ആദ്യം ‘ആര്യ’; പിന്നെ അല്ലു; ഇന്ന് മല്ലു; 20 തികയുന്ന അര്‍ജുന്‍

പ്ലസ്ടു 92 ശതമാനം മാര്‍ക്കോടെ അവള്‍ വിജയിച്ചു. നഴ്സ് ആകണമെന്നായിരുന്നു മോഹം. പക്ഷേ സാമ്പത്തികം തടസ്സമായി. സഹായം തേടി ആ വിദ്യാര്‍ഥിനിയും കുടുംബവും കലക്ടറെ കാണാന്‍ പോയി. പഠിക്കണമെന്ന അവളുടെ മോഹവും ജീവിതത്തില്‍ വിജയിക്കണമെന്ന അതിയായ ആഗ്രഹവും കേട്ട കലക്ടര്‍ വിആർ കൃഷ്ണ തേജ തന്റെ ചങ്ങാതിയെ ഫോണില്‍ വിളിച്ചു കാര്യം പറഞ്ഞു. അവളുടെ ഒരുവർഷത്തെ പഠനച്ചെലവെങ്കിലും വഹിക്കാമോ എന്നായിരുന്നു ചോദ്യം. എന്തിന് നൻപാ ഒരുവർഷം. അവളുടെ നാലുവര്‍ഷത്തെ ഹോസ്റ്റൽ ഫീസ് അടക്കമുള്ള എല്ലാ ചെലവും ഏറ്റെടുത്തോളാമെന്ന് ആ ചങ്ങാതിയുടെ മറുപടി. മുൻപ് ആലപ്പുഴയില്‍ പ്രളയത്തില്‍ തകര്‍ന്ന പത്ത് അങ്കന്‍വാടികള്‍ പുനര്‍നിര്‍മിക്കാന്‍ തന്റെ സിനിമയുടെ ലാഭത്തില്‍ നിന്നും  21 ലക്ഷം രൂപ നല്‍കിയ ആ ചങ്ങാതിയുടെ മനസ്സ്, മനസ്സിൽ കണ്ടായിരുന്നു കലക്ടറുടെ ഈ ഫോൺകോൾ. പഠനത്തില്‍ താന്‍ ഏറ്റവും മോശം വിദ്യാര്‍ഥിയായിരുന്നെന്ന് പരസ്യമായി പലതവണ പറഞ്ഞ ഈ നടന്‍ ഇങ്ങനെ കൈപിടിച്ച ജീവിതങ്ങളേറെയാണ്. നീയുണ്ടെങ്കില്‍ ഉണരും സ്വപ്നം, നീയുണ്ടെങ്കില്‍ സ്നേഹം സത്യം. നീ ചേരുന്നൊരു രാപ്പകല്‍ ആകെ മോഹനസംഗീതം. ശ്വാസം പോലും നീയാകുന്നു. ആശ്വാസം നിന്‍ െമാഴിയാകുന്നു.. മലയാളി ഇങ്ങനെ ഈ നടനെ നോക്കി പാടാൻ തുടങ്ങിയിട്ട്  20 ആണ്ടാകുന്നു. തഗ്ഗെ ദെലാ.. അല്ലു അര്‍ജുന്‍.

