‘യഥാർഥ സൂപ്പർസ്റ്റാർ മമ്മൂട്ടി’; പ്രശംസിച്ച് ജ്യോതികയും സിദ്ധാര്‍ഥും: വൈറല്‍

kaathal-movie
SHARE

ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളോട് ഒപ്പവും താന്‍ അഭിനയിച്ചിട്ടുണ്ടെന്നും എന്നാല്‍ യഥാര്‍ഥ സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയാണെന്നും ജ്യോതിക. ഫിലിം കംപാനിയന്റെ 2023ലെ ‘ബെസ്റ്റ് പെര്‍ഫോമന്‍സ്’ റൗണ്ട് ടേബിളിൽ സംസാരിക്കവേയാണ് ജ്യോതിക മമ്മൂട്ടിയെക്കുറിച്ച് മനസ്സ് തുറന്നത്. കാതലിൽ മമ്മൂട്ടിയോടൊപ്പം അഭിനയിക്കാൻ അവസരം ലഭിച്ചതിനെക്കുറിച്ചും മമ്മൂട്ടിയുടെ അഭിനയമികവിനെക്കുറിച്ചും ജ്യോതിക പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ ദേശീയ തലത്തില്‍ ശ്രദ്ധ നേടുകയാണ്. ജ്യോതികയ്ക്കൊപ്പം പരിപാടിയില്‍ പങ്കെടുത്ത നടന്‍ സിദ്ധാര്‍ഥും മമ്മൂട്ടിയെ അഭിനന്ദിച്ച് സംസാരിച്ചു. കാതലിലെ മാത്യു ദേവസി എന്ന കഥാപാത്രം മമ്മൂട്ടി തിരഞ്ഞെടുത്തത് സ്വന്തം പ്രശസ്തിയും സ്റ്റാര്‍ഡവും അവഗണിച്ച് കൊണ്ടാണെന്ന് ജ്യോതിക പറഞ്ഞു. 

‘കാതല്‍ എന്ന ചിത്രത്തിന്‍റെ അവസാനഭാഗത്താണ് ഓമന എന്ന കഥാപാത്രം കുറച്ചെങ്കിലും സംസാരിക്കുന്നത്. സംഭാഷണങ്ങളെക്കാള്‍ നിശബ്ദതയ്ക്ക് കുറച്ചുകൂടി വൈകാരിക നിമിഷങ്ങളെ പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്ന് കാതലില്‍ നിന്നും പഠിച്ചു. മനോഹരമായ ചിത്രമാണ് കാതല്‍. ഭാര്യ ഭര്‍തൃ ബന്ധത്തിന്‍റെ ആഴവും പരപ്പും ഒരു തൊടലോ ചേര്‍ത്തുപിടിക്കലോ കൂടാതെ തന്നെ പ്രേക്ഷകരിലേയ്ക്ക് എത്തിക്കാന്‍ കാതലിന് സാധിച്ചു. ഭാര്യ കഥാപാത്രങ്ങള്‍ ഒട്ടെറെ ഞാന്‍ ചെയ്തിട്ടുണ്ടെങ്കിലും കാതലിലെ ഓമനയെപ്പോലൊരു കഥാപാത്രം ഇതാദ്യമാണ്. കാതലിന്‍റെ കഥ, അതെഴുതിയിരിക്കുന്ന രീതി തന്നെയാണ് ആ സിനിമയുടെ പ്രത്യേകതയെന്നും ജ്യോതിക പറഞ്ഞു. 

‘എനിക്കിത് പറയാതിരിക്കാനാവില്ല, ഞാന്‍ ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക സൂപ്പർതാരങ്ങളോടൊപ്പവും അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ യഥാർഥ സൂപ്പർസ്റ്റാർ മമ്മൂട്ടി തന്നെയാണ്. കാതലില്‍ അഭിനയിക്കാന്‍ പോയ സമയത്ത് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു. സര്‍, അങ്ങ് എങ്ങനെയാണ് ഇത്തരമൊരു കഥാപാത്രം തിരഞ്ഞെടുത്തതെന്ന്? അപ്പോള്‍ അദ്ദേഹം എന്നോട് തിരിച്ചൊരു ചോദ്യം ചോദിച്ചു. ആരാണ് യഥാര്‍ഥ നായകന്‍? യഥാര്‍ഥ നായകന്‍ ആക്ഷന്‍ ചെയ്യുകയോ, വില്ലനെ ഇടിച്ചുവീഴ്​ത്തുകയോ, റൊമാന്‍സ് ചെയ്യുകയോ മാത്രം ചെയ്യുന്ന ഒരാളാകരുത്. യഥാര്‍ഥ നായകന്‍ വ്യത്യസ്തമായ കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിവുളള ആളായിരിക്കണം. അദ്ദേഹത്തിന് നമ്മള്‍ കയ്യടി കൊടുത്തേ മതിയാകൂ. കാരണം ഈ കഥാപാത്രം വിജയിച്ചില്ലെങ്കില്‍ അദ്ദേഹത്തിന് നഷ്ടപ്പെടാന്‍ ഒരുപാടുണ്ടായിരുന്നു. കാരണം അത്രമാത്രം ഉയരത്തിലാണ് അദ്ദേഹമുളളതെന്നും ജ്യോതിക പറഞ്ഞു. 

ജ്യോതികയുടെ അഭിപ്രായത്തെ പൂര്‍ണമായും അംഗീകരിച്ചുകൊണ്ടായിരുന്നു സിദ്ധാര്‍ഥ് മമ്മൂട്ടിയെക്കുറിച്ച് സംസാരിച്ചുതുടങ്ങിയത്. കഴിഞ്ഞ രണ്ടുവര്‍ഷത്തെ മമ്മൂട്ടിയുടെ സിനിമാതിരഞ്ഞെടുപ്പും ഒരോ കഥാപാത്രത്തോടുളള അഭിനിവേഷവും അപാരമാണെന്നായിരുന്നു സിദ്ധാര്‍ഥിന്റെ വാക്കുകള്‍. "മമ്മൂട്ടിയുടെ കഴിഞ്ഞ രണ്ടു വർഷത്തെ സിനിമാ തിരഞ്ഞെടുപ്പുകൾ ശരിക്കും അവിശ്വസനീയമാണ്. യാതൊരു ഈഗോയുമില്ലാതെ ഏതുകഥാപാത്രത്തെയും ഏറ്റെടുക്കാനുളള അദ്ദേഹത്തിന്‍റെ മനസ്സിനെ അഭിനന്ദിച്ചേ മതിയാകൂ. 'നൻപകൽ നേരത്ത് മയക്കം', 'കാതൽ' തുടങ്ങിയ ചിത്രങ്ങള്‍ ഈയൊരു പ്രായത്തിലും ചെയ്യാന്‍ കാണിച്ച ധൈര്യം അപാരമാണ്. പുതിയ കഥാപാത്രങ്ങളോട് അദ്ദേഹം പുലര്‍ത്തുന്ന കൗതുകം താരതമ്യപ്പെടുത്താന്‍ പോലും സാധിക്കാത്തതാണെന്നും" സിദ്ധാര്‍ഥ് പറയുന്നു.

കരീന കപൂര്‍, ബോബി ഡിയോള്‍, വിക്രാന്ത് മാസി തുടങ്ങി പ്രമുഖര്‍ അണിനിരന്ന ചര്‍ച്ചയിലാണ് വാക്കുകള്‍.

Jyothika and Siddharth talks about Actor Mammootty

MORE IN ENTERTAINMENT
SHOW MORE