സാര്‍പട്ട പരമ്പരൈയിലെ മലയാളി; ഡാൻസിങ്ങ് റോസായി വിസ്മയിപ്പിച്ച് ഷബീര്‍

shabeer
SHARE

ചെന്നൈയിലെ  ബോക്സിങ് പാരമ്പര്യം ഒരിക്കല്‍ കൂടി ചര്‍ച്ചയിലേക്കു കൊണ്ടുവരികയാണു പാ.രഞ്ജിത്തിന്റെ സര്‍പാട്ടെ പരമ്പരൈ.വടചെന്നൈയിലെ   'കുത്തുചണ്ടൈ' കളരികളിലെ കഥയും ജീവിതവും പറഞ്ഞ സിനിമ പുറത്തുവന്നപ്പോള്‍  നായകനോ പ്രതിനായകനോ അല്ല ചര്‍ച്ചയില്‍  നിറഞ്ഞു നില്‍ക്കുന്നത്. മുഴുനീള കഥാപാത്രമായ റോസ് ആണ്. തുടക്കം മുതല്‍ ഒടുക്കം വരെ എനര്‍ജി പാക്കായി  കാണികളെ വിസ്മയിപ്പിച്ച റോസായി മാറിയത് ഒരു മലയാളിയാണ്. കോഴിക്കോട് വടകരക്കാരന്‍ ഷബീര്‍ കല്ലറയ്ക്കല്‍.

കടത്തനാട്ടില്‍ നിന്ന് ആയോധന കലകളിലൂടെ റോസിലേക്ക്

വടകരക്കാരനാണെങ്കിലും  മലയാളം അത്രയ്ക്കു വഴങ്ങില്ലെന്നു സംസാരത്തിനിടെ  പലവട്ടം  ഷബീര്‍ പറയും. വ്യാപാര ആവശ്യാര്‍ഥം ഷബീറിന്റെ ഉപ്പയും ഉമ്മയും വളരെ കാലം മുന്‍പു ചെന്നൈയിലേക്കു കുടിയേറിയതാണ്. സമുദ്രോല്‍പന്ന, വസ്ത്ര കയറ്റുമതി രംഗത്താണു കുടുംബം സജീവം. ഷബീര്‍ ജനിച്ചു വളര്‍ന്നത് ചെന്നൈയിലാണ്.  അതാണ്  മലയാളം വഴങ്ങുന്നില്ലെന്ന  പറച്ചിലിന്റെ കാരണം. വളരെ ചെറിയ പ്രായത്തിലെ നടനാകണമെന്ന് ആഗ്രഹിച്ചു സിനിമയിലെത്തിയതൊന്നുമല്ല താനെന്ന് ഷബീര്‍ പറയുന്നു. അണ്‍ എക്സ്പക്റ്റഡ് എന്‍ട്രി എന്നാണു ഷബീറിന്റെ വാക്ക്. ചെറുപ്പത്തില്‍ ക്രിക്കറ്റിലായിരുന്നു കമ്പം. വലിയ കളിക്കാരനാകണമെന്നായിരുന്നു സ്വപ്നം. ചെന്നൈയിലെ ലീഗ് മല്‍സരങ്ങളില്‍ ഒട്ടേറെ തവണ പന്തും ബാറ്റുമായി ഇറങ്ങിയിട്ടുമുണ്ട്. കോളജ് പഠനകാലത്തു പോക്കറ്റ് മണിക്കായി ചെറിയ ചെറിയ ജോലികള്‍ ചെയ്തിരുന്നു ഷബീര്‍ .ജോലി ചെയ്തിരുന്ന സ്ഥാപനം സിനിമകള്‍ക്കു ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ സപ്ലൈ ചെയ്യുന്നുണ്ടായിരുന്നു. മണിരത്നത്തിന്റെ ആയുധമെഴുത്തിന് കോളജ് കുട്ടികളെ നല്‍കിയത് ഈ കമ്പനിയായിരുന്നു.കൂട്ടത്തില്‍ ഷബീറിനെയും  ജൂനിയര്‍ ആര്‍ട്ടിസ്റ്റായി  കമ്പനി സിനിമയിലിറക്കി. ഷൂട്ടും എഡിറ്റും കഴിഞ്ഞു സിനിമ തിയറ്ററിലെത്തിയപ്പോള്‍ ചില കൂട്ടുകാര്‍ ഷബീറിനെ വിളിച്ച് ‍ഡാ.. നിന്നെ സിനിമയില്‍ കണ്ടെന്നു പറഞ്ഞു. അതോ‍ടെയാണു സിനിമയാണു കരിയറെന്നു തീരുമാനിച്ചത്.

