അന്ന് കാലുമുറിക്കാൻ പറഞ്ഞു; ആ കാല് കൊണ്ട് ജയിച്ചുകയറി; അമ്പരപ്പിച്ച വിക്രം ജീവിതം

vikram-life-story
SHARE

‘എംജിആറെ പാത്തിരുക്കേ, ശിവാജിയെ പാത്തിരുക്കേ, രജനിയെ പാത്തിരുക്കേ... കമലിനെ പാത്തിരുക്കേ.. ഉന്നെ മാതിരി ഒരു നടികനെ പാത്തതേ ഇല്ലെടാ..’ ഓരോ സിനിമ കഴിയുമ്പോഴും അന്യനിലെ ഈ ഡയലോഗ് പറയാതെ തിയറ്റർ വിടുക എന്നത് ഈ നടനെ ഇഷ്ടപ്പെടുന്ന ആർക്കും കഴിയില്ല. മലയാളി നെഞ്ചോട് ചേർത്തുവച്ച് ഞങ്ങളുടെ പയ്യൻ എന്ന് വാഴ്ത്തിയ നടൻ. ആ സഹനടന്‍ പിന്നീട് തെന്നിന്ത്യ കീഴടക്കിയ ചിയാൻ വിക്രമായി വളർന്നു. ആത്മവിശ്വാസം എന്താണെന്ന് അറിയേണ്ടവർ വിക്രത്തിന്റെ ജീവിതം ഒന്നു മറിച്ചുനോക്കണം. ‘ഒരു നാൾ എനിക്കും വരും’ എന്ന് ഉറച്ച് വിശ്വസിച്ച് ക്ഷമയോടെ കാത്തിരുന്നത് പത്തുവർഷത്തിലേറെ. മലയാളത്തിലടക്കം നായകന്റെ അനുജനായും ചെറുനടന്മാരുടെ സംഘത്തിലെ ഒരുവനായുമെല്ലാം കഴിച്ചുകൂട്ടിയ പതിറ്റാണ്ടുകളിൽ സ്വപ്നം കണ്ടതും അധ്വാനിച്ചതും തന്റേതായ ഒരു നായകകസേരയ്ക്ക് വേണ്ടി. ഒടുവിൽ അത് നേടി. സിനിമയ്ക്ക് വേണ്ടി ഇത്രമാത്രം കഷ്ടങ്ങൾ സഹിച്ച, സ്വന്തം ജീവൻ പോലും സമർപ്പിക്കാൻ ഒരുങ്ങുന്ന മറ്റൊരു നടൻ ഉണ്ടാകുമോ എന്ന് സംശയമാണ്. തിരിച്ചടികളിൽ പതറാതെ, എന്തിനെയും ചിരിയോടെ കാണുന്ന, ഏത് വിവാദത്തെയും മനോഹരമായി നേരിടുന്ന, കുടുംബവും ആരാധകരും ഒന്നാണെന്ന് വിശ്വസിക്കുന്ന, സിനിമ മാത്രം ശ്വസിച്ച് ജീവിക്കുന്ന ഒരു നടൻ. കാത്തിരിപ്പിന്റെ ഫലം മധുരമായിരിക്കും എന്ന് തെളിയിക്കുന്ന അപൂർവ ജീവിതകഥയ്ക്ക് ഇന്ന് വിക്രം എന്നുമൊരു പേരുണ്ട്.

