3 ദിനം കൊണ്ട് 60 കോടി; ദൃശ്യം 2 ഹിന്ദി വൻ വിജയം; ജീത്തുവിനെ വാഴ്ത്തി ബോളിവുഡ്

jeethu-drishyam
SHARE

ദൃശ്യം 2 ഹിന്ദി റീമേക്കിന്റെ വമ്പൻ വിജയത്തിൽ ജീത്തു ജോസഫിലെ പ്രശംസിച്ച് ബോളിവുഡ് ലോകം. ദൃശ്യം പോലൊരു ഫ്രാഞ്ചൈസി സൃഷ്ടിച്ച് സിനിമാ പ്രവർത്തകര്‍ക്ക് പ്രചോദനമായ ജീത്തു ജോസഫിനെ ആദരവ് തോന്നുന്നുവെന്ന് ബോളിവുഡ് ഫിലിം ക്രിട്ടിക്ക് സുമിത് കേദെൽ ട്വീറ്റ് ചെയ്തു.

‘ദൃശ്യം ഫ്രാഞ്ചൈസി സൃഷ്ടിച്ചതിന് ജീത്തു ജോസഫിനോട് വലിയ ആദരവുണ്ട്.  ആഗോളതലത്തിലുള്ള സിനിമാ പ്രവർത്തകരെ പ്രചോദിപ്പിക്കുന്ന തരത്തിലുള്ള സിനിമയാണിത്.  നിങ്ങളുടെ മികച്ച എഴുത്ത് ഞങ്ങളെ വിസ്മയിപ്പിക്കുന്നു.  എല്ലാവരുടെയും ചിന്തകൾ അവസാനിക്കുന്നിടത്ത് നിങ്ങളുടേത് ആരംഭിക്കുകയാണ്.  ജീത്തു ജോസഫിന്റെ ദൃശ്യം മൂന്നിനായി ആകാംഷയോടെ കാത്തിരിക്കുന്നു.’–സുമിത് പറയുന്നു.

ദൃശ്യം 2 ഹിന്ദി പതിപ്പ് മൂന്ന് ദിവസം കൊണ്ട് 60 കോടിയാണ് വാരിക്കൂട്ടിയത്. ചിത്രത്തിന്റെ തിരക്കഥ തന്നെയാണ് വലിയ വിജയത്തിന് കാരണമെന്ന് ബോളിവുഡും അഭിപ്രായപ്പെടുന്നു. സിനിമ കണ്ടിറങ്ങുന്നവർ ജീത്തു ജോസഫിന്റെ പേരും ടാഗ് ചെയ്താണ് സിനിമയെ പ്രശംസിക്കുന്നത്. ദൃശ്യം മൂന്നാം ഭാഗത്തിനു വേണ്ടി അക്ഷമരായി കാത്തിരിക്കുകയാണെന്നും ദൃശ്യം 3 അജയ് ദേവ്ഗണ്ണിനെ നായകനാക്കി പാൻ ഇന്ത്യൻ ലെവലിൽ ജീത്തു ജോസഫ് തന്നെ എടുക്കണമെന്നും ഇക്കൂട്ടർ പറയുന്നു.

ഈ വർഷം ബ്രഹ്മാസ്ത്രയ്ക്കും ഭൂൽ ഭുലയ്യ 2വിനും ലഭിച്ച അതേ വരവേല്‍പ് ആണ് ദൃശ്യം 2വിനും ബോളിവുഡിൽ നിന്നും ലഭിക്കുന്നത്. ചിത്രം 300 കോടി നേടുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം.

അഭിഷേക് പത്താൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അജയ് ദേവ്ഗൺ ആണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ദൃശ്യം രണ്ടാം ഭാഗത്തിൽ മുരളി ഗോപി അവതരിപ്പിച്ച ഐജി തോമസ് ബാസ്റ്റിനെന്ന കഥാപാത്രത്തെ ഹിന്ദിയിൽ അവതരിപ്പിക്കുന്നത് അക്ഷയ് ഖന്നയാണ്. അജയ് ദേവ്ഗൺ–അക്ഷയ് ഖന്ന താരങ്ങളുടെ അഭിനയപ്രകടനം തന്നെയാണ് സിനിമയുടെ പ്രധാന ആകർഷണം.

ഹിന്ദിയിൽ വിജയ് സൽഗനോകർ എന്നാണ് ജോർജ്കുട്ടിയുടെ പേര്. റാണി, നന്ദിനി ആകും. അനുവും അഞ്ജുവും അതുപോലെ തന്നെ പേരുകളിൽ മാറ്റമില്ലാതെ തുടരുന്നു. ആശ ശരത് അവതരിപ്പിച്ച ഗീത പ്രഭാകറായി ഹിന്ദിയിൽ തബു എത്തുന്നു. രജത് കപൂർ ആണ് തബുവിന്റെ ഭർത്താവിന്റെ വേഷത്തില്‍. സുധീർ കെ. ചൗദരി ആണ് ഛായാഗ്രഹണം. സംഗീതം ദേവി ശ്രീ പ്രസാദ്. 

MORE IN ENTERTAINMENT
SHOW MORE