫീസ് വിജയത്തിന്റെ 10 ശതമാനവും പ്രഭാസിന് ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ശ്രിയ റെഡ്ഡി, ബോബി സിംഹ, ഈശ്വരി റാവു എന്നിവരും സലാറില്‍ എത്തുന്നു. രണ്ട് ഭാഗങ്ങളിലായാണ് സലാര്‍ വരുന്നത്.