ആഴ്ചകൾക്ക് മുൻപ് ഒരു വാർത്ത കാട്ടുതീ പോലെ പടർന്നു. നടൻ വിക്രമിന് ഹൃദയാഘാതം. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നെ അതിനൊപ്പം െപാടിപ്പും െതാങ്ങലും വച്ച് വ്യാജ പ്രചാരണങ്ങൾ. അപ്പായ്ക്ക് ഒന്നുമില്ലെന്ന് മകൻ തന്നെ പറഞ്ഞിട്ടും ആ പ്രചാരണം അങ്ങനെ െകാഴുത്തുെകാണ്ടിരുന്നു. ഒടുവിൽ വിക്രം തന്നെ ചിരിയോടെ പറഞ്ഞു. നെഞ്ചിൽ കൈ വച്ചാൽ പോലും ഹാർട്ട് അറ്റാക്ക് എന്ന് പറഞ്ഞുകളയും. ചിലർ വയ്യാതെ കിടക്കുന്ന ഏതോ രോഗിയുടെ ശരീരത്തിൽ എന്റെ തല വച്ച് ഫോട്ടോഷോപ്പ് ചെയ്ത് നല്ല ചിത്രങ്ങൾ ഉണ്ടാക്കി പ്രചരിപ്പിച്ചു. അത്രമാത്രം ക്രിയേറ്റീവായാണ് അതൊക്കെ ചെയ്തിരിക്കുന്നത്. അതെനിക്ക് വല്ലാതെ ഇഷ്ടമായി. നമ്മൾ എന്തെല്ലാം കണ്ടിരിക്കുന്നു. ഇതൊന്നും ഒരു വിഷയമല്ല. എന്റെ ആരാധകരും കൂട്ടുകാരും വീട്ടുകാരും എനിക്കൊപ്പം ഉള്ളപ്പോൾ എനിക്ക് എന്താകാനാണ്. 20–ാം വയസ്സിൽ എനിക്ക് പറ്റിയ ആ അപകടത്തെ ഞാൻ തോൽപ്പിച്ചു വന്നില്ലേ. പിന്നെയാണോ ഇത്. നല്ല രസികൻ തമിഴിൽ ടേക്ക് ഇറ്റ് ഈസി ലൈനിൽ വിക്രം ഇത് പറയുമ്പോൾ അമ്പരപ്പ് തോന്നില്ല. കാരണം അതാണ് വിക്രം.  തോൽവികളിൽ നിന്നും തോൽവികളിലേക്ക് വീഴുമ്പോഴും തിരിച്ചുവരുമെന്ന ഉറച്ച ആത്മവിശ്വാസം മാത്രമായിരുന്നു എന്നും ഈ നടന്‍റെ മൂലധനം.  

തമിഴ്‌നാട്ടിലെ പരമകുടിയിൽ ജനിച്ച് ഇന്ന് െതന്നിന്ത്യൻ സിനിമയിൽ ഭാഷയുടെ എല്ലാ വരമ്പുകളും ഭേദിച്ച് ശോഭിക്കുന്ന താരം. വീണുവെന്ന് പറഞ്ഞവസാനിപ്പിക്കും മുൻപ് ഒരു കുതിരയെ പോലെ ചാടി എഴുന്നേൽക്കുന്ന കരിയര്‍. 1990ല്‍ 'എന്‍ കാതല്‍ കണ്‍മണി' എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിൽ പ്രധാനവേഷത്തിൽ അരങ്ങേറ്റം. പിന്നാലെ തന്തു വിട്‌തേണ്‍ എന്നൈ , മീരാ, കാവല ഗീതം.. പക്ഷേ എല്ലാം ഒന്നിന് പിറകെ ഒന്നായി പരാജയപ്പെട്ടു. പിന്നെ മലയാളത്തില്‍ നായകനായും സഹനടനായും അഭിനയിച്ചു. 1993ല്‍ 'ധ്രുവം' എന്ന മലയാളചിത്രത്തില്‍ ഭദ്രന്‍ എന്ന കഥാപാത്രം മലയാളിക്ക് എക്കാലെത്തയും പ്രിയപ്പെട്ട വേഷങ്ങളിൽ ഒന്നായി. സൈന്യം, ഇന്ദ്രപ്രസ്ഥം, ,രജപുത്രന്‍, ഇതാ ഒരു സ്‌നേഹഗാഥ, മയൂരനൃത്തം... അങ്ങനെ മലയാളത്തിൽ തിളങ്ങിയ നാളുകൾ. വർഷങ്ങൾ കടന്നുപോകുമ്പോഴും തനിക്കുള്ള ഇരിപ്പിടം തേടി അലയാൻ വിക്രം മടി കാണിച്ചില്ല. അങ്ങനെ 1998ല്‍ ബാല സംവിധാനം ചെയ്ത 'സേതു' എന്ന ചിത്രത്തിലൂടെ തലവര തന്നെ മാറി. പിന്നീട് ധൂള്‍, സാമി എന്നീ ചിത്രങ്ങളും ഹിറ്റ്. 2003ല്‍ മികച്ച നടനുള്ള ദേശീയപുരസ്‌ക്കാരവും, 2005ല്‍ ഫിലിംഫെയര്‍ അവാര്‍ഡും.  ശങ്കർ, മണിരത്നം തുടങ്ങിയ ബ്രഹ്മാണ്ഡ സംവിധായകരുടെ പ്രിയ നടനായി വിക്രം മാറിയ കാഴ്ച.

