കൈതിയിൽ കണ്ടത് മൻസൂറിനെ; നടന്നില്ല; ഇന്ന് ലോകേഷിനൊപ്പം വിജയ് പടത്തിൽ..

mansoor-life
SHARE

‘ഇങ്ങനെ ഒരു മനോഭാവം ഉള്ള ഒരാളെ ഞാനെന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ ആറ്റിറ്റ്യൂഡ് ആണ് എന്നെ വല്ലാതെ ആകർഷിച്ചത്. കോടിയിൽ ഒന്നേ കാണൂ ഇങ്ങനെ ഒരാൾ. ഒരിക്കൽ ഒരു ചാനലിന് അഭിമുഖം െകാടുക്കവേ, അവതാരകൻ ചോദ്യം ചോദിക്കുന്നു. അതിനിടയിൽ അവിടെ നിന്ന ചെടിയുടെ ഇല പറിച്ചെടുത്ത് അദ്ദേഹം വിസിൽ ഊതുകയാണ്. ഇങ്ങനെയൊക്കെ ലോകത്ത് മറ്റൊരാളും ചെയ്ത് ഞാൻ കണ്ടിട്ടില്ല.. ’ ഈ വാക്കുകൾ ലോകേഷ് കനകരാജിന്റേതാണ്. ഇതിൽ പറയുന്ന കോടിയിൽ ഒരുവൻ. മൻസൂർ അലി ഖാനും. കൈതി സിനിമ താൻ മൻസൂറിനെ മനസ്സിൽ കണ്ടാണ് എഴുതിയതെന്ന് ഒരിക്കൽ ലോകേഷ് പറഞ്ഞിരുന്നു. അന്നുമുതൽ ഉയർന്ന ഒരു ചോദ്യത്തിന് ഇപ്പോൾ ഉത്തരമായി. ദളപതി 67ൽ മുഖ്യമായ ഒരുവേഷം നൽകി ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിലേക്ക് മൻസൂർ അലി ഖാനും കടന്നുവരികയാണ്. അട്ടഹാസങ്ങളുടെ മയക്കം വന്ന കണ്ണുകളുള്ള വില്ലൻ. മലയാളിയുടെ ആന്ധ്രാപൊന്നൻ..! മൻസൂർ അലിഖാൻ.

അലസമായ നടത്തം. ഒരു താൽപര്യവുമില്ലാത്ത നോട്ടം, തല ചരിച്ച് വച്ചുള്ള സംസാരം. തലയ്ക്ക് മീതെ വെള്ളം വന്നാൽ അതിന് മീതെ തോണി, ആകാശം ഇടിഞ്ഞുവീണാലും കുലുങ്ങാത്ത പ്രകൃതം.. മൻസൂർ അലി ഖാൻ എന്ന നടൻ അങ്ങനെ പലതുമാണ്. കൊടും വില്ലനായി വന്ന് പിന്നീട് ചിരിപ്പിച്ച, ജീവിതത്തിലും സിനിമയിലും തന്റേതായ ശൈലി െകാണ്ട് മാത്രം മുന്നോട്ടുപോകുന്ന ഒരു മനുഷ്യൻ. കൈതി പോലെയൊരു സിനിമ മൻസൂറിനെ മനസ്സിൽ കണ്ട് ലോകേഷ് ആലോചിച്ചു എന്ന് പറയുമ്പോൾ ആദ്യം അദ്ഭുതം തോന്നിയവരുണ്ടാകാം. എന്നാൽ ലോകേഷിന്റെ കയ്യിൽ മൻസൂറിനെ കിട്ടിയാൽ ഒരുപക്ഷേ നമുക്ക് ചിന്തിക്കാൻ കഴിയുന്നതിനപ്പുറം ആ കഥാപാത്രം മാറിയേനെ എന്ന് ലോകേഷിന്റെ പിന്നീട് വന്ന ചിത്രങ്ങൾ കാണുമ്പോൾ മനസ്സിലാകും. സിനിമയിൽ തന്റെ എല്ലാമെല്ലാമായ കമൽഹാസന് ലോകേഷ് നൽകിയ സമ്മാനം തെന്നിന്ത്യ കണ്ടതാണ്. ആറുപതിറ്റാണ്ട് നീളുന്ന കമലിന്റെ സിനിമാജീവിതത്തിലെ ഏറ്റവും വലിയ വിജയമായി വിക്രം. ആ ലോകേഷിന്റെ കയ്യിലേക്കാണ്  ദളപതി 67ൽ മൻസൂർ എത്തുന്നത്. ഇതിനോടകം കാസ്റ്റിങ് െകാണ്ടുതന്നെ ചിത്രം വലിയ ചർച്ചയാണ് ഉയര്‍ത്തിയത്. മാസ്റ്ററിന് ശേഷം വിജയ്​യും ലോകേഷും ഒന്നിക്കുന്നു. വിക്രം നേടിയ മഹാവിജയം. സഞ്ജയ് ദത്ത്, അര്‍ജുൻ, ഗൗതം മേനോന്‍, മിഷ്കിന്‍, ഡാന്‍സ് മാസ്റ്റര്‍ സാന്‍ഡി, പ്രിയാ ആനന്ദ്... അങ്ങനെ പട്ടിക നീളുമ്പോൾ ഇതിലെല്ലാമേറെ ആകാംക്ഷയേറ്റുന്ന പേരാണ് മന്‍സൂര്‍ അലിഖാന്‍.

