ആകാംക്ഷ നിറച്ച് വിക്രത്തിന്‍റെ ‘ചിയാന്‍ ‍62’; പ്രഖ്യാപന വിഡിയോ പുറത്ത്

സോഷ്യല്‍ മീഡിയയില്‍ തരംഗമായി ‘ചിയാന്‍ ‍62’ അനൗണ്‍സ്മെന്‍റ് വിഡിയോ. തെന്നിന്ത്യന്‍ സൂപ്പര്‍ താരം വിക്രത്തിന്‍റെ  62–ാമത്തെ ചിത്രത്തിന്‍റെ അനൗണ്‍സ്മെന്‍റ് വിഡിയോ ഒറ്റ ദിവസം കൊണ്ട് ട്രെന്‍‍ഡിങ് ലിസ്റ്റില്‍ ഇടം നേടിക്കഴിഞ്ഞു. 18 ലക്ഷത്തിലധികം ആളുകളാണ് ട്രെയിലറിന് സമാനമായ വിഡിയോ ഇതിനോടകം കണ്ടുകഴിഞ്ഞത്.

സേതുപതി, ചിത്ത, സിന്ദുബാദ്, പന്നൈയാരും പത്മിനിയും തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകന്‍ എസ്.യു.അരുൺ കുമാറാണ് സംവിധായകന്‍. പ്രമുഖ നിര്‍മാതാക്കളായ എച്ച് ആര്‍ പിക്ചേഴ്സിനുവേണ്ടി റിയ ഷിബുവാണ് ചിത്രം നിര്‍മിക്കുന്നത്. ചിയാന്‍ ‍62 തികച്ചും ഒരു ആക്ഷന്‍ ചിത്രമായിരിക്കുമെന്നാണ് അനൗണ്‍സ്മെന്‍റ് വിഡിയോ നല്‍കുന്ന സൂചന. ചാപ്റ്റര്‍ വണ്‍ എന്ന് അനൗണ്‍സ്മെന്‍റ് വിഡിയോയില്‍ സൂചിപ്പിക്കുന്നത് ചിത്രത്തിന്‍റെ ത്രില്ലര്‍ സ്വഭാവത്തെയും എടുത്തുകാണിക്കുന്നു. വിക്രത്തിനൊപ്പം മികച്ച താരനിര ചിത്രത്തില്‍ അണിനിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. എന്നാല്‍ സിനിമയുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങളൊന്നും സംവിധായകനും അണിയറപ്രവര്‍ത്തകരും പുറത്തുവിട്ടിട്ടില്ല.

ജി.വി.പ്രകാശാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ചിയാന് ‍62ന്‍റെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. തങ്കലാന്‍, ധ്രുവനച്ചത്തിരം എന്നിവയാണ് വിക്രത്തിന്‍റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രങ്ങള്‍.

Chiyaan 62 announcement video out now