‘തഗ്ഗെദെ ലാ’ എന്നുപറഞ്ഞാല്‍  ‘കുതിച്ചു കയറും’ എന്നാണ് അര്‍ഥം. ബോക്സോഫീസില്‍‍, ആരാധകരുടെ മനസ്സില്‍, നടപ്പ് കൊണ്ട്, ഡാന്‍സ് കൊണ്ട്, വിനയം െകാണ്ട്, എളിമ െകാണ്ട്, സംസാരരീതി െകാണ്ട്, ആ മനസ്സ് െകാണ്ട് അല്ലു അര്‍ജുന്‍ എന്ന തെലുങ്ക് നടന്‍ മലയാളി കൂടിയായിട്ട് രണ്ട് പതിറ്റാണ്ടാകുന്നു. പ്രായഭേദമന്യേ മലയാളികളോട് ഒരുതെലുങ്ക് നടന്റെ പേര് പറയാന്‍ ഏത് ഉറക്കത്തില്‍ വിളിച്ചുചോദിച്ചാലും  ഉറപ്പായും പറയും അല്ലു അര്‍ജുനെന്ന്. അത്രമാത്രം ചേര്‍ന്നൊഴുകിയ രണ്ട് പതിറ്റാണ്ടുകളില്‍ ഈ നടന്‍ സമ്മാനിച്ചത് സിനിമ കണ്ടിറങ്ങുമ്പോള്‍ കിട്ടുന്ന സന്തോഷം മാത്രമല്ല. വീഴുമ്പോള്‍, കിതയ്ക്കുമ്പോള്‍ പോറ്റമ്മയെ ചേര്‍ത്തുപിടിക്കുന്ന പോലെ മലയാളം എന്ന പോറ്റമ്മയെയും ചേര്‍ത്തുപിടിച്ചത് െകാണ്ട് കൂടിയാണ്. 300 കോടി ക്ലബ്ബും കടന്ന് പുഷ്പ കുതിച്ചപ്പോള്‍ ആ ആവേശത്തിനൊപ്പം കുട പിടിച്ചു കേരളവും. പാന്‍ ഇന്ത്യനിലേക്ക് നീ നടക്ക് മല്ലൂ എന്ന് പറഞ്ഞു ഒപ്പം കൂടി. ആ സ്നേഹത്തിന്റെ പലഭാഷകളില്‍ അയാള്‍ നന്ദി പറഞ്ഞിട്ടുണ്ട്. തെലുങ്കരെ പോലെ എന്നെ സ്നേഹിക്കുന്നവരാണ് മലയാളികള്‍ എന്ന് അല്ലു പറയുമ്പോള്‍ ആ അഭിമാനം അദ്ദേഹത്തെ കണ്ട് കണ്ട് വലുതാക്കിയ ഇഷ്ടക്കാര്‍ക്ക് പറഞ്ഞ് അറിയിക്കാന്‍ കഴിയാത്ത സന്തോഷമാണ്. മൊഴിമാറ്റ ചിത്രങ്ങളും, അന്യഭാഷാ നടന്‍മാരും കേരളത്തില്‍ വന്ന് പേരുപിടിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് തെന്നിന്ത്യയ്ക്ക് നന്നായി അറിയാം. എന്നാല്‍ അല്ലു അര്‍ജുന് അത് നിഷ്പ്രയാസം സാധിച്ചു. അദ്ദേഹത്തെ അടിമുടി ഇഷ്ടപ്പെട്ടുപ്പോയി എന്നല്ലാതെ മറ്റ് എന്ത് ഉത്തരം. ആ സ്നേഹം മല്ലു അര്‍ജുന് കേരളത്തോടുമുണ്ട്. തന്റെ എല്ലാ ചിത്രങ്ങളുടെയും കുറച്ചുഭാഗമെങ്കിലും കേരളത്തിലും ചിത്രീകരിക്കാന്‍ അദ്ദേഹം ശ്രമിക്കാറുണ്ട്.

ഈ വര്‍ഷം അല്ലു അര്‍ജുന്റെ സിനിമാജീവിതത്തിന്റെ 20–ാം വര്‍ഷികമാണെന്ന് കേള്‍ക്കുമ്പോള്‍ മൂക്കത്ത് വിരല്‍ വച്ചുപോകും. ആര്യ നമുക്ക് ഇന്നലെ കണ്ട ഫീലാണ് എന്നതാണ് സത്യം. സിനിമാ നടനാകാന്‍ വേണ്ടി മാത്രം ജനിച്ചവന്‍ എന്നുവേണമെങ്കിലും അല്ലുവിനെ പറയാം. 2003ല്‍ തന്റെ 19–ാം വയസ്സില്‍ ഗംഗോത്രി എന്ന സിനിമയിലൂടെ നായകനായി തന്നെ അരങ്ങേറ്റം ഗംഭീരമാക്കി. പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. െതാട്ടതെല്ലാം പൊന്നാക്കി. 2004ല്‍ ആര്യ, 2005 ബണ്ണി, 2006 ഹാപ്പി, 2007ല്‍ ദേശമുദ്രു, 2008ല്‍ പരുഗു..  അങ്ങനെ വര്‍ഷാവര്‍ഷം മെഗാഹിറ്റുകള്‍ മാത്രം ചെയ്ത് തെന്നിന്ത്യ വാണ രാജകുമാരന്‍. മുത്തച്ഛനെയും അച്ഛനെയും അമ്മാവന്‍മാരെയും കടത്തിവെട്ടുന്ന വളര്‍ച്ചയെന്ന് അല്ലുവിന്റെ പോയ വര്‍ഷങ്ങളെ നോക്കി തെന്നിന്ത്യ വാഴ്ത്തി.

