പിങ്ക് സ്യൂട്ടിൽ സുന്ദരിയായി ആലിയ; വിവാഹശേഷമുള്ള ആദ്യ ചിത്രം പുറത്ത്

സമൂഹമാധ്യമങ്ങളിൽ വൈറലായി ആലിയ ഭട്ടിന്റെ പുതിയ ചിത്രം. വിവാഹശേഷം പുറത്തുവരുന്ന ആദ്യ ചിത്രമായതുകൊണ്ടു തന്നെ വലിയതോതിലുള്ള പ്രതികരണങ്ങളാണ് ലഭിക്കുന്നത്. പിങ്ക് സ്യൂട്ടിൽ, അധികം ആഭരണങ്ങൾ ധരിക്കാതെ കയ്യിൽ ഹാന്‍ഡ് ബാഗുമായി നിൽക്കുന്ന ആലിയയുടെ ചിത്രം നിമിഷനേരം കൊണ്ടാണ് വൈറലായത്. 

ഏപ്രിൽ പതിനാലിനായിരുന്നു ആലിയ- രൺബീർ വിവാഹം. വിവാഹശേഷം ഇരുവരും സിനിമാ തിരക്കുകളിലേക്ക് പോകുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. രൺബീർ ഇന്നലെ മുതൽ തന്നെ ഷൂട്ടിങ്ങിനു പോയിതുടങ്ങി. കരൺ ജോഹറിന്റെ റോക്കി ഔർ റാണി കി പ്രേം കഹാനി എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് സെറ്റിലേക്ക് തിരിക്കുമ്പോൾ മുംബൈ വിമാനത്താവളത്തിൽ വച്ചുള്ളതാണ് ആലിയയുടെ ഇപ്പോൾ പ്രചരിക്കുന്ന ചിത്രം. രൺവീർ സിങ്ങാണ് ചിത്രത്തിന്റെ നായകൻ. 

'ബ്രഹ്മാസ്ത്ര' എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് ആലിയയും രൺബീറും തമ്മിൽ പ്രണയത്തിലായത്. അഞ്ചു വർഷത്തെ പ്രണയത്തിനൊടുവിലാണ് താരങ്ങൾ വിവാഹിതരായത്.