റോക്കട്രി - ദി നമ്പി ഇഫക്ട് കാൻ ഫിലിം ഫെസ്റ്റിവലിലേക്ക്; വേൾഡ് പ്രീമിയർ മെയ് 19ന്

ഐഎസ്ആർഒ മുൻ ശാസ്ത്രജ്ഞൻ പദ്മഭൂഷൺ നന്പി നാരായണന്‍റെ ജീവിതം ആസ്പദമാക്കിയ റോക്കട്രി- ദ നമ്പി ഇഫക്ട് കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കും. മെയ് 19ന്  ആയിരിക്കും വേൾഡ് പ്രീമിയറെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ആണ് അറിയിച്ചത്. ഇന്ത്യ-ഫ്രഞ്ച് നയതന്ത്ര സഹകരണം 75 വർഷം പിന്നിടുന്ന അവസരത്തിൽ, ഫിലിം ഫെസ്റ്റിൽ ഇന്ത്യയ്ക്ക് കൺട്രി ഓഫ് ഓണർ ബഹുമതി നൽകിയിട്ടുണ്ട്. ഇതാദ്യമായാണ് ഇത്തരത്തിൽ ഒരു രാജ്യത്തെ ആദരിക്കുന്നത്. ഇന്ത്യൻ സിനിമയെയും സംസ്കാരത്തെയും പാരന്പര്യത്തെയും പരിചയപ്പെടുത്തുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.

ഇതിന്റെ ഭാഗമായാണ് റോക്കട്രി- ദ നന്പി ഇഫക്ട് പ്രദർശനത്തിനായി ഔദ്യോഗികമായി തെരഞ്ഞെടുത്തിരിക്കുന്നത്. ബോളിവുഡ്, കോളിവുഡ് സൂപ്പർ താരം ആർ. മാധവൻ ആണ്ചിത്രത്തിന്റെ സംവിധായകൻ. മാധവൻ തന്നെയാണ് നന്പി നാരായണനായി അഭിനയിക്കുന്നതും. വരുന്ന  ജൂലൈ ഒന്നിന് ചിത്രം ലോകമെന്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കെയാണ് വലിയ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. പ്രമുഖ മലയാളി വ്യവസായിയായ ഡോ. വര്‍ഗീസ് മൂലന്‍റെ  വര്‍ഗീസ് മൂലൻ പിക്ച്ചേഴ്സും, ആര്‍. മാധവന്‍റെ ട്രൈകളർ ഫിലിംസും, ഹോളിവുഡ് പ്രൊഡക്ഷൻ കമ്പനിയായ 27th ഇൻവെസ്റ്റ്മെന്‍റ്സും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.

വ്യാജമായുണ്ടാക്കിയ ചാരക്കേസിനെ തുടർന്ന് നന്പി നാരായണൻ എന്ന ശാസ്ത്രജ്ഞന്‍റെ വ്യക്തി ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും എന്ത് സംഭവിച്ചു? ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തെ എങ്ങനെ ബാധിച്ചു? അതാണ് ചിത്രം പറയുന്നത്. ശ്രീ.നന്പി നാരായണന്‍റെ ആത്മകഥ -ഓർമകളുടെ ഭ്രമണപഥത്തിന്റെ രചയിതാവും ക്യാപ്റ്റൻ, വെള്ളം തുടങ്ങിയ ഹിറ്റ് സിനിമകളുടെ സംവിധായകനുമായ ജി. പ്രജേഷ് സെൻ ആയിരുന്നു ചിത്രത്തിന്റെ കോ ഡയറക്ടർ.

വിവിധ ഭാഷകളിൽ റോക്കട്രി റിലീസ് ചെയ്യുന്നുണ്ട്. ഒരേ സമയം ഇംഗ്ലീഷിലും, ഹിന്ദിയിലും, തമിഴിലും ചിത്രീകരിക്കുകയും മലയാളം, തെലുങ്ക് , കന്നഡ ഭാഷാകളിലേക്ക് മൊഴിമാറ്റുകയും ചെയ്തിട്ടുണ്ട്. അറബിക്, ഫ്രഞ്ച്, സ്പാനിഷ്, ജര്‍മ്മൻ, ചൈനീസ്, റഷ്യന്‍, ജാപ്പനീസ് തുടങ്ങിയ അന്താരാഷ്ട്ര ഭാഷകളിലും ചിത്രം എത്തുന്നു. ഒരേ സമയം ഏറ്റവും കൂടുതൽ ഭാഷകളിൽ പുറത്തിറങ്ങുന്ന ആദ്യ ഇന്ത്യൻ ചിത്രമായിരിക്കും ‘റോക്കട്രി- ദ നമ്പി ഇഫക്ട്.’

ചിത്രത്തിൽ ബോളിവുഡ് മെഗാസ്റ്റാർ ഷാരൂഖ് ഖാനും, കോളിവുഡ് സൂപ്പർ സ്റ്റാർ സൂര്യയും അതിഥി വേഷത്തിൽ എത്തുന്നുണ്ട്. സിമ്രാനാണ് നായിക. വിവിധ പ്രായത്തിലുള്ള നമ്പി നാരായണനെ അവതരിപ്പിക്കുന്നതിനായി മാധവന്‍ നടത്തിയ ശാരീരിക മാറ്റങ്ങളും, മേക്ക്ഓവറുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഫിലിസ് ലോഗൻ(Phyllis Logan), വിൻസന്റ് റിയോറ്റ( Vincent Riotta), റോൺ ഡൊനാഷേ( Ron Donaiche ) തുടങ്ങിയ ഹോളിവുഡ് താരങ്ങളും രജിത് കപൂർ, രവി രാഘവേന്ദ്ര , മിഷ ഖോഷൽ, ഗുൽഷൻ ഗ്രോവർ, കാർത്തിക് കുമാർ, തുടങ്ങിയ ബോളിവുഡ് താരങ്ങളും മലയാളി താരം ദിനേഷ് പ്രഭാകറും പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.

ഇന്ത്യ, ഫ്രാൻസ്, അമേരിക്ക, കാനഡ, ജോർജിയ, സെർബിയ, റഷ്യ തുടങ്ങിയ രാജ്യങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. പ്രമുഖ വിതരണ കമ്പനികളായ യുഎഫ്ഒ (UFO Moviez,) യാഷ് രാജ് ഫിലിംസ് (Yash Raj Films), എജിഎസ് സിനിമാസ്( AGS Cinemas), ഫാർസ് ഫിലിംസ് (Phars Films )എന്നിവരാണ് റോക്കട്രീ  ഇന്ത്യയിലും, ലോകരാജ്യങ്ങളിലെ  മറ്റ് തീയേറ്ററുകളിലും എത്തിക്കുന്നത്.