തെലുങ്കിലെയും ഹിന്ദിയിലെയും പ്രമുഖ നിർമാതാവായ അല്ലു അരവിന്ദിന്റെ മകനായി ജനനം. തെലുങ്കില്‍ ആയിരത്തിലേറെ സിനിമകള്‍ ചെയ്തിട്ടുള്ള പ്രശസ്‌ത ഹാസ്യതാരമായിരുന്ന പത്മശ്രീ അല്ലു രാമലിംഗത്തിന്റെ കൊച്ചുമകൻ. സൂപ്പർതാരങ്ങളായ ചിരഞ്‌ജീവിയും പവൻ കല്യാണും അമ്മാവന്മാർ. ഇതിനപ്പുറമൊരു പാരമ്പര്യം അവകാശപ്പെടാന്‍ കഴിയുന്ന മറ്റാരുണ്ട് ഇന്ന് തെന്നിന്ത്യയില്‍. ചിരഞ്‌ജീവി ചിത്രമായ ഡാഡിയിലെ അതിഥി വേഷത്തിലൂടെ 2001ല്‍ അല്ലു ക്യാമറയക്ക് മുന്നിലെത്തി. അതും ഡാന്‍സേഴ്സില്‍ ഒരാളായി. അന്നു മുതല്‍ ഇന്നുവരെ അല്ലുവിന്റെ ഡാന്‍സ് കണ്ണെടുക്കാതെ നോക്കിയിരുന്നു പലഭാഷയിലെ പ്രേക്ഷകര്‍.

നല്ല നടനായി പേരെടുക്കണോ, ജനങ്ങളുടെ താരമാകണോ എന്ന് ചോദിച്ചാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ അല്ലു പറയും. താരമായാല്‍ മതി. കാശുെകാടുത്ത് എന്റെ സിനിമയ്ക്ക് വരുന്ന ഒരാളെയും ബോറടിപ്പിക്കാതെ പിടിച്ചിരുത്തണം. എന്നെ വിശ്വസിച്ച് പണം മുടക്കുന്നവര്‍ക്ക് അതിലിരട്ടിയായി തിരിച്ചുകിട്ടണം. ആ വലിയ മുടക്കുമുതലിനെക്കുറിച്ച് നല്ല ബോധ്യമുള്ളതുകൊണ്ടുതന്നെ അതിനായി എന്തു ത്യാഗവും അല്ലു സഹിക്കും. അവിടെ തന്റെ പാരമ്പര്യവും സ്റ്റാര്‍ഡവുമെല്ലാം ഈ നടന്‍ മാറ്റി വയ്ക്കും. രജനികാന്തും ചിരഞ്‌ജീവിയുമാണ് അല്ലുവിന്റെ സിനിമാജീവിതത്തിലെ റോള്‍മോഡല്‍ എന്നുപറയാം‍.

