‘പത്ത് രൂപ വാങ്ങുമ്പോൾ രണ്ട് രൂപയുടെയെങ്കിലും ജോലി എടുക്കണം’; നൂറിൻ ഷെരീഫിനെതിരെ വിമർശനം

നടിയും മോഡലുമായ നൂറിൻ ഷെരീഫിനെതിരെ സാന്റാക്രൂസ് സിനിമയുടെ അണിയറ പ്രവർത്തകർ രംഗത്ത്. നൂറിന്റെ നിസഹകരണം കാരണം സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട പരിപാടികൾ പലതും നഷ്ടമായെന്നാണ് ഇവർ ആരോപിക്കുന്നത്. ചിത്രത്തിലെ നായികയാണ് നൂറിൻ. എന്നാൽ പ്രൊമോഷന്‍ പരിപാടികൾക്കൊന്നും താരം പങ്കെടുക്കുന്നില്ലെന്നാണ് നിർമാതാവും സംവിധായകനുമടക്കം പറയുന്നത്.  പത്തുരൂപ വാങ്ങിയാൽ രണ്ടുരൂപയുടെയെങ്കിലും ജോലി എടുക്കേണ്ടേയെന്നും സാന്റാക്രൂസിന്റെ നിർമ്മാതാവ് രാജു ഗോപി ചിറ്റേത്ത് ചോദിക്കുന്നു.

‘നൂറിൻ ചോദിച്ച പണം മുഴുവന്‍ കൊടുത്തു. പ്രൊമോഷന് വരാമെന്ന് അവർ ഏറ്റിരുന്നു. നൂറിന്‍ ഒരു വാക്ക് പറഞ്ഞിരുന്നെങ്കില്‍ അത്രയും ആളുകൾ കൂടി പടം കാണാൻ തിയറ്ററിൽ കേറുമായിരുന്നു. പത്ത് രൂപ വാങ്ങുമ്പോൾ രണ്ട് രൂപയുടെയെങ്കിലും ജോലി എടുക്കണം. എട്ട് രൂപയുടെ ജോലി ചെയ്യേണ്ട. രണ്ട് രൂപയുടെയെങ്കിലും ആത്മാർഥത കാണിക്കണം അതല്ലേ മനസാക്ഷി. മെസേജ് ചെയ്താല്‍ മറുപടി തരില്ല ഫോണ്‍ വിളിച്ചാല്‍ എടുക്കില്ല. ‘എന്നെ കണ്ടാണോ സിനിമയ്ക്ക് കാശ് മുടക്കിയത്’ എന്നാണു നൂറിൻ ഞങ്ങളോട് ചോദിച്ചത്’– എന്നാണ് രാജു ഗോപി ചിറ്റേത്ത് പറയുന്നത്.

നൂറിൻ പങ്കെടുക്കാത്തതിന്റെ പേരില്‍ പല പരിപാടികളും നഷ്ടമായതായി സംവിധായകന്‍ ജോണ്‍സണ്‍ ജോണ്‍ ഫെര്‍ണാണ്ടസും പറഞ്ഞു. ‘നിര്‍മാതാവ് ഒടിടിയ്ക്ക് എതിരല്ല. അദ്ദേഹത്തിന്റെ വേദനയാണ് പങ്കുവച്ചത്. പുതുമുഖത്തെ വച്ച് സിനിമ ചെയ്യാന്‍ ആരുണ്ടാകും. സിനിമയുടെ റിലീസിന്റെ തലേ ദിവസമുള്ള വാര്‍ത്താസമ്മേളനത്തില്‍ നൂറിനെതിരേ സംസാരിക്കേണ്ടെന്ന് പറഞ്ഞത് ഞാനാണ്. പക്ഷേ ഇപ്പോള്‍ പറയാതെ പറ്റില്ല എന്നായി. നൂറിൻ ഇല്ലാത്തത് കൊണ്ട് ചാനല്‍ പ്രൊമോഷൻ പ്രോഗ്രാം ഒന്നും കിട്ടുന്നില്ല. അവരെ കുറ്റപ്പെടുത്തുന്നതല്ല. അവര്‍ക്ക് അതുകൊണ്ട് കാര്യമില്ല. 

നൂറിന്‍ സഹകരിക്കാത്തതുകൊണ്ട് ഇങ്ങനെയുള്ള സാഹചര്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നു. നൂറിന്‍ ഉണ്ടെങ്കില്‍ സ്ലോട്ട് തരാമെന്നാണ് പറയുന്നത്. എല്ലാവരും നൂറിനെക്കുറിച്ചാണ് ചോദിക്കുന്നത്. ഈ സിനിമയില്‍ അധികം പ്രശസ്തരില്ല. അജു വര്‍ഗീസ് ഗസ്റ്റ് റോളിൽ ആണ്. ഇന്ദ്രന്‍സ് ചേട്ടനൊക്കെ എപ്പോള്‍ വിളിച്ചാലും വരും. അദ്ദേഹത്തിന് സമയം ഇല്ലാത്തത്കൊണ്ടാണ്’– എന്നും സംവിധായകന്‍ ജോണ്‍സണ്‍ ജോണ്‍ പറയുന്നു. എന്നാൽ നിർമ്മാതാവിന്റെയും സംവിധായകന്റെയും ആരോപണങ്ങളോട് നൂറിൻ ഷെരിഫ് ഇതുവരെ പ്രതികരിച്ചിട്ടില്ല.