സിനിമയിലാണെങ്കിലും ജീവിതത്തിലാണെങ്കിലും വേറിട്ട മനോഭാവമാണ് ഈ നടന്റെ പ്രത്യേകത. പ്രളയത്തിൽ വീടിന് ചുറ്റും വെള്ളം പൊങ്ങിയപ്പോൾ ചെറുബോട്ടിൽ കയറി ഇരുന്ന് വള്ളം തുഴഞ്ഞുപാട്ടുപാടാൻ ഏത് നടനെ െകാണ്ട് പറ്റും. ആരെയും കൂസാത്ത നടത്തവും വാക്കും നോക്കും ജീവിതവും. ചാനൽ ക്യാമറകളുടെ മുന്നിലും പൊട്ടിത്തെറിക്കും വിരട്ടും, വേണമെങ്കിൽ തെറിയും വിളിക്കും. കോവിഡ് എന്നൊന്ന് ഇല്ലെന്നും പിന്നെ എന്തിനാണ് വാക്സീൻ എടുക്കുന്നതെന്നും പരസ്യമായി ചോദിച്ച് പുലിവാല് പിടിച്ചു. വാക്സീൻ സ്വീകരിച്ചതു മൂലമാണു നടൻ വിവേക് മരിച്ചതെന്ന് ആരോപിച്ച് പൊതുഇടത്ത് ബഹളം വച്ചു. തിരഞ്ഞെടുപ്പിൽ വോട്ടുപിടിക്കാൻ മൻസൂർ അലിഖാൻ കാണിക്കുന്ന തന്ത്രങ്ങൾ കണ്ടാൽ ആരും മൂക്കത്ത് വിരൽവച്ചുപോകും. അത്രത്തോളമുണ്ട് വിചിത്രമായ പെരുമാറ്റരീതികൾ. എങ്കിലും ആള് ശുദ്ധനാണെന്ന് ആരാധകരും അടുത്ത് അറിയുന്നവരും പറയും. ഈ പെരുമാറ്റം തന്നെയാണ് ലോകേഷിന്റെ കണ്ണിലെയും താരമായി ഈ ഖാൻ മാറാനുള്ള കാരണവും.

1990കളിലാണ് സിനിമയിലേക്ക് മൻസൂർ അലിഖാൻ എത്തുന്നത്. ആദ്യം ഗ്രൂപ്പ് ഡാൻസേഴ്സിൽ ഒരാള്‍. പിന്നെ തല്ലുവാങ്ങി കൂട്ടുന്ന വില്ലൻമാരിൽ ഒരാള്‍. അങ്ങനെ ഒതുങ്ങിക്കൂടുമ്പോഴും മൻസൂറിന്റെ മനസ് നിറയെ താൻ അരങ്ങുവാഴുന്ന ഒരുകാലഘട്ടം തന്നെയായിരുന്നു. ആ സ്വപ്നത്തിന് കാലം വലിയ വിലയിട്ടു. വിജയകാന്ത്, രജനികാന്ത്, കമൽഹാസൻ, സത്യരാജ്, വിജയ്, അജിത്ത്, വിജയ് സേതുപതി അങ്ങനെ തമിഴ് താര രാജാക്കന്‍മാരുടെ ചിത്രങ്ങളിൽ എല്ലാം വില്ലൻവേഷത്തിലും സഹനടനായും കോമ‍ഡി നടനായും മൻസൂർ തിളങ്ങി. ആരൊക്കെ വന്നാലും പോയാലും തനിക്ക് അന്നും ഇന്നും കൂറ് വിജകാന്തിനോടാണെന്ന് മൻസൂർ പലകുറി പറഞ്ഞിട്ടുണ്ട്. ക്യാപ്റ്റൻ പ്രഭാകർ എന്ന ചിത്രത്തിലെ വേഷം മൻസൂറിന്റെ തലവര മാറ്റി. പിന്നീട് വിജയകാന്ത് ചിത്രങ്ങളിൽ സ്ഥിര സാന്നിധ്യമായി. അട്ടഹാസച്ചിരിയുമായി മൻസൂർ തിളങ്ങിയ ചിത്രങ്ങൾ. കുതിരസവാരി അറിയാത്തത് മൂലം സിനിമയിലെ വേഷം നഷ്ടമാകാതിരിക്കാൻ ഒറ്റ ദിവസം െകാണ്ട് കുതിരസവാരി പഠിച്ചതും ചരിത്രം. വില്ലനിൽ നിന്നും നായകനായപ്പോൾ ഒരു റെക്കോർഡും ഈ നടനൊപ്പമുണ്ട്. തമിഴ് സിനിമയിൽ ഏറ്റവും നീളമുള്ള സിനിമാപ്പേര് മൻസൂർ നായകനായ ചിത്രത്തിനാണ്. രാജാധിരാജ രാജകുലോത്തുങ്ക രാജമാർത്താണ്ഡ രാജഗംഭീര കാത്തവരായ കൃഷ്ണ കാമരാജൻ.

