ബേസിലിന്റെ സെറ്റിൽ സഞ്ജു സാംസൺ; സർപ്രൈസ്

sanju-samson
SHARE

ബേസിൽ ജോസഫും ദർശനാ രാജേന്ദ്രനും മുഖ്യവേഷങ്ങളിലെത്തുന്ന സിനിമയുടെ സെറ്റിൽ അപ്രതീക്ഷിത സന്ദർശനവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ. വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ‘ജയ ജയ ജയ ജയഹേ’ എന്ന സിനിമയുടെ കൊല്ലത്തെ സെറ്റിലാണ് സഞ്ജു എത്തിയത്. ഇതിന്റെ ചിത്രങ്ങൾ സംവിധായകൻ വിപിൻ ദാസ് സമൂഹമാധ്യമത്തിൽ പങ്കുവച്ചു. 

മുത്തുഗൗ, അന്താക്ഷരി എന്നീ ചിത്രങ്ങൾക്കും ശേഷം വിപിൻ ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ജയ ജയ ജയ ജയഹേ. ബേസിലിനും ദർശനയ്ക്കുമൊപ്പം മലയാളത്തിലെ മറ്റു പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അയർലൻഡിനെതിരായ ട്വന്റി20 ടീമിൽ ഉൾപ്പെട്ട സഞ്ജു, ട്രെയിനിങ് സെഷനുകൾക്ക് വേണ്ടി പോകുന്നതിനു മുൻപാണ് സുഹൃത്തിന്റെ ചിത്രത്തിന്റ സെറ്റിൽ എത്തിയത്. 

ഐപിഎല്ലിൽ, സഞ്ജു ക്യാപ്റ്റനായ രാജസ്ഥാൻ റോയൽസിന്റെ ഒരു മത്സരം കാണാൻ ബേസിലും ഭാര്യയും മുംബൈയിലെ ഡോ. ഡി.വൈ. പാട്ടിൽ സ്പോർട്സ് അക്കാദമി സ്റ്റേഡിയത്തിൽ എത്തിയിരുന്നു.സഞ്ജുവും ബേസിലും പരസ്പരം ചോദ്യങ്ങൾ ചോദിക്കുകയും ഉത്തരങ്ങൾ നൽകുകയും ചെയ്യുന്ന മാതൃകയിൽ തയാറാക്കിയ യുട്യൂബ് വിഡിയോകൾ മുൻപു വൻ പ്രചാരം നേടിയിരുന്നു. 

ക്രിക്കറ്റിലേക്കുള്ള കടന്നുവരവിനെക്കുറിച്ചും തന്റെ സിനിമാ കാഴ്ചകളെക്കുറിച്ചുമെല്ലാം സഞ്ജു തുറന്നു പറഞ്ഞിരുന്നു. ഒക്ടോബറിൽ, ഓസ്ട്രേലിയയിൽ ട്വന്റി20 ലോകകപ്പ് നടക്കാനിരിക്കെ, അയർലൻഡിനെതിരെയുള്ള ട്വന്റി20 പരമ്പര സഞ്ജുവിന് നിർണായകമാണ്.

MORE IN ENTERTAINMENT
SHOW MORE