സൽമാൻ ഖാന്റെ ശരീരവും ചിരഞ്‌ജീവിയുടെ ചടുലചലനങ്ങളും കുഞ്ചാക്കോ ബോബന്റെ സൗമ്യതയും ചേർത്തു വച്ചാൽ അല്ലുവാകും എന്നത് ഈ നടനെ പറ്റിയുള്ള രസകരമായ നിരീക്ഷണമാണ്. നീട്ടിവളർത്തിയ മുടിയിഴകളിലൂടെ വിരലുകളോടിച്ച്, മനം മയക്കുന്ന ചിരിയോടെ അല്ലു അഭിമുഖങ്ങള്‍ക്ക് വന്നിരിക്കുന്നത് പോലും ഒരു കലയാണെന്ന് പറയാം. ഇന്നും ആഘോഷിച്ച് തീരാത്ത ചെറുപ്പമാണ് ഈ നടനെ യുവാക്കളുടെ ബ്രാന്‍ഡാക്കി മാറ്റുന്നത്. തിരശ്ശീലയിലെ അല്ലുവിന്റെ പ്രണയങ്ങള്‍ക്കെല്ലാം ഒരു കുട്ടിത്തമുണ്ട്. അതാണ് ആര്യ മുതല്‍ ഇങ്ങോട്ട് മലയാളിയുടെ മനം കവരാന്‍ കാരണമാകുന്നത്. രസകരമായ ആ കുട്ടിത്തം ജീവിതത്തിലും പരിപാലിക്കുന്നുണ്ട് അദ്ദേഹം. ഷൂട്ടിങ്ങുള്ളപ്പോൾ ജിമ്മും യോഗയും നൃത്തപരിശീലനവുമൊക്കെയായി സിനിമയ്‌ക്കായുള്ള ജീവിതം. ഷൂട്ടിങ്ങില്ലാത്തപ്പോൾ രാത്രിയിലെ പാർട്ടികളും കൂട്ടുകാരുമായുള്ള യാത്രകളുമൊക്കെയായി എനിക്കായുള്ള ജീവിതം. അപ്പോഴും അദ്ദേഹം പറയുന്ന ചില നോകളും യെസ്സുകളും വലിയ ആഘോഷമാകാറുണ്ട്. പുകയില ഉൽപന്നങ്ങൾ വിൽക്കുന്ന കമ്പനി പരസ്യത്തിനായി അല്ലുവിന് പത്തു കോടി വരെ വാഗ്ദാനം ചെയ്തിട്ടും അവിടെ അദ്ദേഹം പറഞ്ഞ നോയും ജീവിതത്തിൽ തനിച്ചായവർക്കും പഠിക്കാൻ സഹായം ചോദിക്കുന്നവരോടും സകലചെലവും വഹിക്കാമെന്ന് ചിരിയോടെ തലകുലുക്കി പറയുന്ന ആ യെസ്സുകളും ചേർന്നതാണ് ഞങ്ങളുടെ ഈ അല്ലു അർജുൻ എന്ന് ആ ജീവിതം നോക്കി അടിവരയിട്ടുപറയാം.

വരാനിരിക്കുന്ന ഷാരൂഖ് ഖാൻ ചിത്രം ജവാനിൽ അതിഥി താരമായി അല്ലു അർജുനും ഉണ്ടാകുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ചന്ദനക്കള്ളക്കടത്തുകാരൻ പുഷ്പയുടെ രണ്ടാം വരവും ലൈനിലുണ്ട്. തമിഴ്നാട്ടിലാണ് അല്ലു ജനിച്ചതും കുറേകാലം ജീവിച്ചതും തമിഴ് നന്നായി സംസാരിക്കുന്ന അല്ലു മലയാളികൾക്ക് എന്ന പോലെ തമിഴർക്കും അവരുടെ വളർത്തുപുത്രനാണ്. തെലുങ്ക്, മലയാളം, തമിഴ്, കന്നഡ, ഹിന്ദി അങ്ങനെ പാൻഇന്ത്യൻ ലെവലിലേക്കുള്ള വളർച്ചയുടെ കാലം കൂടിയാണ് രണ്ട് പതിറ്റാണ്ട്. വന്നനാൾ മുതൽ സിനിമയ്ക്ക് അകത്താണെങ്കിലും പുറത്താണെങ്കിലും അല്ലു പറയുന്നത് ഒറ്റകാര്യമാണ്. ‘ഫീൽ മൈ ലൗ’. തിരിച്ച് ആരാധകരും പറയുന്നു. ഞങ്ങളുടെ സ്നേഹവും ഇനിയും ഇനിയും അനുഭവിക്കൂ. തിരശ്ശീലയിലെ ആഘോഷം കാണാന്‍ തെന്നിന്ത്യ മുഴുവന്‍ ഇപ്പോഴും അല്ലുവിന്‍റെ സിനിമകള്‍ക്ക് തന്നെ ടിക്കറ്റെടുക്കുന്നു. അങ്ങനെ ഭാഷയുടെ അതിരുകള്‍ തോറ്റുപോയ ആഘോഷത്തിന്റെ നായകനാകുന്നു വയസ്സ് നാല്‍പതിനോട് അടുക്കുന്ന ഈ യുവതാരം.  അല്ലു ഗാരൂ.. വണക്കം..