കളരി–നാടകം – സിനിമ


2004 ല്‍ ആയുധമെഴുത്തില്‍ മുഖം കാണിച്ച ഷബീര്‍ പിന്നീട് സ്വയം അന്വേഷണത്തിന്റെ പാതയിലായിരുന്നു. സിനിമ മേഖലയുമായി കുടുംബത്തിലോ ബന്ധുക്കള്‍ക്കോ  ആര്‍ക്കും ഒരു പരിചയവുമില്ല. എങ്ങനെ സിനിമയിലെത്തിപ്പെടാമെന്ന് ഉപദേശിക്കാന്‍ പോലും ആരുമില്ല. സിനിമയാണു ലക്ഷ്യമെന്നുറപ്പിച്ചതോടെ അതിനായി ഇറങ്ങിപുറപ്പെട്ടു. ആദ്യം ഡാന്‍സ് പഠിച്ചു. ചെറുപ്പത്തില്‍ പഠിച്ച കളരിയുടെ ബാലപാഠങ്ങള്‍ ഡാന്‍സില്‍ ഉപകരിച്ചതോടെ കൂടുതല്‍ ആയോധന കലകള്‍ പഠിക്കാന്‍ തീരുമാനിച്ചു. പിന്നീട് ചെന്നെത്തിയതു ചെന്നൈയിലെ തിയറ്റര്‍ രംഗത്താണ്. പ്രമുഖ നാടക പഠന കളരി കൂടിയായ 'കുത്തുപട്ടരെ' തിയറ്റര്‍ ഗ്രൂപ്പിലെ ജയകുമാറിന്റെ കീഴിലായിരുന്നു പഠനം. ഈ കളരിയാണ് ഷബീറിലെ നടനെ രൂപപ്പെടുത്തുന്നത്.

നായകനായി, ആരും അറിഞ്ഞില്ല.

ഷബീറിന്റെ ആദ്യ ചിത്രമൊന്നുമല്ല സര്‍പാട്ടെ പരമ്പരൈ. 2004 ല്‍ ആയുധമെഴുത്തില്‍ മുഖം കാണിച്ചു. ഏറെ നാളത്തെ കാത്തിരിപ്പിനും തയാറെടുപ്പുകള്‍ക്കും ശേഷം നായകനായി തന്നെ നടനായി അരങ്ങേറ്റം കുറിച്ചു. 2014 ല്‍ നുറുങ്കിവാ മുത്തമിടാതെ എന്ന റോഡ് മൂവിയിലായിരുന്നു അരങ്ങേറ്റം. മെഡിമിക്സ് ഗ്രൂപ്പ് ഉടമ  എ.വി അനൂപ് നിര്‍മ്മിച്ച  ദിലീപിന്റെ ചക്കരമുത്തില്‍ അഭിനയിച്ചിട്ടുള്ള ലക്ഷ്മി  രാമകൃഷ്ണന്‍ തിരക്കഥയും സംവിധാനവും നിര്‍ഹിച്ച സിനിമ പക്ഷേ  തിയറ്ററില്‍  കാര്യമായി ഓടിയില്ല. തൊട്ടുപിറകെ 2016 ല്‍   രാഘവേന്ദ്ര പ്രസാദിന്റെ സൈക്കോളജിക്കല്‍ ത്രില്ലര്‍ 54321 ലും  നായകനായി.ആദ്യ ചിത്രത്തിന്റെ ഗതി തന്നെ. അപ്പോഴും  പ്രതീക്ഷ കൈവിടാതെ ഓരോ അണുവിലും ഇംപ്രവൈസേഷന്‍ വരുത്തി  ഷബീര്‍ കാത്തിരുന്നു. ആദ്യചിത്രത്തില്‍ മുഖം കാണിച്ച് നീണ്ട 14 വര്‍ഷങ്ങള്‍ക്കു ശേഷമാണു സര്‍പാട്ടെ പരമ്പരയിലേക്ക്  ഓഡിഷനുള്ള വിളിയെത്തുന്നത്. ആയോധന കലകളിലെ മികവും പവര്‍ഫുള്‍  ബോഡിയുമുള്ള ഷബീറിനെ  റോസാക്കാന്‍ പറ്റുമെന്നു കാസ്റ്റിങ് ഡയറക്ടര്‍ നിത്യയാണു സംവിധായകനെ അറിയിക്കുന്നത്.  ലുക്കിലും അഭിനയത്തിലും സംവിധായകന്‍ രഞ്ജിത്് അടക്കമുള്ളവരും സംതൃപ്തര്‍