കെന്നടി ജോൺ വിക്ടർ എന്ന യുവാവ് ഇന്ന് കാണുന്ന ചിയാൻ വിക്രം ആയതിന് പിന്നിൽ, സ്വയം സമർപ്പിച്ചു എന്നതിനപ്പുറം വലിയ രഹസ്യങ്ങൾ ഒന്നുമില്ല. 1997ൽ ഷൂട്ടിങ് തുടങ്ങിയ സേതു എന്ന ചിത്രത്തിന് വേണ്ടി തല മൊട്ടയടിച്ച് ഇരുപത്തിയൊന്ന് കിലോയും കുറച്ച് ആ കഥാപാത്രമായി. എന്നാൽ പ്രതീക്ഷിച്ച പോലെ ചിത്രം പൂർത്തിയായില്ല. സുഹൃത്തുക്കൾ അടക്കം മറ്റ് ചിത്രത്തിലേക്ക് വിളിച്ചെങ്കിലും, ഇല്ല ഞാൻ കാത്തിരിക്കും. ലുക്ക് അതുപോലെ സൂക്ഷിക്കും എന്നായിരുന്നു മറുപടി. തല മുണ്ഡനം ചെയ്‌ത ആ രൂപത്തിൽ രണ്ടുവർഷത്തോളം കാക്കേണ്ടി വന്നു. അപ്പോഴെല്ലാം വീട്ടുകാര്യങ്ങൾ നോക്കിയിരുന്നത് അമ്മയായിരുന്നുവെന്നു വിക്രം പറഞ്ഞിട്ടുണ്ട്. ഒടുവിൽ 1999 ൽ ചിത്രം റിലീസായി.  ‘സേതു’വിൽ അഭിനയിക്കുന്നതിനു മുമ്പ് ഈ ചിത്രം തന്റെ ജീവിതം മാറ്റിമറിക്കുമെന്നു വിക്രം പറഞ്ഞ വാക്ക്, പിന്നീട് ചരിത്രത്തിൽ രേഖപ്പെടുത്തിയ സത്യവുമായി. അതുകൊണ്ടാണ് അഹങ്കാരവും ആത്മവിശ്വാസവും തമ്മിലുള്ള വ്യത്യാസം വിക്രത്തെ കണ്ടു പഠിക്കണമെന്ന് പറയുന്നത്.

നടനവൈഭവത്തിന്റെ വ്യത്യസ്‌ത ഭാവങ്ങൾ, ആവർത്തനമില്ലാത്ത കഥാപാത്രങ്ങൾ, വാണിജ്യവിജയവും കലാമൂല്യവും കൂട്ടിക്കെട്ടിയുള്ള സിനിമായാത്ര. അന്യനും റെമോയും അമ്പിയായും മിന്നി മാഞ്ഞ ഭാവപ്പകർച്ചകൾ കണ്ട് ജനം കയ്യടിച്ചു. ആർപ്പുവിളിച്ചു. 800 രൂപയ്ക്ക് വരെ ബ്ലാക്കിൽ അന്യന്റെ ടിക്കറ്റ് വിറ്റ് പണമുണ്ടാക്കിയവരേറെ. വെള്ളിത്തിരയിൽ നിന്നും ഇറങ്ങി വന്നുള്ള പേച്ച് കേട്ട് കുഞ്ഞുമുതൽ വയസ്സായവർ വരെ കടുത്ത ആരാധകരായി മാറി. ഓടിയെത്തി കെട്ടിപ്പിടിക്കാൻ തോന്നിയാൽ തള്ളിമാറ്റാതെ വാടാ മക്കളെ എന്ന് സ്നേഹത്തോടെ വിളിക്കുന്ന മനുഷ്യരുടെ പട്ടികയിൽ വിക്രത്തിനെന്നും ഇടമുണ്ട്. അത്രത്തോളം അദ്ദേഹം തന്റെ ആരാധകരെ കരുതുന്നു.

