ശ്രമിക്കാമെന്നു പറഞ്ഞു; സുരേഷ് ഗോപി കൈവിട്ടില്ല; സന്തോഷ് ‘കാവലി’ ൽ പാടി

singerwb
SHARE

 പരിമിതികൾക്കിടയിലും സംഗീത വഴികളിൽ കാലിടറാതെ മുന്നേറിയ സന്തോഷ് പിന്നണി ഗാനരംഗത്തേക്ക്. സന്തോഷ്  പാടിയ ഗാനം സാമൂഹിക മാധ്യമങ്ങളിൽ ഇപ്പോൾ സൂപ്പർ ഹിറ്റാണ്. മൂന്നാം വയസ്സിൽ പോളിയോ ബാധിച്ചു ഇരുകാലുകൾക്കും ബലക്ഷയം സംഭവിച്ച  സന്തോഷ് ഈ മാസം 25ന് പുറത്തിറങ്ങുന്ന സുരേഷ് ഗോപി നായകനായ ‘കാവൽ’ സിനിമയിൽ ‘കാർമേഘം മൂടുന്നു... കണ്ണീരായി പെയ്യുന്നു’  എന്ന ഗാനം ആലപിച്ചാണ് സിനിമാ ലോകത്തും സംഗീത പ്രേമികളുടെ ഹൃദയത്തിലും ഇഷ്ടതാരമായി മാറുന്നത്.മഴവിൽ മനോരമയും സുരേഷ് ഗോപിയുമാണ് സന്തോഷിന്റെ ഭാഗ്യ വഴിക്ക് നിമിത്തമായത്. 

2019ൽ മഴവിൽ മനോരമയിലെ നിങ്ങൾക്കുമാകാം കോടീശ്വരൻ എന്ന ഷോയിൽ മത്സരിക്കാൻ സന്തോഷിന്റെ ഭാര്യ സംഗീതയ്ക്കു അവസരം ലഭിച്ചിരുന്നു. കൂടെപ്പോയ സന്തോഷ് ഗാലറിയിലിരുന്നു മത്സരം കാണുന്നതിനിടെ അവതാരകനായ സുരേഷ് ഗോപിക്ക് സന്തോഷിനെ അറിയാൻ ഇടയായി. നല്ല പാട്ടുകാരനാണെന്ന് അറിഞ്ഞതോടെ ഒരു പാട്ടു പാടിപ്പിച്ചു. മനോഹരമായ പാട്ടു കേട്ട സുരേഷ് ഗോപി ആഗ്രഹം ചോദിച്ചു. തനിക്കു സിനിമയിൽ ഒരു പാട്ടെങ്കിലും പാടണം എന്നായിരുന്നു മറുപടി. എളുപ്പമല്ല എന്നറിയാമായിരുന്നിട്ടും ശ്രമിക്കാം എന്നു സുരേഷ് ഗോപിയും പറഞ്ഞു. 

എന്നാൽ സുരേഷ് ഗോപി കൈവിട്ടില്ല, രഞ്ജിത് പണിക്കരുടെ മകൻ നിതിനുമായി സംസാരിച്ച സന്തോഷിന്റെ ശബ്ദം പരീക്ഷിച്ചു നോക്കാൻ ആവശ്യപ്പെട്ടു. അങ്ങനെയാണു നിതിൻ സംവിധാനം ചെയ്യുന്ന കാവൽ എന്ന സിനിമയിലെ പിന്നണി ഗായകനിലേക്കുള്ള വഴി തുറക്കുന്നത്. ഒരാഴ്ച മുൻപാണു പാട്ട് റിലീസ് ആയത്. മണിക്കൂറുകൾക്കം സിനിമാ പ്രേമികൾ ഏറ്റെടുത്തു. ബി.കെ. ഹരിനാരായണന്റെ  വരികൾക്ക് രഞ്ജിൻ രാജാണ് സംഗീതം പകർന്നത്.ബിടെക് ബിരുദധാരിയായ സന്തോഷ് സ്വന്തം സ്ഥാപനമായ വൈജൻ ടെക്നോളജിയുടെ സിഇഒ കൂടിയാണ്. പോളിയോ ബാധിച്ച പരിമിതികൾക്കിടയിലും സംഗീതവും കംപ്യൂട്ടർ മേഖലയും ഒരുപോലെ കൊണ്ടുപോകുന്നു. എം.ജി. രാധാകൃഷ്ണനു കീഴിൽ സംഗീതം പഠിച്ച സന്തോഷ് 1997ൽ തിരുവനന്തപുരം ജില്ലാ സ്കൂൾ കലോത്സവത്തിൽ മികച്ച ഗായകനും കലാ പ്രതിഭയുമായി.

സന്തോഷിന്റെ ജീവിതത്തിനും സംഗീതത്തിനും താങ്ങായി ഭാര്യ സംഗീത കടന്നു വന്നത് നാലു വർഷം മുൻപാണ്. വിവാഹ പരസ്യം കണ്ടാണു അധ്യാപികയായ കോട്ടയം പാലാ സ്വദേശി സംഗീത സന്തോഷിന്റെ ജീവിതത്തിലേക്കു കടന്നു വന്നത്. പിന്നെ കൈത്താങ്ങും തണലുമായി സംഗീതം ഒപ്പമുണ്ട്. അപ്പു , സരോജം ദമ്പതികളുടെ മകനാണ് സന്തോഷ്. വെളളിയേപ്പള്ളി ചിലമ്പിൽ എൻ.എ ചന്ദ്രൻ, സാവിത്രി ദമ്പതികളുടെ മകളാണ് സംഗീത.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...