എമ്മിയില്‍ തിളങ്ങി ദ് ക്രൗണും ടെഡ് ലാസോയും; നെറ്റ്ഫ്ലിക്സിന് 44 പുരസ്കാരം; റെക്കോർഡ്

emmy-awards-4
SHARE

എഴുപത്തിമൂന്നാമത് എമ്മി പുരസ്കാരങ്ങളില്‍ തിളങ്ങി ദ് ക്രൗണും ടെഡ് ലാസോയും. മികച്ച ഡ്രാമ , നടന്‍, നടി ഉള്‍പ്പെടെ 11 പുരസ്കാരങ്ങളാണ് ദ് ക്രൗണ്‍ സ്വന്തമാക്കിയത്. ലിമിറ്റഡ് സീരീസ് വിഭാഗത്തില്‍ ഇവാന്‍ മക്ഗ്രെഗറും കെയ്റ്റ് വിന്‍സ്‍ലെറ്റുമാണ് മികച്ച നടനും നടിയും. ഒരു  വര്‍ഷം ഏറ്റവും കൂടുതല്‍ പുരസ്കാരം നേടുന്ന റെക്കോര്‍ഡ് 44 പുരസ്കാരങ്ങള്‍ നേടി നെറ്റ്ഫ്ലിക്സ് സ്വന്തമാക്കി.

ഡ്രാമാ വിഭാഗത്തിലെ മികച്ച ഡ്രാമ, നടന്‍, നടി, സഹനടന്‍, നടി, സംവിധായകന്‍, തിരക്കഥാകൃത്ത് എന്നീ പ്രധാന ഏഴ് പുരസ്കാരങ്ങളാണ് ദ് ക്രൗണ്‍ ഇന്ന് സ്വന്തമാക്കിയത്. ക്രൗണിനുളള നാല് പുരസ്കാരങ്ങള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. 13 നോമിനേഷനുകളുമായെത്തിയ ടെഡ് ലാസോയ്ക്ക് മികച്ച കോമഡി സീരീസ് ഉള്‍പ്പെടെ ഏഴ് പുരസ്കാരങ്ങളാണ് ലഭിച്ചത്. ടെഡ് ലാസോയിലെ അഭിനയത്തിന് ജേസണ്‍ സുഡേക്കിസാണ് മികച്ച നടനുള്ള പുരസ്കാരം. ഹാക്സിലെ അഭിനയത്തിന് ഷോണ്‍ സ്മാര്‍ട്ടാണ് മികച്ച നടി. ഹാക്സ് സംവിധാനം ചെയ്ത ലൂസിയ അനെയ്‍ലോ ആണ് മികച്ച സംവിധായിക.

ലിമിറ്റഡ് സീരീസില്‍ മികച്ച പരമ്പര, സംവിധായകന്‍, എന്നീ പുരസ്കാരങ്ങള്‍ ദ ക്വീന്‍സ് ഗാംബിറ്റ് നേടി. മികച്ച ടോക് ഷോ ആയി ലാസ്റ്റ് വീക്ക് ടുണൈറ്റ് വിത്ത് ജോണ്‍ ഒലിവറും മികച്ച സ്കെച്ച് സീരീസായി സാറ്റര്‍ഡേ നൈറ്റ് ലൈവും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച മല്‍സര പരിപാടിയായി തിരഞ്ഞെടുക്കപ്പെട്ട റുപോള്‍സ് ഡ്രാഗ് റേസ് റിയാല്‍റ്റി ഷോയുടെ അവതാരകന്‍ റുപോള്‍ ചാള്‍സ് തന്റെ പതിനൊന്നാമത്തെ എമ്മി പുരസ്കാരമാണ് സ്വന്തമാക്കിയത്. ലൊസാഞ്ചലസിലെ മൈക്രോസോഫ്റ്റ് തീയറ്ററില്‍ നടന്ന വര്‍ണാഭമായ ചടങ്ങിലാണ് പുരസ്കാരങ്ങള്‍ വിതരണം ചെയ്തത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...