.

ഒരു നടനാകണമെന്ന് ചെറുപ്പം മുതൽ ആഗ്രഹിച്ചു. എട്ടാം ക്ലാസ് മുതൽ സിനിമ തലയിൽ കയറി പഠനത്തിൽ നന്നായി ഉഴപ്പി. കരാട്ടെ, നീന്തൽ, നൃത്തം.. അതിലെല്ലാം തിളങ്ങിയ സ്കൂൾ കാലം.  ചെന്നൈ ലയോള കോളജിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദം. കംപ്യൂട്ടർ കോഴ്‌സുകൾക്കും മറ്റും ചേർന്നശേഷം എംബിഎയും പാസായി. എന്നിട്ടും ബിസിനസ്സ് ആയിരുന്നില്ല,  സിനിമ ആയിരുന്നു മനസ്സ് നിറയെ. ഒടുവിൽ 1989ൽ മീരയെന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം കിട്ടി. പക്ഷേ, ചിത്രത്തിലെ വേഷം വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. തുടർന്നഭിനയിച്ച ഉല്ലാസത്തിൽ ഒപ്പമുണ്ടായിരുന്ന അജിത് ശ്രദ്ധിക്കപ്പെട്ടപ്പോഴും വിക്രം നിറം മങ്ങിപ്പോയി. പിന്നീടു മലയാളത്തിലും തെലുങ്കിലുമായി കിട്ടിയ ചെറിയ വേഷങ്ങൾ കൊണ്ട് തൃപ്‌തിപ്പെട്ടു. ഇടയ്‌ക്ക് ഡബ്ബിങ് ആർട്ടിസ്‌റ്റായും പ്രവർത്തിച്ചു. പക്ഷേ നല്ല സമയത്തിനായുള്ള ആ കാത്തിരിപ്പ് ഫലം കണ്ടു. അങ്ങനെ സേതുവിലെത്തി. പക്ഷേ വിധി അവിടെയും പരീക്ഷണം നിർത്തിയിരുന്നില്ല.

ഗംഭീരപ്രകടനം എന്ന് പടത്തിന്റെ പ്രിവ്യൂ കണ്ടവർ വാഴ്ത്തിയപ്പോഴും ചിത്രം വിതരണത്തിനെടുക്കാൻ ആരും തയാറായില്ല. അവസാനം വിതരണവും നിർമ്മാതാവുതന്നെ ഏറ്റെടുത്തു. പിന്നെയും പ്രശ്നങ്ങൾ ബാക്കി. ചിത്രം പ്രദർശിപ്പിക്കാൻ ഒറ്റ തിയറ്ററുകാരും തയാറല്ല. അവസാനം നഗരത്തിനു പുറത്തുള്ള ഒരു തിയറ്ററിൽ നൂൺഷോ മാത്രം പ്രദർശിപ്പിക്കാമെന്നു സമ്മതിച്ചു. ആദ്യപ്രദർശത്തിൽ അധികം കാണികൾ ഉണ്ടായിരുന്നില്ല. ആകെ ദു:ഖിതനായ വിക്രം ജനങ്ങളുടെ പ്രതികരണം അറിയാൻ എല്ലാദിവസവും തിയറ്ററിൽ എത്തി. കുറച്ചുദിവസങ്ങൾക്കുശേഷം നഗരത്തിലെ വലിയൊരു തിയറ്ററിൽ ചിത്രം പ്രദർശിപ്പിക്കാമെന്ന് ഉടമകൾ സമ്മതിച്ചു. പക്ഷേ, അപ്പോഴും നൂൺഷോ മാത്രമായി തുടർന്നു. അവിടത്തെ ആദ്യത്തെ പ്രദർശനത്തിൽ 25 പേരാണ് ആകെയുണ്ടായിരുന്നത്. ഒരാഴ്‌ച കഴിഞ്ഞതും എല്ലാ ഷോയ്‌ക്കും സേതു കാണിക്കാൻ തിയറ്റർ ഉടമ തീരുമാനിച്ചു. സാവധാനം സേതു ജനങ്ങളുടെ ഇടയിൽ നിറയുകയായിരുന്നു പിന്നീട്. ചെന്നൈയിലെ ഒൻപതു തിയറ്ററുകളിൽ 75 ദിവസം തുടർച്ചയായി ഓടി വമ്പൻ റിക്കോർഡ് തന്നെ സിനിമ സൃഷ്‌ടിച്ചു. സേതു എന്ന സിനിമയിലെ കഥാപാത്രത്തിന്റെ വിളിപ്പേര് ആ നടന്റെ പേരിെനാപ്പം ചേർന്നു. ചിയാൻ.

