ഇത് അധികാരപ്പാരാട്ടം’; തിളങ്ങി പൃഥ്വി; ത്രസിപ്പിച്ച് 'സലാര്‍' ട്രെയിലര്‍

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രം 'സലാറി'ന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. കെജിഎഫ് എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാര്‍. ഡാര്‍ക്ക് സെന്‍​റിക് തീമില്‍ ഒരുങ്ങുന്ന ആദ്യ ഇന്ത്യന്‍ ചിത്രമെന്ന പ്രത്യേകതയും സലാറിനുണ്ട്. ചിത്രത്തിന്‍റെ ആദ്യ ഭാഗമാണ് സലാര്‍ പാര്‍ട്ട് വണ്‍ ദി സീസ് ഫയര്‍ എന്ന പേരില്‍ ഇറങ്ങുന്നത്. 

തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ പ്രഭാസ് ആണ് സലാറില്‍ നായകന്‍.  പൃഥ്വിരാജും ചിത്രത്തില്‍ കേന്ദ്രകഥാപാത്രമായി എത്തുന്നു എന്നതും ആകാംക്ഷ വര്‍ദ്ധിപ്പിക്കുന്നു. തികച്ചും വ്യത്യസ്തമായ ദൃശ്യാനുഭവമാണ് സലാര്‍ പ്രേക്ഷകര്‍ക്കായി ഒരുക്കുന്നത് എന്നത് ട്രെയിലറില്‍ നിന്നും വ്യക്തമാണ്. ഡാര്‍ക്ക് തീമിലുളള ചിത്രമായതിനാല്‍ കെജിഎഫുമായി സാമ്യം തോന്നുമെങ്കിലും കെജിഎഫുമായി സലാറിന് ബന്ധമില്ലെന്ന് സംവിധായകന്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. 

വലിയൊരു സാമ്രാജ്യത്തിന്‍റേയും അധികാരമോഹത്തിന്‍റെയും രണ്ട് സുഹൃത്തുക്കളുടെയും കഥ പറയുന്ന ചിത്രത്തില്‍ വർദ്ധരാജ മാന്നാറായി എത്തുന്നത് പൃഥിരാജ് ആണ്. ദേവ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് അവതരിപ്പിക്കുന്നത്. ഇതുവരെ കാണാത്ത വ്യത്യസ്ത രൂപത്തിലും ഭാവത്തിലും  എത്തുന്ന പൃഥ്വിരാജ് സലാറിന്‍ നായകനോ പ്രതിനാകനോ എന്ന സൂചന ട്രെയിലര്‍ നല്‍കുന്നില്ല. ഖാൻസാർ സാമ്രാജ്യത്തിന്‍റെ അധികാര കസേരയ്ക്ക് വേണ്ടിയുളള പോരാട്ടം പ്രേക്ഷകന് സമ്മാനിക്കാന്‍ പോകുന്നത് ത്രസിപ്പിക്കുന്ന ദൃശ്യാനുഭവമായിരിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. 

ഹോംബാലേ ഫിലിംസിന്‍റെ ബാനറില്‍ വിജയ് കിരഗണ്ടൂരാണ് സലാര്‍ നിര്‍മിച്ചിരിക്കുന്നത്. പ്രശാന്ത് നീലാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിച്ചിരിക്കുന്നത്. പ്രഭാസ്–പൃഥ്വിരാജ് കോംബോയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ ശ്രുതി ഹാസൻ, ജഗപതി ബാബു, ബോബി സിംഹ എന്നിവരും പ്രധാനവേഷത്തില്‍ എത്തുന്നു. തെലുങ്കിന് പുറമെ സലാര്‍ മലയാളം. തമിഴ്, ഹിന്ദി, കന്നട എന്നീ ഭാഷകളിലും റിലീസ് ചെയ്യുന്നുണ്ട്. കേരളത്തിലെ തീയേറ്ററുകളിൽ സലാര്‍ എത്തിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ്. ഡിസംബര്‍ 22ന് ചിത്രം തിയറ്ററുകളില്‍ എത്തും.

Salaar trailer out now