'ദാസന്റെയും വിജയന്റെയും മക്കൾ; പാടി താളമിട്ട് വിനീതും പ്രണവും; വിഡിയോ

അഭിനയത്തിലും പാട്ടിലും ഒപ്പം സംവിധാനത്തിലും മികവു തെളിയിച്ച വിനീത് ശ്രീനിവാസന്റെ പുതിയ വിഡിയോ സോഷ്യൽ മീഡിയയിലി‍ വൈറലാകുകയാണ്. പ്രണവ് മോഹൻലാലിനൊപ്പമുള്ള ജാമിങ് സെഷൻ വിഡിയോയാണ് താരം പങ്കുവച്ചിരിക്കുന്നത്.‘റോക്ക് ഓൺ’ എന്ന ചിത്രത്തിലെ പാട്ട് പാടുന്ന വിനീതും തൊട്ടടുത്ത് ഗിറ്റാറിൽ താളം പിടിക്കുന്ന പ്രണവും. ഇവർക്കൊപ്പം നിഖിൽ നായരുമുണ്ട് വിഡിയോയിൽ. രണ്ടു മിനിട്ടോളം ദൈർഘ്യമുള്ള വിഡിയോ ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. വിനീതിന്റെ ഭാര്യ ദിവ്യയും വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. പാട്ടിന്റെ അവസാനം എല്ലാവരും ചേർന്നു തമാശ പറഞ്ഞു ചിരിക്കുന്നതും കാണാം. 

വിനീത് പങ്കുവച്ച വിഡിയോയ്ക്കു താഴെ പ്രമുഖരുൾപ്പെടെ നിരവധി പേരാണു പ്രതികരണങ്ങളുമായെത്തിയത്. ആരാധകരുടെ രസകരമായ ചില കമന്റുകളും പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു. ‘ദാസന്റെയും വിജയന്റെയും മക്കൾ’ എന്നാണ് ഒരു ആരാധിക സരസമായി കുറിച്ചത്. മോഹൻലാല്‍–ശ്രീനിവാസന്‍ കൂട്ടുകെട്ടിലെ പ്രശസ്തമായ കഥാപാത്രങ്ങളെ സൂചിപ്പിച്ചുകൊണ്ടാണ് ഈ കമന്റ്. ‌

പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കുന്ന ‘ഹൃദയം’ എന്ന ചിത്രത്തിനു വേണ്ടിയുള്ള കാത്തിരുപ്പിലാണ് ആരാധകരിപ്പോൾ. ‘ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം’ പുറത്തിറങ്ങി അഞ്ച് വര്‍ഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രവുമായി എത്തുന്നത്. കല്യാണി പ്രിയദര്‍ശനും ദര്‍ശന രാജേന്ദ്രനും നായികമാരായെത്തുന്ന ചിത്രമാണ് ‘ഹൃദയം’.