സുബിയുടെ ‘ഫെമിനിസ്റ്റ്’ ചിത്രം വൈറൽ; വിവാദം; പോസ്റ്റ് പിൻവലിച്ചു

subi-suresh
SHARE

ഫെമിനിസവും ഫെമിനിസ്റ്റുകളും പലപ്പോഴും വിമർശനങ്ങൾക്കു വിധേയരാകാറുണ്ട്. അതിനു കാരണങ്ങൾ നിരവധിയുണ്ടുതാനും. സോഷ്യൽമീഡിയയിലും മറ്റും ഫെമിനിസ്റ്റുകൾ നിരന്തരം ട്രോളിനു വിധേയരാകാറുണ്ട്. 

നടി സുബി സുരേഷിന്റെ ‘ഫെമിനിസ്റ്റ്’ ചിത്രമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. ഫെമിനിസത്തെ പരിഹസിക്കുന്ന രീതിയിൽ നടി പങ്കു വച്ച ചിത്രമാണ് വിവാദമായത്. ഫെമിനിസ്റ്റ് ലുക്കിനെ പരിഹസിച്ച് മുടി പൊക്കി കെട്ടി വച്ച് വലിയ കണ്ണടയും പൊട്ടും വലിയ മൂക്കുത്തിയും കറുപ്പ് നിറമുള്ള കുർത്തയും അണിഞ്ഞ് ഗൗരവഭാവത്തോടെയുള്ള ഫോട്ടോകളാണ് താരം പങ്കുവച്ചത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ വൈറലാകുകയായിരുന്നു. വിവാദമായതിനെ തുടർന്ന് താരം പോസ്റ്റ് പിൻവലിച്ചു. 

കോമഡി തില്ലാന എന്ന പ്രോഗ്രാമിലെ ഒരു ക്യാരക്ടര്‍ ഫോട്ടോയാണിതെന്നും വെറുതേ 'ഫെമിനിസ്റ്റ്' എന്ന് ക്യാപ്ഷനും ഇടുകയായിരുന്നുവെന്നും താരം പിന്നീട് ഫെയ്സ്ബുക്ക് പേജിൽ വിശദീകരിച്ചു. പിന്നെ ഒന്നും പറയേണ്ട... പലരും പല രീതിയിലാണ് ഈ പോസ്റ്റിനെ വ്യാഖ്യാനിച്ചത്. ഉള്ളതു പറയാമല്ലോ എനിക്ക് ഫെമിനിസ്റ്റുകളോട് എതിര്‍പ്പും ഇല്ല, അടുപ്പവും ഇല്ല. ഫെമിനിസം എന്താണെന്ന് ഗാഢമായ അറിവുമില്ല. വെറുതേ ഒരു വിവാദത്തിനു വഴി വെക്കേണ്ട എന്നു കരുതിയാണ് ആ പോസ്റ്റ് ഡിലീറ്റ് ചെയ്തത്– താരം കുറിച്ചു. 

താരത്തെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായപ്രകടനങ്ങളുമായി നിരവധി പേർ എത്തി. നിരവധി ഫോളവേഴ്സുള്ള താരത്തിന്റെ പ്രൊഫൈലിൽ നിന്നും ഇത്തരം ഒരു പോസ്റ്റ് വന്നത് ഖേദകരമാണെന്നാണ് ഭൂരിപക്ഷത്തിന്റെയും അഭിപ്രായം. 

എന്താണ് ഈ ചിത്രം കൊണ്ട് ഉദ്ദേശിച്ചത് എന്ന ഒരാളുടെ ചോദ്യത്തിന് ‘ആ’ എന്നാണ് താരത്തിന്റെ മറുപടി. എത്രകാലം നിങ്ങൾ ഈ പൊതുബോധത്തെ തൃപ്തിപ്പെടുത്തി ജീവിക്കും എന്ന് ചോദിക്കുന്നവരും ഉണ്ട്. ഫെമിനിസത്തെ ട്രോളിയതിനെ ആഘോഷിക്കുന്നവരെയും കാണാം. പാർവതി തിരുവോത്തിനെ പോലയാകണ്ട. ഫെമിനിസ്റ്റാകാത്ത സുബിയെയാണ് ഇഷ്ടം എന്നും കമന്റ് ചെയ്തവരും ഉണ്ട്. സുബിയുടെ പോസ്റ്റിന്റെ സ്ക്രീൻ ഷോട്ടുകളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...