‘എമ്പുരാനിൽ റോളുണ്ടോ എന്നറിയില്ല; പൃഥ്വി മനസ് തുറക്കുന്നില്ല’

indrajith-card
SHARE

യാത്രകൾ ഇഷ്ടപ്പെടുന്ന നടനാണ് ഇന്ദ്രജിത്ത്. ഓരോ വളവുകളും പുതിയ തുടക്കമാണെന്നാണ് താരത്തിന്റെ അഭിപ്രായം. ഇപ്പോൾ ഒരു പുതിയ വളവിലെത്തി നിൽക്കുകയാണ്, പത്താം വളവിൽ. ഈ വളവ് ഒരു തുടക്കമാകുമോ?

ഇതൊരു പുതിയ തുടക്കമാകട്ടെ എന്ന് പ്രാർഥിക്കുന്നു. പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന പ്രോജക്ടാണ്. സംവിധായകൻ എം. പത്മകുമാറുമായി ഇരുപതു വർഷത്തിലേറെയായുള്ള ബന്ധമാണ്. എന്റെ മൂന്നാമത്തെ ചിത്രമായ മിഴി രണ്ടിലും രഞ്ജിത്തിന്റെ അസോസിയേറ്റായിരുന്നു പപ്പേട്ടൻ. നീണ്ട ഇരുപതു വർഷത്തിനു ശേഷം വീണ്ടും പപ്പേട്ടനുമായി ഒരു സിനിമ ചെയ്തതിന്റെ ത്രില്ലിലാണ്. 

പത്താം വളവ് ഇൻവെസ്റ്റിഗേഷനാണോ ?

ഫാമിലി-ഇമോഷനൽ-ഡ്രാമ വിഭാഗത്തിൽപ്പെടുന്നതാണ്. സമൂഹത്തിൽ ഒളിഞ്ഞു കിടക്കുന്ന സോഷ്യൽ ഈവിളിനെ ചൂണ്ടിക്കാട്ടുന്നതാണ് ചിത്രം. എന്റർടെയ്ൻമെന്റ് എന്നു പറയാൻ പറ്റില്ല. 

ജോസഫിലെ പത്മകുമാർ മാജിക് ആവർത്തിക്കുമോ ?

തീർച്ചയായും. കുറച്ചു കഥപാത്രങ്ങൾ മാത്രമേയുള്ളൂ. പക്ഷെ എല്ലാ കഥപാത്രങ്ങൾക്കും ആഴമുണ്ട്. 

സുരാജ് വെഞ്ഞാറമൂടുമായുള്ള കോമ്പിനേഷൻ ?

അടുത്ത സുഹൃത്താണ്. നിരവധി സിനിമകളും സ്റ്റേജ് ഷോകളും ചെയ്തിട്ടുണ്ട്. പക്ഷെ ഇത്രയധികം കോമ്പിനേഷൻ രംഗങ്ങളിൽ വരുന്നത് ആദ്യമാണ്. നമ്മുടെ പെർഫോമൻസ് നമ്മളെ മാത്രം ആശ്രയിച്ചല്ല. മറുവശത്തു ആരാണെന്നതും പ്രധാനമാണ്. അവർ കൂടി മികച്ച പ്രകടനം പുറത്തെടുത്താലേ നമ്മളും മെച്ചപ്പെടൂ. അപ്പോഴേ ഓരോ രംഗവും മികച്ചതാകൂ. അവിടെയാണ് സുരാജിന്റെ സാന്നിധ്യം ഗുണം ചെയ്യുന്നത്. 

തുടർച്ചയായി പൊലീസ് വേഷങ്ങൾ ?

അവിചാരിതമാണ്. ചിലതൊക്കെ കോവിഡിനു മുൻപ് ചെയ്തതാണ്. പക്ഷെ റിലീസായപ്പോൾ ഒരുമിച്ചായിപ്പോയി. അതുകൊണ്ടു തോന്നുന്നതാണ.് കോൺസ്റ്റബിൾ മുതൽ ഡ‍ിജിപി വരെയുള്ള പദവികൾ ഞാൻ കവർ ചെയ്തു കഴിഞ്ഞു. സുരാജ് വെഞ്ഞാറമൂട് അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത് മോഹൻലാലിനു ഓണററി പദവി കിട്ടിയ പോലെ ഇന്ദ്രജിത്തിനും എന്തെങ്കിലും റാങ്ക് കിട്ടാൻ സാധ്യതയുണ്ടെന്ന്. തുടർച്ചയായ പൊലീസ് വേഷം വലിയ ഉത്തരവാദിത്തവും വെല്ലുവിളിയുമാണ്. ഓരോ പൊലീസ് വേഷവും വ്യത്യസ്തമാക്കാൻ ശ്രമിച്ചിട്ടുണ്ട്. കുറുപ്പിലെ കൃഷ്ണദാസല്ല, നെറ്റ് ഡ്രൈവിലെ ബെന്നി മൂപ്പൻ. പൊലീസ് റോൾ മികച്ച രീതിയിൽ ചെയ്യുന്നതു കൊണ്ടാണ് അത്തരം വേഷങ്ങൾ എന്നെ തേടിയെത്തുന്നത്. 