പിന്നെ തമിഴ് തിര ഉലകിൽ വിക്രത്തിന്റെ കാലം തെളിഞ്ഞു. നിർമ്മാതാക്കളും സംവിധായകരും ഡേറ്റിനായി ക്യൂ നിന്നു. എന്നാൽ തന്നെ തൃപ്തിപ്പെടുത്തുന്ന കഥകളിൽ മാത്രമേ വേഷമിടൂ എന്ന് അന്നേ വ്യക്തമാക്കി പലരെയും മടക്കി. വിനയൻ സംവിധാനം ചെയ്‌ത വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും എന്ന ചിത്രത്തിന്റെ തമിഴ് പതിപ്പായ കാശിയിലെ അന്ധഗായകന്റെ വേഷത്തിൽ വിക്രം തിളങ്ങി. എന്നാലും ഞാൻ കലാഭവൻ മണിയോളം എത്തിയിട്ടില്ലെന്ന് തുറന്നുപറയാനും വിക്രം മടിച്ചില്ല. അതോടൊപ്പം തന്നെ വാണിജ്യ ഫോർമുലകളെല്ലാം ചേർത്തു തയാറാക്കിയ ജെമിനിയും ഹിറ്റായതോടെ വിക്രത്തിന് പിന്നെ തിരിഞ്ഞുനോക്കേണ്ടി വന്നില്ല.

ഹിറ്റുകളുടെ പരമ്പര തന്നെ വിക്രത്തിന്റെ പേരിൽ കുറിക്കപ്പെട്ടു. ദിൽ, ദൂൾ, സാമി, സമുറായ്, ഭീമ,  അന്യൻ, കന്തസ്വാമി, രാവണൻ, ഐ, ദൈവത്തിരുമകൾ അങ്ങനെ നീളുന്ന സിനിമകളുടെ നിര. പിതാമഹനിലൂടെ രാജ്യത്തെ മികച്ച നടമുള്ള പുരസ്കാരവും. വലിയ ചിത്രങ്ങൾക്കായി വർഷങ്ങൾ തന്നെ മാറ്റിവയ്ക്കുന്ന പതിവുണ്ട് വിക്രമിന് .ഐ മൂന്നു വർഷമെടുത്താണ് തീർത്തത്. അന്യൻ രണ്ടു കൊല്ലവും. ഭീമയ്ക്കായി മൂന്നു കൊല്ലവും 9 മാസവും എടുത്തു. ഒരേ സമയം നായകനും വില്ലനുമായി അഭിനയിച്ചിട്ടുണ്ട് അദ്ദേഹം. ഹിന്ദിയിൽ രാമന്റെ വേഷമെങ്കിൽ തമിഴിൽ രാവണന്റെ വേഷം. മണിരത്നത്തിന്റെ ‘രാവണനി’ലൂടെ അപൂർവങ്ങളിൽ അപൂർവ ഭാഗ്യവും വിക്രത്തിന് കൈവന്നു. ഇപ്പോൾ മണിരത്നത്തിന്റെ സ്വപ്ന ചിത്രമായ പൊന്നിയിൻ സെൽവനിൽ ആദിത്യ കരികാലൻ എന്ന കഥാപാത്രമായും വിക്രം എത്തുന്നു.

