ഒരാൾ 200 പേരെ ഇടിച്ചിടുന്നത് കണ്ട് കയ്യടിക്കുന്നു; 'ലിയോ' കണ്ടിട്ട് ഒന്നും തോന്നിയില്ല; സുരേഷ് കുമാര്‍

ലോകേഷ് കനകരാജിന്‍റെ സിനിമകൾ കാണുന്നതുപോലെ ഇന്നത്തെ തലമുറ മലയാള സിനിമ കാണുന്നില്ലെന്ന് സുരേഷ് കുമാര്‍. നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘സ്‍മ‍ൃതി സന്ധ്യ’യിൽ എൺപതുകളിലെ മലയാള സിനിമ' എന്ന വിഷയത്തിൽ സംസാരിക്കുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്‍റെ പരാമര്‍ശം. നിങ്ങൾ ലോകേഷ് കനകരാജിനേയും നെൽസനെയും ബാക്കിയുള്ളവരെയും ഒക്കെ ഫോളോ ചെയ്യുന്നുണ്ട്. അതുപോലെ നിങ്ങൾ മലയാള സിനിമയെ ഫോളോ ചെയ്യുന്നുണ്ടോ എന്നുള്ളത് സംശയമാണ് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

'രോമാഞ്ചം' എന്ന സിനിമ കണ്ട് യുവതലമുറ ചിരിക്കുന്നതുപോലെ തനിക്ക് ചിരി വന്നില്ല, ആ സിനിമ മോശമാണെന്നല്ല ഞാന്‍ പറയുന്നത്. എനിക്ക് ആ സിനിമ ആസ്വദിക്കാന്‍ പറ്റിയില്ല, നിങ്ങള്‍ക്ക് പറ്റി. കാരണം നിങ്ങളുടെയൊക്കെ മൈൻഡ് സെറ്റ് മാറി എന്നുള്ളതാണ് അതിന്‍റെ അർഥം. ഞാനൊരു പഴയ ആളാണ്. ഇപ്പോൾ കഥ കേൾക്കാൻ എനിക്ക് ആശയക്കുഴപ്പമാണ്. ആരെങ്കിലും  കഥ പറയാൻ എന്‍റെ അടുത്തു വന്നാൽ ഞാൻ എന്‍റെ മകളുടെ അടുത്ത് പറയും, നീ കൂടെ ഒന്ന് കേട്ട് നോക്കൂ എന്ന്. ഞാൻ വിലയിരുത്തുന്നത് തെറ്റാണോ എന്ന് എനിക്കറിയില്ല. അതുകൊണ്ടാണ് ഒരു മാറ്റം വേണമെന്ന് വിചാരിക്കുന്നത്. ലോകേഷിനെ  പോലെ പ്രഗൽഭരായ സംവിധായകർ ഇവിടെയുമുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തമിഴ് സിനിമയ്ക്ക് ഇവിടെ വലിയൊരു പ്രേക്ഷകരുണ്ട്. എന്നാല്‍ 'ലിയോ' എന്ന സിനിമ കണ്ടിട്ട് എനിക്ക് ഒന്നും തോന്നിയില്ല. അതിൽ ക്ലൈമാക്സിലെ ഫൈറ്റിൽ 200 പേരെ ഒരാൾ ഇടിച്ചിടുന്നുണ്ട്. അത്തരം സൂപ്പർ ഹ്യൂമൻ ആയിട്ടുള്ള ആളുകൾ ഉണ്ടോ? പക്ഷേ അതാണ് എല്ലാവർക്കും ഇഷ്ടമെന്നാണ് കയ്യടി കണ്ടിട്ട് എനിക്ക് മനസ്സിലായത്. നമുക്കൊന്നും അത് ദഹിക്കില്ല എന്നാണ് ഞാൻ പറഞ്ഞത്. നമ്മൾ തമ്മിൽ തലമുറകളുടെ ഒരു വ്യത്യാസം വരുന്നുണ്ട് എന്നും അദ്ദേഹം വേദിയില്‍ പറഞ്ഞു.