രമേശൻ നൽകിയ ധൈര്യം മുഹമ്മദ് കുട്ടിയെ സിനിമയിലെത്തിച്ചു, ശേഷം മമ്മൂട്ടിയായി

mammootty-rameshan
SHARE

എറണാകുളം ബിടിഎച്ച് ഹോട്ടലിൽ എം.ടി. വാസുദേവൻ നായർ എത്തിയിട്ടുണ്ടെന്നറിഞ്ഞ 2 മഹാരാജാസ് കോളജ് വിദ്യാർഥികൾ. രണ്ടു പേരും വൈക്കം സ്വദേശികൾ; ഒരാൾ കവിതാ മത്സരങ്ങളിലും മറ്റു സാഹിത്യമത്സരങ്ങളിലും സമ്മാനം നേടുന്നയാൾ–എസ്.രമേശൻ. മറ്റേയാൾ ൈവക്കം ചെമ്പ് സ്വദേശി മുഹമ്മദ് കുട്ടി. 

മുഹമ്മദ്കുട്ടിക്കു സിനിമ അഭിനിവേശമായിരുന്നു. അവസരങ്ങൾ കൊതിക്കുമ്പോഴാണു കോളജിനടുത്ത ഭാരത് ടൂറിസ്റ്റ് ഹോമിൽ (ബിടിഎച്ച്) വിശ്വസാഹിത്യകാരനായ ചലച്ചിത്രകാരന്റെ സാന്നിധ്യം. സാഹിത്യമത്സരങ്ങൾ വഴി രമേശന് എംടിയോടു ചെറിയൊരടുപ്പമുണ്ട്. അതാണു ബിടിഎച്ചിലേക്കു ചെല്ലാൻ ധൈര്യം പകർന്നത്. ആ സംഭാഷണത്തോടെ  മുഹമ്മദ് കുട്ടിക്കു ‘വിൽക്കാനുണ്ട് സ്വപ്നങ്ങളിൽ’ ചെറിയ റോൾ ഒത്തു. വ്യാഴാഴ്ച പുലർച്ചെ 2.10ന് അന്തരിച്ച കവി എസ്.രമേശന്റെ വിയോഗത്തിൽ മമ്മൂട്ടി സമൂഹമാധ്യമത്തിലൂടെ വേദനയറിയിച്ചപ്പോൾ സഹപാഠിയോടുള്ള കടപ്പാടു കൂടിയാണു പ്രതിഫലിച്ചത്.

1973ൽ എറണാകുളം മഹാരാജാസ് കോളജ് ക്യാംപസിനെ ഹരംകൊള്ളിച്ച പ്രചാരണമായിരുന്നു ‘രമേശന്റെ തിരിച്ചുവരവ്’. മുൻ മന്ത്രി ടി.എം.തോമസ് ഐസക്ക് ചുക്കാൻ പിടിച്ച പ്രചാരണം. ബിരുദവിദ്യാർഥിയായിരിക്കെ  കലാ, സാഹിത്യ മത്സരങ്ങളിൽ കോളജിനായി വിജയങ്ങൾ കൊയ്ത എസ്.രമേശൻ ബിരുദപഠനം പൂർത്തിയാക്കിയശേഷം കോളജിലേക്കു തിരിച്ചുവരുമോ എന്ന ആശങ്കയ്ക്ക് അറുതിയിട്ടായിരുന്നു എംഎയ്ക്കു ചേരാനുള്ള ആ തിരിച്ചുവരവ്. 

അങ്ങനെ തുടർച്ചയായി രണ്ടു തവണ രമേശൻ മഹാരാജാസ് കോളജ് യൂണിയന്റെ ചെയർമാനായെന്ന് ഓർക്കുകയാണു പൂർവ വിദ്യാർഥിയും ഇന്നു കോളജ് വികസന സമിതി അംഗവുമായ സിഐസിസി ജയചന്ദ്രൻ. രാജ്യസഭാംഗവും സിപിഐ നേതാവുമായ ബിനോയ് വിശ്വം ഒരുതവണ ചെയർമാൻ സ്ഥാനത്തേക്കു രമേശന്റെ എതിരാളിയായിരുന്നു. 1970 മുതൽ 1975 വരെ മഹാരാജാസ് വിദ്യാർഥിയായിരുന്ന രമേശൻ 1975 മുതൽ എറണാകുളം ഗവ. ലോ കോളജിൽ നിയമപഠനം നടത്തി. അക്കാലത്ത് എറണാകുളം മേനോൻ ആൻഡ് കൃഷ്ണൻ കോളജിൽ അധ്യാപകനുമായി. 1976 ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂറിൽ ക്ലർക്കായി. 78ൽ കേന്ദ്ര സാമൂഹിക ക്ഷേമ ബോർഡിൽ വെൽഫെയർ ഓഫിസറായി നിയമനം ലഭിച്ചപ്പോൾ ബാങ്ക് ജോലി വിട്ടു. 

1981ൽ ഗ്രാമവികസന വകുപ്പിൽ ബ്ലോക്ക് ഡവലപ്മെന്റ് ഓഫിസറായി. 1996 മുതൽ 2001 വരെ സാംസ്കാരിക മന്ത്രി ടി.കെ.രാമകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയായിരിക്കെ കേരളത്തിന്റെ സാംസ്‌കാരിക നയരൂപീകരണം, ചലച്ചിത്ര അക്കാദമി രൂപീകരണം, തിരുവനന്തപുരത്ത് വൈലോപ്പിള്ളി സംസ്കൃതി ഭവൻ സ്ഥാപനം, കേരള ചരിത്ര ഗവേഷണ കൗൺസിൽ രൂപീകരണം, തൃപ്പൂണിത്തുറയിൽ ആർക്കിയോളജി വകുപ്പിനു കീഴിൽ ആർക്കിയോളജി, ഹെറിറ്റേജ്, ആർട്, ഹിസ്റ്ററി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപനം, തിരൂരിലെ തുഞ്ചൻ സ്മാരക ട്രസ്റ്റിനു സ്വതന്ത്ര പ്രവർത്തനാവകാശം നൽകൽ, തകഴിയിൽ തകഴി സ്മാരക കേന്ദ്രം സ്ഥാപിക്കൽ തുടങ്ങിയവയിലെല്ലാം രമേശൻ നിർണായക പങ്കു വഹിച്ചു

MORE IN ENTERTAINMENT
SHOW MORE