ബഷീറായി ടൊവിനോ, ഭാർഗവിയായി റിമ; നീലവെളിച്ചം നാളെ തിയറ്ററുകളിലേക്ക്

നാരദന് ശേഷം ആഷിക് അബു സംവിധാനം ചെയ്യുന്ന പുതിയ ചിത്രം നീലവെളിച്ചം നാളെ തിയറ്ററുകളിലെത്തും. വൈക്കം മു‌ഹമ്മദ് ബഷീറിന്‍റെ നീലവെളിച്ചം എന്ന കഥയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രത്തില്‍ ടൊവിനോ തോമസ്, റിമ കല്ലിങ്കല്‍, റോഷന്‍ മാത്യൂ തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തുന്നത്. ഒ.പി.എം സിനിമാസാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

1964 ല്‍ പുറത്തിറങ്ങിയ മലയാളത്തിലെ ആദ്യ  പ്രേതചിത്രമായ ' ഭാര്‍ഗവി നിലയത്തിന്‍റെ 'പുനരാവിഷ്കാരമാണ് നീലവെളിച്ചം. അഞ്ചു പതിറ്റാണ്ടുകള്‍ക്കിപ്പുറം ഭാര്‍ഗവി നിലയത്തെ പുത്തന്‍ ഭാവങ്ങളോടെ വെള്ളിത്തിരയിലെത്തിക്കുകയാണ് ആഷിക് അബു. കഥകളുടെ സുല്‍ത്താനായ ബഷീറിനെയാണ് ടൊവിനോ ചിത്രത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.ബഷീറായി രൂപാന്തരപ്പെട്ട ടൊവിനോയുടെ ദൃശ്യങ്ങള്‍ ഇതിനോടകം തന്നെ സാമൂഹികമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. റിമ കല്ലിങ്കല്‍ ആണ് ചിത്രത്തില്‍ ഭാര്‍ഗവിയായി വേഷമിടുന്നത്. പ്രേത ബാധയ്ക്ക് കുപ്രസിദ്ധമായ വീട്ടില്‍ താമസിക്കാനെത്തുന്ന എഴുത്തുകാരനും അവിടെയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന പ്രേതവും തമ്മില്‍ രൂപപ്പെടുന്ന ആത്മ ബന്ധത്തിന്‍റെ കഥയാണ് നീലവെളിച്ചം. 

Neelavelicham hits theaters tomorrow