‘സംഗീതമില്ലെങ്കില്‍ ഞാന്‍ ഇല്ല; പാട്ടിന്‍റെ കാര്യത്തില്‍ എനിക്ക് അരവട്ടുണ്ട്'; സ്റ്റീഫൻ ദേവസ്സി

വേദികളിലെ വിസ്മയിപ്പിക്കുന്ന സംഗീത മാന്ത്രികനപ്പുറം കൊച്ചുവര്‍ത്തമാനങ്ങളും വിശേഷങ്ങളുമായി മഴവില്‍ എന്റെർറ്റൈൻമെന്‍റ്സ് അവാര്‍ഡ്സ് 2023ന്‍റെ റിഹേഴ്സല്‍ ക്യാംപില്‍ സ്റ്റീഫൻ ദേവസ്സി.  അമ്മ മഴവില്‍ ഷോയില്‍ രണ്ടാം തവണയാണ് സ്റ്റീഫൻ ദേവസ്സി എത്തുന്നത്. 'വളരെ ത്രില്ലിലാണ് ഇത്തവണയും. ലാലേട്ടനൊപ്പവും വേദിയില്‍ എത്തുന്നുണ്ട്. ലാലേട്ടനൊപ്പം ഒരുപാട് ഷോ ചെയ്തു. അദ്ദേഹത്തിനൊപ്പം വര്‍ക്ക് ചെയ്യാന്‍ യാതൊരു ടെന്‍ഷനും ഇല്ല. ലാലേട്ടന്‍റെ എനര്‍ജി വളരെ പോസിറ്റീവ് ആണ്’ അദ്ദേഹം പറയുന്നു.

'റീടെയ്ക്കുകള്‍ ഇല്ലാതെ ജീവിക്കാനാണ് തനിക്ക് ഇഷ്ടം. സ്റ്റേജ് ഷോകളില്‍ റീടെയ്ക്ക് ഇല്ലല്ലോ അതുകൊണ്ട് സ്റ്റേജ് ഷോയാണ് കൂടുതല്‍ ഇഷ്ടം'. സ്റ്റേജ് ഷോകളില്‍ മാത്രമല്ല സിനിമകളിലും സജീവമാണ് അദ്ദേഹം. തെലുങ്ക് സിനിമയില്‍ അടുത്തിടെ സംഗീതം ചെയ്തു, ഹിന്ദി ചിത്രത്തിന് സംഗീതം ചെയ്യാന്‍ തയാറെടുക്കുകയുമാണ്.  കയ്യിലുള്ള കീബോര്‍ഡിന്‍റെ എണ്ണത്തില്‍ മാത്ര കൃത്യമായൊരു കണക്ക് പറയാനാവില്ലെന്നും സ്റ്റീഫന്‍ പറയുന്നു. ‘ഒരുപാട് കീബോര്‍ഡുകള്‍ കയ്യിലുണ്ട് . ആദ്യം കിട്ടിയ ചെറിയ കീബോര്‍ഡ് ഇപ്പോഴും സുക്ഷിച്ചിട്ടുണ്ട്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

സംഗീതമാണ് എല്ലാം. മൂഡ് തെറാപ്പിയും സംഗീതം തന്നെയാണ്. തന്‍റെ ജീവിതം നിലനിര്‍ത്തുന്നത് തന്നെ പാട്ടാണെന്നും അദ്ദേഹം പറയുന്നു. പാട്ടിന്‍റെ കാര്യത്തില്‍ എനിക്ക് അരവട്ട് ഉണ്ടെന്ന് വീട്ടുകാര്‍ക്ക് അറിയാം. പാട്ടുമായി ഒന്നിച്ച് ചേരമ്പോള്‍ എല്ലാ പ്രശ്നങ്ങളും മറക്കും. മ്യൂസിക് തെറാപ്പി സത്യമാണെന്നും അത് പരശീലിക്കുന്നവര്‍ക്ക് ഗുണം അനുഭവിച്ചറിയാമെന്നും താരം. 

ഇനി വരുന്ന കാലം ഇന്‍ഡിപെന്‍ഡന്‍റ് മ്യൂസികിന്‍റേതാണ്. ഒടിടി പോലയാണത്. തനിക്ക് സിനിമകളില്‍ അഭിനയിക്കാതെ തന്നെ താര പരിവേഷം കിട്ടിയത് ഇന്‍ഡിപെന്‍ഡന്‍റ് മ്യൂസിക് കാരണമാണെന്നും സ്റ്റീഫന്‍ പറയുന്നു.  ഇന്‍ഡിപെന്‍‍ഡന്‍റ് മ്യൂസിക്കിന് എന്നും വാല്യു ഉണ്ട്. ഇപ്പോള്‍ ഒറ്റ പാട്ടില്‍ വൈറലാവാം. സമൂഹ  മാധ്യമങ്ങളും വലിയ പങ്കുവഹിക്കുന്നുണ്ട് എന്ന അഭിപ്രായവും അദ്ദേഹം പങ്കുവെയ്ക്കുന്നു. 

‘സോളിഡ്’ എന്ന പേരിലുള്ള തന്‍റെ മ്യൂസിക് ബാന്‍ഡിനൊപ്പമാണ് ഇത്തവണ അമ്മ ഷോയിലെയും പെര്‍ഫോമന്‍സ്. 2000 വേദികളില്‍ പരിപാടികള്‍ അവതരിപ്പിച്ച ബാന്‍ഡാണ്. എ.ആര്‍ റഹ്മാന്‍റെ കൂടെയും അവസരം ലഭിച്ചു. അത് വലിയ അനുഭവമായിരുന്നു എന്നും താരം പറയുന്നു.

ധോണിയുമായുള്ള മുഖ സാദൃശ്യം ഒരുപാട് പേര് പറയും. എയര്‍പോട്ടില്‍ തൊപ്പിവച്ച തന്നെ കണ്ട് ധോണി ആണെന്ന് കരുതി വന്നവരുണ്ട്. കീബോര്‍ഡ് കണ്ട് ബാറ്റ് ആണെന്നും കരുതും അദ്ദേഹം പറയുന്നു. മനോരമയും താരസംഘടനയായ അമ്മയും സംയുക്തമായി നടത്തുന്ന മഴവില്‍ എന്റെർറ്റൈൻമെന്‍റ്സ് അവാര്‍ഡ്സ് 2023ന്‍റെ റിഹേഴ്സല്‍ ക്യാംപിലാണ് താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.