വില്ലൻ, നായകൻ, സഹനടൻ, കോമഡി വേഷങ്ങൾ, സംവിധാനം, നിർമാണം, പാട്ടെഴുത്ത്, ഗായകൻ, സംഗീതസംവിധാനം, ഡാൻസർ അങ്ങനെ പലവേഷത്തിൽ മൻസൂർ അവതരിച്ചു. ചിലപ്പോഴൊക്കെ വില്ലത്തരം െകാണ്ട് പേടിപ്പിച്ചു. ചിരിപ്പിച്ചു, കരയിപ്പിച്ചു. തമിഴ്, മലയാളം, തെലുങ്ക്, കന്നഡ സിനിമകളിലേക്കും മൻസൂർ തന്റെ സാന്നിധ്യം നീട്ടി. പത്തോളം മലയാളം സിനിമകളിൽ അഭിനയിച്ചു. ശുഭയാത്ര, കിണ്ണം കട്ട കള്ളൻ, സത്യം ശിവം സുന്ദരം  തുടങ്ങിയ സിനിമകളിലെ വേഷം ഇപ്പോഴും മലയാളിക്ക് പ്രിയങ്കരം.എന്ത് ചെയ്താലും വിചിത്രമായി ചെയ്യണം എന്നതാണ് ഈ മനുഷ്യന്റെ ഒരു ലൈൻ, രാഹുകാലത്ത് തന്നെ തന്റെ സിനിമയുടെ പൂജ നടത്തി അന്ധവിശ്വാസങ്ങളെ വെല്ലുവിളിക്കും. സിനിമ കുറഞ്ഞപ്പോൾ രാഷ്ട്രീയത്തിൽ ഇറങ്ങി. ആദ്യം പിഎംകെയിൽ ചേർന്നു. 99ലെ തിരഞ്ഞെടുപ്പിൽ ഒരുലക്ഷത്തിന് അടുത്ത് വോട്ടുനേടി മൂന്നാമനായി. 2009-ൽ സ്വതന്ത്ര സ്ഥാനാർഥിയായി തോറ്റു. 2019ൽ എൻടികെയിൽ ചേർന്ന് മൽസരിച്ചു. 55,000 അടുത്ത് വോട്ടുനേടി നാലാമനായി. ഇപ്പോൾ തമിഴ് ദേശീയ പുലികൾ എന്ന പേരിൽ സ്വന്തം പാർട്ടിയുമായി മുന്നോട്ട്. ചെയ്യുന്നതെല്ലാം വിചിത്രമാണെങ്കിലും 250ലേറെ സിനിമകളിൽ അദ്ദേഹം ചെയ്ത കഥാപാത്രങ്ങൾക്ക് മറ്റാർക്കും അനുകരിക്കാൻ കഴിയാത്ത ഒരു കയ്യൊപ്പ് ബാക്കിയാക്കാൻ അദ്ദേഹം ശ്രമിച്ചു. അതില്‍ വിജയിക്കുകയും ചെയ്തു.

വില്ലനായി പേടിപ്പിച്ചവരെല്ലാം അവസാനം ചിരിപ്പിക്കാറാണ് പതിവ്. ചിലർ സിനിമയിൽ, ചിലർ ജീവിതത്തിൽ. മൻസൂർ അലിഖാൻ സിനിമയിലും ജീവിതത്തിലും അങ്ങനെ തന്നെയായി മാറി. വിജയകാന്തോളം തനിക്ക് കടപ്പാട് മറ്റാരോടുമില്ലെന്ന് പറയുന്ന താരം ഒരുപക്ഷേ കടപ്പാടിന്റെ ആ പട്ടികയില്‍ ഒരു പേര് കൂടി എഴുതിച്ചേർത്തേക്കാം. ലോകേഷ് കനകരാജ്. അതിന് അടിവര ഇടട്ടെ തെന്നിന്ത്യയാകെ കാത്തിരിക്കുന്ന ദളപതി 67. സിനിമയിൽ അഭിനയിക്കുന്ന, ജീവിതത്തിൽ അഭിനയിക്കാത്ത, വാക്കിലോ നോക്കിലോ പെരുമാറ്റത്തിലോ ഒരു ചിട്ടയും പാലിക്കാത്ത ഈ മനുഷ്യന്റെ നാളുകള്‍ കൂടിയാകട്ടെ വരാനിരിക്കുന്നത്. പതിറ്റാണ്ടുകള്‍ സിനിമയില്‍ തിളങ്ങിനിന്ന, . പ്രത്യേകതകള്‍ ഏറെയുള്ള ഈ അഭിനേതാവിന് കാലം  കാത്തുവച്ചതിന്റെ തുടക്കമാകും ഈ ട്വിസ്റ്റ്. കാത്തിരിക്കാം.

MORE IN ENTERTAINMENT
SHOW MORE