ആ സിംഹാസനം ഒഴിഞ്ഞു തന്നെ; ലോഹിതദാസിന്റെ ഓർമയിൽ മലയാള സിനിമ

ലോഹിതദാസിന്റെ ഓർമ്മകളിലാണ് ഈ ദിവസം മലയാള സിനിമ. വിടവാങ്ങിയിട്ട് വ്യാഴവട്ടമെത്തുമ്പോഴും ആ സിംഹാസനം ഒഴിഞ്ഞു തന്നെ കിടക്കുന്നു. ലോഹിതദാസിന്റെ തിരക്കഥകളിൽ അടിത്തറയുള്ള 14 ചലച്ചിത്ര സൗധങ്ങൾ പണിതത് സംവിധായകൻ സിബി മലയിലാണ്. 'പാതിപങ്ക് പാറിപ്പറന്നു പോയിട്ട് പന്ത്രണ്ടാണ്ടുകൾ' എന്നാണ്  ഇന്നലെ രാത്രി സമൂഹ മാധ്യമങ്ങളിൽ അദ്ദേഹം കുറിച്ചത്.  സിനിമയ്ക്കും ആ വിടവാങ്ങൽ ഏൽപ്പിച്ചത് സമാനമായ ആഘാതം. വിഡിയോ റിപ്പോർട്ട് കാണാം. 

1987 ൽ തനിയാവർത്തനത്തിലായിരുന്നു 'തിരക്കഥ - ലോഹിതദാസ്' എന്ന് മലയാളി ആദ്യം കണ്ടത്. കൃത്യം പത്തുവർഷം പിന്നിട്ടപ്പോൾ സംവിധായകൻ ലോഹിതദാസ് പിറന്നു. പത്തു വർഷത്തിനിപ്പുറം നിവേദ്യം എന്ന അവസാന ചിത്രം. ജീവിതത്തിലെ തീവ്രമായ അനുഭവങ്ങളായിരുന്നു 'ലോഹിക്കഥ'കളുടെ ആധാരം. അവയിലേറെയും മലയാളി അടുത്തറിഞ്ഞ കുടുംബപുരാണങ്ങളായിരുന്നു.

ലോഹിതദാസിന്റെ സിനിമകളിലൂടെ നിരവധി പ്രതിഭകൾ മലയാള സിനിമയിലെത്തി. അദ്ദേഹത്തിന്റെ തിരക്കഥകൾ താരങ്ങളെ സൃഷ്ടിച്ചില്ല. പകരം താരങ്ങളെ മികച്ച നടനിലേക്ക് ഉയർത്തി. കലാമൂല്യമുള്ള ജനപ്രിയ സിനിമകൾ തുടർച്ചയായി പിറവികൊണ്ടപ്പോൾ മലയാളത്തിലെ മികച്ച എഴുത്തുകാരനിലേക്ക് ലോഹിതദാസും ഉയർത്തപ്പെട്ടു. അപ്പോഴും നാട്ടിടവഴികളിൽ കഥാപാത്രങ്ങൾ തേടിയലഞ്ഞു ആ മനസ്. സിനിമ ഇന്ന് പുതുവഴി തേടുമ്പോൾ അമരത്ത് ലോഹിതദാസില്ല. എങ്കിലും അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങൾ ആ മാറ്റത്തിന് ശക്തി പകരുന്നുണ്ട്.