ജീവിതത്തിൽ ഉണ്ടായ തിരിച്ചടികളിൽ ഒരിക്കൽ പോലും പതറി വീണിട്ടില്ല വിക്രം.  കോളജ് പഠന കാലത്തു ബൈക്കും ട്രെക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽപ്പെട്ട വിക്രം മൂന്നു വർഷത്തോളം കിടപ്പിലായി. കാലു മുറിച്ചു മാറ്റണം എന്ന ചിന്തയിലേക്ക് വരെ അന്ന് കാര്യങ്ങൾ എത്തി. അത് ഒഴിവാക്കാൻ 23 ശസ്ത്രക്രിയകൾ. ഏറെക്കാലം ക്രച്ചസിലായിരുന്നു നടപ്പ്. പിന്നീട് ആ കാല് വച്ച് സിനിമയിൽ  കാണിക്കാത്ത ആക്ഷനില്ല, ഡാൻസില്ല. നടന്നുകയറാത്ത വഴികളില്ല. ആത്മവിശ്വാസത്തിന്റെ പര്യായമായി വിക്രം നിറഞ്ഞ പതിറ്റാണ്ടുകൾ. സിനിമയ്ക്കൊപ്പം പ്രിയപ്പെട്ടതായി വിക്രത്തിനുള്ളത് കുടുംബവും ആരാധകരുമാണ്.

വിക്രത്തിന് മലയാളം ചവിട്ടി നിൽക്കാൻ ഇടം െകാടുത്ത മണ്ണാണ്. നായകനായി തിളങ്ങും മുൻപ് തന്നെ മലയാളിക്ക് പ്രിയപ്പെട്ട ചുള്ളനായിരുന്നു വിക്രം. അദ്ദേഹത്തിന്റെ ജീവിതത്തിൽ കൂട്ടായി കൈപിടിച്ചതും ഒരു മലയാളി പെൺകുട്ടിയെയാണ്. കണ്ണൂരുകാരി ഷൈലജ ബാലകൃഷ്ണൻ. ഡിഗ്രി കഴിഞ്ഞ് പോസ്റ്റ് ഗ്രാജുവേഷൻ ഡിപ്ലോമ ചെയ്യുന്ന സമയത്താണ് ഷൈലജയെ കാണുന്നത്. അതും അപകടകാലത്ത് തന്റെ ക്രച്ചസില്‍ നടക്കവേ. ഓരോ മണിക്കൂറിലും നിങ്ങളെ ഫോൺ ചെയ്തോട്ടെ എന്ന് ചോദിച്ചുകൊണ്ടാണ് ഷൈലജയോട് പ്രണയം പറഞ്ഞതെന്ന് ഒരിക്കൽ വിക്രം പറഞ്ഞിട്ടുണ്ട്. ‘ഞാനൊരു ക്രിസ്ത്യനാണ്. നീ ഹിന്ദുവും. താലിയിലൊക്കെ വിശ്വസിക്കുന്നുണ്ടോ?’ അങ്ങനെയുള്ള ആചാരങ്ങളിലൊന്നും വിശ്വാസമില്ലെന്ന് ഷൈലജ മറുപടി നൽകിയതോടെ പ്രണയം ശക്തമായി, അത് വിവാഹത്തിലെത്തി. ഞാനൊരു സ്റ്റാർ ആകും എന്നായിരുന്നു അന്ന് ആ പെൺകുട്ടിക്ക് വിക്രം െകാടുത്ത ഉറപ്പ്. പ്രണയിച്ചപ്പോൾ െകാടുത്ത വാക്കിനും ആത്മാർത്ഥതയ്ക്കും കാലം അയാൾക്ക് കാത്തുവച്ചത് താരത്തിന്റെയല്ല സൂപ്പർതാരത്തിന്റെ കസേരയായിരുന്നു. കോടികളുടെ മൂല്യമുള്ള നടനായി വിക്രം മാറി. ഇന്ന് മകൾ അക്ഷിത വിവാഹിതയായി. മകൻ ധ്രുവ് സിനിമയിൽ ചുവടുറപ്പിക്കുന്നു. മകനും കാമുകനും ഭർത്താവും അച്ഛനും മുത്തച്ഛനുമായി വിക്രം ജീവിതത്തിലെ ഓരോ വേഷവും ആസ്വദിക്കുന്നു. തന്നിലെ സിനിമാമോഹത്തിന് വിത്ത് പാകിയത് അച്ഛനാണെന്ന് വിക്രം പലപ്പോഴും പറഞ്ഞിട്ടുണ്ട്. സിനിമാമോഹം കാരണം വീടുവിട്ടിറങ്ങിയ ആളായിരുന്നു അദ്ദേഹം. പക്ഷേ, ചെറിയ റോളുകളേ കിട്ടിയുള്ളൂ. എങ്കിലും അച്ഛന് സിനിമ ജീവനായിരുന്നു. ആ സിനിമാപ്രേമം എന്നിലേക്കുമെത്തി. ഇന്ന് അത് ധ്രുവിലൂടെ തുടരുന്നു.

