
‘ഈ പെരുത്ത ഭൂമീന്റെ ഉള്ളിന്റെ ഉള്ളില് ഒരു ചെറിയ ഭൂമീണ്ട്. ആ ചെറിയ ഭൂമിയിലെ ഇത്തിരി പോന്ന മനുഷ്യന്‍മാര് വേഷം കെട്ടി വാക്ക് പറഞ്ഞ് നടിച്ച് കാട്ടുന്നു. ആ ഭൂമിടെ പേരാണ് നാടകം.. ആ ഭൂമിടെ പേരാണ് ജീവിതം..’ ഒരു ഇറങ്ങി നടത്തമാണ് അടിമുടി നന്‍പകല്‍ നേരത്ത് മയക്കം. ഹോട്ടലില്‍ നിന്ന്, ബസില്‍ നിന്ന്, വീട്ടില്‍ നിന്ന്, ചില മനുഷ്യരില്‍ നിന്ന്, എന്തിന് അനുഭവിക്കുന്ന ജീവിതത്തില്‍ നിന്ന് തന്നെയുള്ള ഇറങ്ങി നടത്തങ്ങള്‍. പലകുറിയെന്ന പോലെ ഇത്തവണയും മമ്മൂട്ടി എന്ന നടന്റെ കൂടി ഇറങ്ങി നടത്തമാണ് ഈ മമ്മൂട്ടിക്കമ്പനിപ്പടം. ആ മണിക്കൂറില്‍ കെട്ടിയാടുന്ന വേഷങ്ങളില്‍ ഒന്നും തന്നെ മമ്മൂട്ടി എന്ന മെഗാസ്റ്റാറിന്റെ ലാഞ്ചനയില്ല. ചില ജീവിതങ്ങള്‍ ദൂരെ നിന്ന് നോക്കിക്കാണുന്നതാണ് നല്ലതെന്ന് പറയുന്നപോലെയാണ് കഥ പറച്ചിലും. വേദിയില്‍ നാടകം നടക്കുമ്പോള്‍ കണ്ടിരിക്കുന്നവനും നടിക്കുന്നവനും തമ്മിലുള്ള അകലം, അത് സിനിമയുടെ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഓരോ വൈഡ് ഫ്രെയിമുകളിലും വ്യക്തം. ക്ലോസ് വരുന്ന ഷോട്ടുകളില്‍ കണ്ണുകളില്‍ കണ്ണീരുണ്ട്. നിസ്സഹായതയുടെ തേടലുണ്ട്. ഞാന്‍ ആരെന്ന ചോദ്യവുമുണ്ട്. ഒരിടത്ത് ആ കണ്ണുകള്‍ തുളുമ്പുമ്പോള്‍ കണ്ടിരിക്കുന്ന നമ്മളും അറിയാതെ വിങ്ങിപ്പൊട്ടും. അതുവരെ ചിരി മാത്രം നല്‍കിയ ആ തമിഴ്പാട്ടിയുടെ കണ്ണില്‍ നിന്ന് പടിയിറങ്ങുന്ന സ്വപ്നത്തെ കുറിച്ചുള്ള വിങ്ങലും കണ്ണീരായി ഒലിക്കുന്നുണ്ട്. ഇതുവരെ പറയാത്ത ഇതെങ്ങോട്ടെന്ന ചിന്ത അവസാനം വരെ നിലനിര്‍ത്തി ലിജോ കഥ പറയുമ്പോള്‍ നൻപകൽ നേരത്തും ആരും മയങ്ങില്ല.
മൂവാറ്റുപുഴയിൽ നിന്നു വേളാങ്കണ്ണിക്കു പോയി മടങ്ങുന്ന ബസില്‍ നിന്ന് മമ്മൂട്ടിയുടെ ജെയിംസ് എന്ന കഥാപാത്രം ഇറങ്ങി പോയി ആഗ്രാമത്തിലെ സുന്ദരമായി മാറുന്നു. പിന്നെയൊരു പച്ചൈതമിഴന്റെ പകര്‍ന്നാട്ടം. വല്ലാത്തൊരു മാനസികാവസ്ഥയിലൂടെയാണ് പിന്നെ കഥ പോകുന്നത്. അതിന് തുണയേകുന്നത് പഴയ തമിഴ് ഗാനങ്ങളും സിനിമയിലെ സംഭാഷണങ്ങളും. ഒരു ഉച്ചമയക്കത്തിൽ കണ്ട സ്വപ്‌നം ആരുടെയും ജീവിതം മാറ്റിമറിക്കില്ല. എങ്കിലും അങ്ങനെ സംഭവിച്ച് കൂടായ്കയില്ല. ചില നേരത്തേക്ക് എങ്കിലും അതൊരു ജീവിതമായിരുന്നെങ്കില്‍ എന്ന് കൊതിക്കാത്തവരുണ്ടോ. ‘ഉറക്കം മരണം തന്നെയാണ്. ഉറക്കത്തിൽ നിന്നുള്ള ഉണർവ് ജീവിതവുമാണ്’. തിരുക്കുറളിലെ ഈ വാചകം സിനിമയാകുന്നു. ഇതുക്കും മേല്‍ ഒരു അല വരാത് സാര്‍ എന്ന് ആ ഹോട്ടല്‍ റിസപ്ഷനിസ്റ്റിനൊപ്പം നമ്മളും പറഞ്ഞുപോകും.
സിനിമ തീരുമ്പോള്‍ വീണ്ടുമൊരു നടത്തം. ആ ഗ്രാമത്തിലേക്ക് നടന്ന ജെയിംസും സംഘവും അതേ വഴിയിലൂടെ തിരിഞ്ഞുനടക്കുമ്പോള്‍, കാഴ്ചക്കാരന്റെ ഉള്ളില്‍ അവരും മനസ്സ് നിറഞ്ഞ് ആ ഗ്രാമം വിടുകയാണ്. സലാം പറഞ്ഞ് പിരിഞ്ഞിട്ടും ഇനിയും ഏറെക്കാലം പിന്നാലെ പിന്തുടരും ഈ നാടും നാട്ടാരും അവരുടെ ജീവിതവും. ഒരിടത്തും ഒരിടത്തും നില്‍ക്കാത്ത ഒരു മയക്കമാണ് നന്‍പകല്‍ നേരത്ത് മയക്കം.