ജോജിയുടെ ഊട്ടിയിൽ കൈലാഷ്; വിരുന്നെത്തി അപ്രതീക്ഷിത അതിഥി; വിഡിയോ

kailash-actor
SHARE

യാത്രകൾ സന്തോഷവും സമാധാനവുമാണ് നടൻ കൈലാഷിന്. അത്രമേൽ സ്വകാര്യമായി ഓരോ യാത്രകളെയും കാണാൻ ഇഷ്ടപ്പെടുന്ന വ്യക്തിയുമാണ്. അതുകൊണ്ടുതന്നെ കൈലാഷിന്റെ യാത്രകളെക്കുറിച്ച് അധികമൊന്നും അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റുകളിൽ പോലും കാണില്ല. ആ പ്രത്യേക നിമിഷങ്ങളും യാത്രകൾ നൽകുന്ന സന്തോഷവും അനുഭവിച്ച് അറിയേണ്ടതാണെന്നാണ് കൈലാഷിന്റെ പക്ഷം. 

യാത്രാവിശേഷങ്ങൾ മനോരമ ന്യൂസ്.കോമിനോട് സംസാരിക്കുമ്പോൾ കൈലാഷ് ഊട്ടിയിലാണ്. സുഹൃത്തുക്കളായ ഡോ.അജു കെ.നാരായണനും ജോളി ജോസഫും ഒപ്പമുണ്ട്. ഊട്ടിയിലെ കുണ്ണൂരിലുള്ള സുഹൃത്തിന്റെ വീട്ടിലാണ് താമസം. അവിടെച്ചെന്ന് ഇറങ്ങിയപ്പോൾ തന്നെ കൈലാഷിനെ കാത്തിരുന്നത് ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു കാഴ്ചയായിരുന്നു‌. ഒരു കാട്ടുപോത്ത്. ഇടക്കിടക്ക് ഈ അതിഥി വീട്ടിൽ സന്ദർശനം നടത്താറുണ്ടെന്ന് ജോലി ചെയ്യുന്ന ചേച്ചി പറഞ്ഞറിഞ്ഞു. കൈലാഷിനും കൗതുകമായി. പല കോണുകളിൽ നിന്നും അതിന്റെ ‌ചലനം പകർത്തി. ''ഇവർ ഉപദ്രവകാരികളൊന്നുമല്ല. വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞതുപോലെ ഭൂമിയുടെ അവകാശികളാണ്. അവർ സ്വൈര്യമായി നടക്കട്ടെ'', കൈലാഷ് പറയുന്നു. 

തന്റെ യാത്രകൾ കൂടുതൽ പെട്ടെന്ന് സംഭവിക്കുന്നതാണെന്നു പറയുന്നു താരം. ''ആദ്യം ടൂ വീലറിൽ യാത്ര ചെയ്തെത്തിയത് ഊട്ടിയിലാണ്. അങ്ങനെയൊരു ഓർമ കൂടി ഊട്ടിയുമായി ബന്ധപ്പെട്ടുണ്ട്. അന്ന് ഗൂഗിള്‍ ഒന്നുമില്ല. അടുത്ത വീട്ടിലെ ചേട്ടന് ടൂറിസ്റ്റ് ബസ് ഉണ്ടായിരുന്നു. അദ്ദേഹത്തോട് ചോദിച്ചാണ് വഴിയൊക്കെ മനസിലാക്കിയത്. ഇപ്പോൾ ഇവിടെ വന്നപ്പോളാണ് ആദ്യമായി ഊ‌ട്ടി റയിൽവേ സ്റ്റേഷനൊക്കെ കാണുന്നത്. പിന്നെ നമ്മൾ മലയാളികൾക്ക് ഊട്ടിയുമായി പ്രത്യേകബന്ധം ഉണ്ടല്ലോ. നമ്മുടെ കിലുക്കത്തിലെ ജോജി ഓടിനടന്ന സ്ഥലമല്ലേ'', കൈലാഷ് പറയുന്നു. 

കൈലാഷിന്റെ ജീവിതത്തോട് ഇഴചേർന്നു കിടപ്പുണ്ട് യാത്രകൾ. യാത്രകളിലെ കാഴ്ചകളൊക്കെ ചെറുവിഡിയോകളാക്കി സൂക്ഷിക്കാറുണ്ട്. അത്തരത്തിലൊന്നാണ് ഈ കാട്ടുപോത്തിന്റേതും. 

കൂടെയുള്ള സുഹൃത്ത് ഡോ.അജു.കെ നാരായണനും ഊട്ടിയുമായി ബന്ധപ്പെട്ട ഓർമയുണ്ടെന്നു പറയുന്നു കൈലാഷ്: ''അദ്ദേഹം കോളജിൽ പഠിക്കുമ്പോള്‍ ഊട്ടിയിലേക്ക് ടൂർ വന്നതാണ്. വഴിമധ്യേ ആണ് ബാബ്‍റി മസ്ജിദ് തകർക്കപ്പെട്ടത്. അങ്ങനെ ആ ഊട്ടിയാത്ര മുടങ്ങി. അതിനുശേഷം ഇപ്പോളാണ് അദ്ദേഹം ഊട്ടി കാണാൻ വരുന്നത്. അന്ന് കോളജ് വിദ്യാർഥിയായിരുന്ന അദ്ദേഹം ഇന്ന് മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയിലെ അധ്യാപകനാണ് എന്നത് മറ്റൊരു യാദൃച്ഛികത''. 