ടെപ്പ് ചെയ്യപ്പെടുമെന്ന പേടിയുണ്ടോ ?

ടെപ്പ് ചെയ്യപ്പെടരുതെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. എനിക്ക് 20 വർഷത്തെ അനുഭവസമ്പത്തുണ്ട്. പല വേഷങ്ങളും ചെയ്താണ് ഇവിടെ വരെയെത്തിയത്. അഞ്ചോ ആറോ പൊലീസ് വേഷങ്ങൾ ചെയ്തെന്നു കരുതി ടെപ്പ് ചെയ്യപ്പെടില്ല. ടെപ്പ് ചെയ്യപ്പെടാതിരിക്കുക എന്നത് ഒരു വെല്ലുവിളിയായി ഏറ്റെടുക്കുന്നു. 

ഇൻവെസ്റ്റിഗേഷൻ സിനിമകൾ കൂടി വരുന്നുണ്ടോ ?

കഴിഞ്ഞ പത്തു വർഷത്തിനിടെ നല്ല ത്രില്ലർ സിനിമകൾ ഉണ്ടായിട്ടുണ്ട്. കൂടാതെ ഒടിടി പ്ളാറ്റ്ഫോം മുൻതൂക്കം കൊടുക്കുന്നത് ത്രില്ലർ സിനിമകൾക്കാണ.് മലയാളത്തിലെ ഒരു കോമഡി സിനിമ സബ്ടൈറ്റിൽ ഇട്ട് അന്യ ഭാഷയിൽ ഇറക്കിയാൽ ഓടില്ല. എന്നാൽ ത്രില്ലർ സിനിമകൾ ഏതു ഭാഷയിൽ ഇറക്കിയാലും ആളുകൾ സ്വീകരിക്കും. 

സിനിമയിൽ 20 വർഷം. ആഗ്രഹിച്ച വേഷം കിട്ടിയോ ?

പലതരത്തിലുള്ള വേഷങ്ങൾ ചെയ്യാൻ സാധിച്ചു. പക്ഷെ ഒരു ആഗ്രഹം ബാക്കിയുണ്ട്. ഒരു പീരിയോഡിക് വേഷം. അതായത് ചരിത്രനായകൻ. വളരെയധികം സമയമെടുത്ത് ആഴത്തിൽ പഠിച്ച്, ഗവേഷണം നടത്തി ഒരു വേഷം. പഴശ്ശിരാജ പോലെ. 

പൂർണിമയുടെ തിരിച്ചു വരവ് ?

അഭിനയത്തെ ആവേശത്തോടെ കാണുന്നയാളാണ് പൂർണിമ. ബിസിനസും കുടുംബകാര്യങ്ങളൊക്കെയായി ഒരു ബ്രേക്ക് വന്നു. തിരിച്ചു വരുന്നത് നല്ലകാര്യമല്ലേ. ആഗ്രഹിച്ച കാര്യങ്ങൾ ചെയ്യാൻ ജീവിതം ഒന്നല്ലേയുള്ളൂ. കല്യാണം കഴിഞ്ഞാൽ വീട്ടിൽ ഒതുങ്ങിക്കൂടുന്നതൊക്കെ പഴയ ചിന്താഗതിയാണ്. ഓരോ വ്യക്തിയ്ക്കും സ്വതന്ത്രമായി തീരുമാനങ്ങളെടുക്കാം. അതിനു അനുവാദം ചോദിക്കേണ്ട കാര്യമൊന്നുമില്ല. അഭിനയത്തിൽ സജീവമാകണമെന്നത് പൂർണിമയുടെ ഏറെ നാളത്തെ ആഗ്രഹമാണ്. എല്ലാവിധ പിന്തുണയും ഞാൻ നൽകും. 

എമ്പുരാനിൽ വേഷമുണ്ടോ

പൃഥ്വിരാജും മുരളിഗോപിയുമാണ് അതു തീരുമാനിക്കേണ്ടത്. മുരളിയോടു ഞാൻ പരമാവധി വിവരങ്ങൾ ചോർത്തിയെടുക്കാൻ ശ്രമിക്കുന്നുണ്ട്. എമ്പുരാനിൽ വേഷമുണ്ടെന്നു പ്രതീക്ഷിക്കുന്നു. സ്ക്രിപ്റ്റിങ് പൂർണമാകുന്നേയുള്ളൂ. അടുത്ത വർഷം ഷൂട്ടിങ് തുടങ്ങുമെന്നു കരുതുന്നു. 

MORE IN ENTERTAINMENT
SHOW MORE