ഉമ്മ കാണാത്ത സിനിമ

സിനിമ കാണുന്നവര്‍ എല്ലാം ചോദിക്കുന്നതു റോസിനെ കുറിച്ചാണ്. പേരിലെ മലയാളിത്തം കണ്ടു തിരയുന്ന മലയാളികളും കുറവല്ല. പക്ഷേ ഷബീറിന്റെ പ്രിയപ്പെട്ടവരില്‍ പ്രിയപ്പെട്ട ഒരാള്‍ മാത്രം സിനിമ കണ്ടിട്ടില്ല. റോസിനെ കുറിച്ചോ  അഭിനയിച്ച ഒരു വേഷത്തെ കുറിച്ചോ  ഇതുവരെ ചോദിച്ചിട്ടില്ല.മറ്റാരുമല്ല സ്വന്തം  ഉമ്മയാണത്. ഉമ്മയ്ക്കു സിനിമ ഇഷ്ടമല്ല. മകന്‍ സിനിമാ നടന്‍ ആകുന്നതില്‍ വലിയ താല്‍പര്യവുമില്ല. അഭിനയത്തെ കുറിച്ചോ,വേഷങ്ങളെ കുറിച്ചോ ഉമ്മ ഒന്നും ചോദിക്കാറുമില്ല. പക്ഷേ അഭിനയമാണ്/ സിനിമയാണ്  തന്റെ മേഖലയെന്നു ഷബീര്‍ തീരുമാനിച്ചപ്പോള്‍  തടയുകയോ നിരുല്‍സാഹപ്പെടുത്തുകയോ ചെയ്തില്ല. ഉപ്പ സിനിമയെ കുറിച്ചു സംസാരിക്കാറില്ലെങ്കിലും പിന്തുണയ്ക്കുന്നുണ്ട്.

റിയല്‍ ഫൈറ്റ്

നാടക തട്ടില്‍ നിന്നാണു  ഷബീര്‍ വരുന്നത്. നിറയെ കാണികള്‍ക്കു മുന്നില്‍ വേണം അഭിനയിക്കാന്‍. ഏറ്റവും ചെറിയ റെസ്പോണ്‍സ് പോലും സ്പൊണ്ടേനിയസായി നേരിട്ട് അറിയാന്‍ കഴിയുമെന്നതാണു നാടകത്തിന്റെ പ്രത്യേകത. കാണികളുടെ ഈ പ്രോത്സാഹനങ്ങള്‍ അഭിനേതാക്കള്‍ക്കു വലിയ ഊര്‍ജമാണു നല്‍കുക. സിനിമയിലെ ബോക്സിങ് സീനുകള്‍ ഷൂട്ട് ചെയ്തത് റിയലായാണ്. നിറയെ കാണികളുള്ള റിങിലായിരുന്നു ഷൂട്ട്. പലതവണ ഇടികൊണ്ടു,ചെറിയ പരുക്കുവരെ വറ്റി.


ഡാന്‍സിങ് റോസിനെ തേടി നിരവധി ഓഫറുകള്‍ ,കരുതലോടെ ഷബീര്‍


സിനിമ മികച്ച പ്രതികരണമാണു നേടുന്നത്. ഡാന്‍സിങ് റോസിനെ കുറിച്ചും ചര്‍ച്ചകള്‍ സജീവമാണ്. സിനിമ കണ്ടു നിരവധി പ്രമുഖര്‍ ഷബീറിനെ വിളിച്ച് അഭിനന്ദനം അറിയിച്ചു. മലയാളം, തെലുങ്ക് ,തമിഴ് സിനികളില്‍ നിന്നു നിരവധി അവസരങ്ങളും ഷബീറിനെ തേടി വരുന്നുണ്ട്. ഒന്നിനും ഇതുവരെ കൈകൊടുത്തിട്ടില്ല ‍. ആലോചിച്ചു കരുതലോടെ മതിയെന്നാണു നിലവിലെ തീരുമാനം. ഒരു പക്ഷേ വൈകാതെ ഡാന്‍സിങ് റോസിനെ മലയാള തിരശീലയിലും നമുക്ക് കണാനായേക്കും. മലയാളി സംവിധായകരും ഷബീറിന്റെ പുറകേയുണ്ട്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...