'നല്ല സിനിമയെ മലയാളി നെഞ്ചേറ്റും’; കമല്‍‌ഹാസന് മറുപടിക്കുറിപ്പിട്ട് ആന്റോ

വിക്രം സിനിമയ്ക്കു ലഭിക്കുന്ന പ്രതികരണങ്ങളിൽ പ്രേക്ഷകരോടും സഹപ്രവർത്തകരോടും പ്രത്യേകിച്ച് മലയാളികളോട് നന്ദി പറഞ്ഞ കമൽഹാസന് മറുപടിയുമായി നിര്‍മാതാവ് ആന്റോ ജോസഫ്. മലയാളത്തിന് നല്‍കിയ പരിഗണനയ്ക്ക് നന്ദി പറയുന്ന കുറിപ്പില്‍, വിക്രം സിനിമയ്ക്കും കമൽഹാസനും ആശംസകള്‍ നേരുന്നു ആന്റോ.  കമല്‍ഹാസന്‍ ട്വിറ്ററിലൂടെ പങ്കുവച്ച വിഡിയോ മലയാളികൾക്ക് അഭിമാനമേകുന്നതാണ്. ഒരുകാലത്ത് നമ്മെ ത്രസിപ്പിച്ച കമൽ യുഗത്തിന്റെ പുനരാരംഭമാണ് വിക്രം. ‘ഭാഷ ഏതായാലും നല്ല സിനിമകള്‍ എല്ലായ്‌പ്പോഴും മലയാളികള്‍ നെഞ്ചിലേറ്റുന്നു' എന്ന അദ്ദേഹത്തിന്റെ ആദ്യവാചകം കേള്‍ക്കുമ്പോള്‍ ഒരു സിനിമാകൊട്ടകയിലെന്നോണം ചൂളം കുത്താനും കയ്യടിക്കാനും തോന്നിപ്പോകുന്നു- കുറിപ്പ് പറയുന്നു. 

മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ കമലിന്റെ വിഡിയോകള്‍ രാജ്കമല്‍ ഫിലിംസിന്റെ ട്വിറ്റര്‍ പേജിലാണ് പോസ്റ്റ് ചെയ്തത്. ആന്റോ ജോസഫ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിങ്ങനെ:

കമല്‍ഹാസന്‍ ട്വിറ്ററിലൂടെ പങ്കുവച്ച വിഡിയോ നമ്മള്‍ മലയാളികള്‍ക്ക് അഭിമാനമേകുന്നതാണ്. ‘‘ഭാഷ ഏതായാലും നല്ല സിനിമകള്‍ എല്ലായ്‌പ്പോഴും മലയാളികള്‍ നെഞ്ചിലേറ്റുന്നു’’ എന്ന അദ്ദേഹത്തിന്റെ ആദ്യവാചകം കേള്‍ക്കുമ്പോള്‍ ഒരു സിനിമാകൊട്ടകയിലെന്നോണം ചൂളം കുത്താനും കയ്യടിക്കാനും തോന്നിപ്പോകുന്നു. യഥാര്‍ഥത്തില്‍ നമ്മള്‍ കമല്‍സാറിനാണ് നന്ദി പറയേണ്ടത്. ഒരുകാലത്ത് നമ്മെ ത്രസിപ്പിച്ച കമൽ യുഗത്തിന്റെ പുനരാരംഭമാണ് 'വിക്രം'. 

ഉലകം മുഴുവന്‍ വീണ്ടും നിറഞ്ഞുപരക്കുകയാണ് ഈ നായകന്‍. ഞങ്ങളെ വീണ്ടും കയ്യടിപ്പിക്കുകയും കോരിത്തരിപ്പിക്കുകയും രസിപ്പിക്കുകയും ഇന്നലെകളെ തിരികെത്തരികയും ചെയ്തതിന് പ്രിയ കമല്‍സാര്‍... ഹൃദയത്തില്‍ നിന്നുള്ള നന്ദി. ഈ പടപ്പുറപ്പാടില്‍ അദ്ദേഹത്തിനൊപ്പം മലയാളികളായ പ്രതിഭകള്‍ കൂടിയുണ്ട് എന്നതും സന്തോഷം ഇരട്ടിയാക്കുന്നു. 

ഫഹദ്ഫാസില്‍, ചെമ്പന്‍വിനോദ്, നരേയ്ന്‍, കാളിദാസ് ജയറാം, ഗിരീഷ് ഗംഗാധരന്‍ തുടങ്ങിയ നമ്മുടെ സ്വന്തം ചുണക്കുട്ടന്മാര്‍ കമല്‍സാറിനും 'വിക്രം' എന്ന സിനിമയുടെ വലിയ വിജയത്തിനുമൊപ്പം ചേര്‍ന്നുനിൽക്കുന്നതുകാണുമ്പോള്‍ ഭാഷയുടെ അതിര്‍വരമ്പുകള്‍ ഇല്ലാതാകുന്നതും സിനിമ എന്ന കലാരൂപം എല്ലാ വ്യത്യാസങ്ങള്‍ക്കും മീതേ തലയുയര്‍ത്തി നില്കുന്നതും തിരിച്ചറിയാം. 

കൈതിയും മാസ്റ്ററും മാനഗരവും നമുക്ക് സമ്മാനിച്ച ലോകേഷ് കനകരാജ് വിക്രമിലൂടെ വീണ്ടും ഞെട്ടിക്കുന്നു. അയല്‍പക്കത്തെ സംവിധായകപ്രതിഭയ്ക്ക് സല്യൂട്ട്. നമുക്ക് സുപരിചിതനായ വിജയ്‌സേതുപതിയുടെ മികവും ഈ സിനിമ കണ്ടിറങ്ങുമ്പോള്‍ മനസില്‍ മായാതെ നിൽക്കും. കമല്‍ സാര്‍ പറയും പോലെ ആ അവസാന മൂന്നുമിനിട്ടില്‍ നിറഞ്ഞാടിയ സൂര്യ ഉയര്‍ത്തിയ ആരവങ്ങള്‍ ഒരു തുടര്‍ച്ചയ്ക്ക് വിരലുകള്‍കൊരുത്ത് കാത്തിരിക്കാന്‍ നമ്മെ പ്രേരിപ്പിക്കുന്നു...‘അടുത്തസിനിമയില്‍ ഞങ്ങള്‍ മുഴുവന്‍ സമയവും ഒന്നിച്ചുണ്ടാകും’ എന്ന കമല്‍സാറിന്റെ വാഗ്ദാനം നല്കുന്ന ആവേശം ചെറുതല്ല. 

ഇനിയും ഇത്തരം കൂട്ടായ്മകളിലൂടെ നല്ലസിനിമകളും വമ്പന്‍ഹിറ്റുകളും സൃഷ്ടിക്കപ്പെടട്ടെ...കമല്‍സാറിനും വിക്രം സിനിമയുടെ എല്ലാ അണിയറപ്രവര്‍ത്തകര്‍ക്കും ഒരിക്കല്‍ക്കൂടി ആശംസകളറിയിക്കുന്നു.