വാൾ വീശി മരയ്ക്കാർ; തരംഗമായി രണ്ടാം ടീസറും; വിഡിയോ

marakkar-second-teaser
SHARE

റെക്കോർഡ് സൃഷ്ടിച്ച ആദ്യ ടീസറിനു പിന്നാലെ ‘മരയ്ക്കാർ - അറബിക്കടലിന്റെ സിംഹം’ ചിത്രത്തിന്റെ  രണ്ടാമത്തെ ടീസറും പുറത്ത്. ദൃശ്യവിസ്മയത്തിന്റെ വിരുന്ന് തന്നെയാകും ചിത്രം ഒരുക്കുകയെന്നു പുറത്തിറങ്ങിയ രണ്ടു ടീസറുകളും വ്യക്തമാക്കുന്നു. 23 സെക്കൻഡാണ് രണ്ടാമത്തെ ടീസർ. അർജുൻ സർജയും നായകനായ മോഹൻലാലും ടീസറിൽ ഉണ്ട്. 

ആദ്യ ടീസർ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ പത്തുലക്ഷം ആളുകളാണ് കണ്ടത്. മൂന്ന് ലക്ഷത്തിനു മുകളിൽ ലൈക്സും ടീസറിനു ലഭിച്ചു. ‘മരക്കാർ’ തരംഗത്തിൽ ഫെയ്സ്ബുക്കും ഞെട്ടി. ‘എപ്പിക് ടീസർ’ എന്നായിരുന്നു ടീസര്‍ പങ്കുവച്ച മോഹൻലാലിന്റെ ഔദ്യോഗിക പേജിൽ ഫെയ്സ്ബുക്ക് ടീം കമന്റ് ചെയ്തത്. സിനിമയുടെ ടീസറിനു പ്രതികരണമറിയിച്ച് ഫെയ്സ്ബുക്ക് തന്നെ നേരിട്ട് എത്തുന്നത് ഇതാദ്യമാണ്.

മലയാളത്തിലെ എക്കാലത്തെയും വമ്പന്‍ ചിത്രം ഡിസംബര്‍ രണ്ടിന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുകയാണ്. ആരാധകരും പ്രേക്ഷകരും സിനിമാലോകവും വന്‍ ആവേശത്തിലാണ്. ലോകമൊട്ടാകെ മൂവായിരം സ്ക്രീനുകളിലാണ് ചിത്രം റിലീസിനെത്തുന്നത്.

അഞ്ചു ഭാഷകളില്‍ ആയി ഒരുക്കിയ ഈ ചിത്രം ഇന്ത്യയിലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരം ഉള്‍പ്പെടെ, മൂന്നു ദേശീയ അവാര്‍ഡുകളും മൂന്നു സംസ്ഥാന അവാര്‍ഡുകളും നേടിയിട്ടുണ്ട്. മോഹന്‍ലാലിനൊപ്പം അര്‍ജുന്‍, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, സുഹാസിനി, പ്രഭു എന്നിവരും മരക്കാറിലുണ്ട്. മൂണ്‍ ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള, കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ റോയ് സി ജെ എന്നിവരാണ് മരക്കാറിന്റെ സഹനിര്‍മാതാക്കള്‍. 

പോർച്ചുഗീസുകാരും സാമൂതിരിയും തമ്മിൽ നടത്തിയ കടൽ യുദ്ധങ്ങളുടെ പശ്ചാത്തലത്തിലാണ് സാമൂതിരിയുടെ നാവിക മേധാവികളായ കുഞ്ഞാലി മരയ്ക്കാർമാർ ചരിത്രത്തിൽ ഇടം പിടിക്കുന്നത്. 1507നും 1600നും ഇടയിൽ 4 കുഞ്ഞാലിമാരാണുണ്ടായിരുന്നത്. ഇതിൽ 4–ാം കുഞ്ഞാലിയായ മുഹമ്മദ് കുഞ്ഞാലിയുടെ കഥയാണ് സിനിമ പറയുന്നത്.

MORE IN ENTERTAINMENT
SHOW MORE