പ്രായത്തെക്കുറിച്ച് ഞാൻ ചിന്തിക്കാറേയില്ല. നിത്യ യൗവനമാണ് എനിക്ക്. എന്റെ ശരീരം ഏത് റോളിനും വഴങ്ങും. പ്രായമാകാത്ത മനസാണ് എന്നെ നിയന്ത്രിക്കുന്നത്.  ചുറ്റുമുള്ളവർക്ക് പ്രായമായാലും എനിക്ക് ആവില്ല. എന്റെ പ്രായം എന്റെ തോന്നലുകളാണ്. അമ്പതായാലും അറുപതായാലും ഞാൻ‍ ഇങ്ങനെ തന്നെ ഇരിക്കും. അതെന്റ സിനിമകൾക്ക് വേണ്ടിയാണ്. കഥാപാത്രത്തിന് വേണ്ടിയാണ്. എന്തുമാറ്റത്തിനും ഞാനും എന്റെ ശരീരവും മനസും റെഡിയാണ്. ഒരിക്കൽ വിക്രം പറഞ്ഞ വാക്കുകൾ. നിത്യയൗവനം എന്ന വാക്കിനോട് നീതി പുലർത്തുന്നുണ്ട് ഈ പ്രായത്തിലും വിക്രം. പ്രായത്തെ വെറും അക്കമാക്കി തുടക്കക്കാരന്റെ കൗതുകത്തോടെ ഇന്നും വിക്രം ഓരോ സിനിമയെയും സമീപിക്കുന്നു. 'എന്‍ കാതല്‍ കണ്‍മണി' റിലീസാകുമ്പോൾ വെറും ആറുപേർ മാത്രമായിരുന്നു തിയറ്ററിൽ എന്ന് സങ്കടപ്പെട്ട ഇടത്ത് നിന്നാണ്, ഇപ്പോൾ ആ തലവട്ടം കണ്ടാൽ ആർത്തിരമ്പിയെത്തുന്ന ജനക്കൂട്ടത്തിലേക്ക് എത്തിയത്.

വിക്രം എന്ന അഭിനേതാവിന്റെ, സൂപ്പര്‍ താരത്തിന്‍റെ വിജയചരിത്രത്തില്‍ ഏറ്റവും പതിഞ്ഞുകിടക്കുന്ന വാക്ക്  കഠിനാധ്വാനം എന്നതാണ്. തോല്‍ക്കാന്‍ മനസ്സില്ലാത്ത കരുത്താണ് ഈ ഉയരം കുറഞ്ഞ താരത്തിന്റെ ഏറ്റവും വലിയ പോസിറ്റീവ് മന്ത്രം. ഇപ്പോഴും കരിയറില്‍‌ പരാജയങ്ങളും അനിശ്ചിതത്വങ്ങളും ഉയര്‍ന്നുനില്‍പ്പുണ്ട്. അപ്പോഴും ചിയാന്‍ വിക്രത്തെ വലിയൊരു ജനത ഹൃദയത്തിലേറ്റുന്നു. കോബ്രയും പൊന്നിയിന്‍ െസല്‍വനും വലിയ പ്രതീക്ഷയില്‍ എത്തുകയാണ്.  സിനിമയില്‍ വിക്രത്തിന്റെ പരീക്ഷണങ്ങള്‍ ക്ഷീണമേതുമില്ലാതെ തുടരുകയാണ്. സിനിമ ഓരോന്ന് കഴിയുമ്പോഴും അതുക്കും മേലെ. അതുക്കും മേലെ എന്ന ഭാവത്തോടെ വിക്രം പണിയെടുക്കുകയാണ്. വാശിയോടെ, നിശ്ചയദാര്‍ഢ്യത്തോടെ പുതിയ കഥാപാത്രങ്ങളിലേക്ക് പരകായപ്രവേശം നടത്തുന്നു.  

MORE IN ENTERTAINMENT
SHOW MORE