ഉത്തർപ്രദേശിൽ കണ്ടെത്തിയത് അപൂർവ മാൻകുട്ടിയെ;അദ്ഭുതമായി വെള്ള മാൻ

white-deer
SHARE

ദേഹമാകെ ഇടതൂർന്ന വെളുത്ത രോമങ്ങളുള്ള ഒരു മാൻകുട്ടിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ നേടുന്നത്. തവിട്ടു നിറത്തിൽ വെളുത്ത പുള്ളികളോട് കൂടിയ മാനുകളിൽ നിന്നും തികച്ചും വ്യത്യസ്തമായാണ് ഈ മാൻകുട്ടി കാണപ്പെടുന്നത്. ഒറ്റയ്ക്കാണ് കാണുന്നതെങ്കിൽ ഇതൊരു മാനാണോ എന്നുപോലും സംശയിച്ചു പോയേക്കാം. ഉത്തർപ്രദേശിലെ കറ്റാർണിയ ഘട്ട് വന്യജീവി സങ്കേതത്തിലാണ് മാൻകുട്ടിയുള്ളത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസറായ പർവീൺ കസ്വാനാണ് ആൽബിനോ മാനിന്റെ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.

ഇത്തരത്തിൽ ഒന്നിനെ കണ്ടെത്തുന്നത് അപൂർവങ്ങളിൽ അപൂർവമായതിനാൽ ചിത്രങ്ങൾ വേഗം ജനശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. പ്രായപൂർത്തിയെത്തിയ മറ്റൊരു മാനിന് ഒപ്പമാണ് ആൽബിനോ മാൻകുട്ടിയുടെ നടത്തം. ജനതരപരമായ വ്യതിയാനങ്ങൾ കൊണ്ടാണ് മാൻ കുട്ടിയുടെ രോമങ്ങളെല്ലാം വെളുത്ത നിറത്തിൽ കാണപ്പെടുന്നത്. കാഴ്ചയിൽ വ്യത്യസ്തത ഉണ്ടെങ്കിലും ഇത്തരത്തിൽ കൂട്ടത്തിൽ നിന്നും വേറിട്ട് നിൽക്കുന്ന ജീവജാലങ്ങൾക്ക് അതിജീവനം ക്ലേശകരമായിരിക്കും.

മെലാനിന്റെ പ്രവർത്തന തകരാറുമൂലമാണ് ഇവയുടെ രോമങ്ങൾക്ക് നിറം ലഭിക്കാത്തത്. ഇണയെ കണ്ടെത്തുന്നത് ഇവയെ സംബന്ധിച്ചിടത്തോളം ഏറെ പ്രയാസമുള്ള കാര്യമാണ്. ഇത്തരത്തിൽ അപൂർവതകളുള്ള ജീവികൾ വേഗത്തിൽ ഇല്ലാതാവുകയാണ് പതിവെന്ന അടിക്കുറിപ്പോടെയാണ് പർവീൺ കസ്വാൻ ചിത്രങ്ങൾ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. തൻറെ വർഗത്തിൽപെട്ട മറ്റു ജീവികളുടെ രീതികൾ അവലംബിക്കുമെങ്കിലും ഇരപിടിയന്മാരിൽ നിന്നും സ്വാഭാവികമായി ഒളിച്ചിരിക്കാൻ ഇവയ്ക്കാവില്ല. ഇതുമൂലം  മറ്റു ജീവികൾ ഇവയെ വേഗത്തിൽ ആക്രമിക്കുകയും ഇരയാക്കുകയും ചെയ്യും.

തികച്ചും വ്യത്യസ്തമായ രീതിയിൽ ഒരു മാനിനെ കണ്ടതിന്റെ അദ്ഭുതത്തിലാണ് ആളുകൾ പോസ്റ്റിന് പ്രതികരണങ്ങൾ അറിയിക്കുന്നത്. പ്രകൃതിയിലെ വൈവിധ്യങ്ങൾ മനുഷ്യന്റെ സങ്കൽപത്തിനും അപ്പുറമാണെന്ന് ഒരാൾ കമന്റ് ബോക്സിൽ കുറിക്കുന്നു. അതേസമയം കൂട്ടത്തിലുള്ളവയെക്കാൾ കൂടുതൽ സംരക്ഷണം അതിന് വേണ്ടിവരുമെന്ന് ആശങ്ക പങ്കുവയ്ക്കുന്നവരും ഏറെയാണ്. മാൻകുട്ടിയുടെ സംരക്ഷണത്തിനായി പ്രത്യേകം നിരീക്ഷണ സംവിധാനങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നവരും കുറവല്ല.

MORE IN ENTERTAINMENT
SHOW MORE