പെട്ടെന്ന് സംഭവിക്കുന്നതാണ് യാത്രകളിൽ അധികവും എന്നു പറയുന്നു കൈലാഷ്: ''ഈയിടക്ക് പയ്യന്നൂരിൽ ഷൂട്ടിങ്ങ് ഉണ്ടായിരുന്നു. അവിടെനിന്ന് കാസർകോ‍ട് പോയി, ഒരു സുഹൃത്തിന്റെ വീട്ടിൽ താമസിച്ചു. അവിടെനിന്ന് മംഗലാപുരം.. പിന്നെ മുരുടേശ്വർ.. മൂകാംബിക.. വീണ്ടും പയ്യന്നൂർ തിരിച്ചെത്തി''

യാത്രകളില്‍ മറക്കാനാവാത്ത പല അനുഭവങ്ങളുമുണ്ടായിട്ടുണ്ട് കൈലാഷിന്. പെട്ടെന്ന് ഓർത്തെടുക്കാൻ പറഞ്ഞാല്‍ കണ്ണൂരിലെ പയ്യന്നൂരിൽ വെച്ച് തനിക്കുണ്ടായ അനുഭവം മറക്കാനാകില്ലെന്നു പറയും താരം. എതിരേ വന്ന ഒരു വാഹനം കൈലാഷിന്റെ വാഹനത്തിൽ വന്ന് വന്ന് തട്ടി. അപകടമൊന്നും സംഭവിച്ചില്ലെങ്കിലും വണ്ടി ഒന്നുരഞ്ഞു.  സഹായിക്കാനായി ഒരുപാട് ആളുകൾ എത്തി. അതിലൊരാൾ പോകാതെ അവിടെത്തന്നെ നിന്നു. എല്ലാവരും പോയിക്കഴിഞ്ഞപ്പോള്‍ അയാൾ അടുത്തെത്തി. കുഴപ്പമൊന്നുമില്ലല്ലോ എന്ന് ചോദിച്ചു. അയാൾ തന്നെ മുൻകൈയെടുത്ത് വണ്ടി ഓടിച്ച് കൈലാഷിനെ ഷൂട്ടിങ്ങ് സ്ഥലത്ത് എത്തിച്ചു. 

''പിറ്റേന്ന് അയാൾ എന്നെ വിളിച്ചു. ഞാൻ പഴയങ്ങാടി ജങ്ഷനിലുണ്ട്. വിരോധമില്ലെങ്കിൽ ഒന്ന് കാണാൻ പറ്റുമോ എന്ന് ചോദിച്ചു. പിന്നെന്താ വരാമല്ലോ എന്നു പറഞ്ഞ് ഞാൻ അവിടെയെത്തി. അദ്ദേഹം ഒരു ടാക്സി ഡ്രൈവറായിരുന്നു. വണ്ടി ഞാൻ ശരിയാക്കിത്തരാം എന്നു പറഞ്ഞു. സ്വന്തം വണ്ടിയിൽ നിന്നും എന്തൊക്കെയോ സാധനങ്ങള്‍ പുറത്തെടുത്തു. നിമിഷങ്ങൾക്കുള്ളിൽ അയാൾ പോറിയ പാടുകളൊക്കെ മായ്ച്ച് ഇനി ബാക്കി കൊച്ചിയിൽ ചെന്ന് ചെയ്തോളൂ എന്ന് പറഞ്ഞു. എല്ലാം കഴിഞ്ഞപ്പോളേക്കും അദ്ദേഹത്തിന്റെ ദേഹമാകെ ചേറ് പുരണ്ടിരുന്നു. പോകാൻ നേരം പ്രതിഫലമായി എന്ത് വേണം എന്ന് ചോദിച്ചപ്പോൾ ഒരു സെൽഫി മാത്രം എടുത്താൽ മതിയെന്നായിരുന്നു മറുപടി. ഞാന്‍ വണ്ടിയിൽ നിന്നിറങ്ങി. ഇപ്പോൾ തന്നെ എടുത്തേക്കാം എന്നു പറഞ്ഞു. മേലാകെ അഴുക്കാണ്, പിന്നെയാകാം എന്ന് ആ മനുഷ്യൻ പറഞ്ഞു. 

അദ്ദേഹത്തിന്റെ പേര് താഹിർ എന്നാണ്. ഇതിനിടെ പൊലീസ് സ്റ്റേഷനിൽ നിന്ന് എന്നെ വിളിച്ചു. എനിക്ക് പരാതിയൊന്നുമില്ലെന്നും റോഡിലൂടെ വണ്ടിയോടിക്കുമ്പോൾ ശ്രദ്ധിച്ചാൽ മതിയെന്നും എതിരെ വന്ന വാഹനം ഓടിച്ചിരുന്നയാളോട് ഞാൻ പറ​ഞ്ഞു. ഒരു അപരിചിതനില്‍ നിന്നും അപ്രതീക്ഷിതമായി ലഭിച്ച സഹായത്തിൽ അത്ഭുതവും സന്തോഷവും എനിക്കുണ്ടായിരുന്നു. അദ്ദേഹത്തെക്കുറിച്ച് കൂടുതലൊന്നും എനിക്കറിയില്ല. അപ്രതീക്ഷിതമായി സഹായത്തിനെത്തിയതാണ്. പക്ഷേ താഹിറൊപ്പം അന്ന് എടുക്കാൻ പറ്റാതെ പോയ സെൽഫി എന്നെങ്കിലും എടുക്കണമെന്നുണ്ട്. ആ മോഹം ഇപ്പോഴും ബാക്കി...'', കൈലാഷ് പറഞ്ഞുനിർ‌ത്തി. 

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...