ഒടിടി ഓഫറുകൾ വേണ്ടെന്ന് വച്ച് ‘കുറുപ്പ്’; റിലീസിങ് പ്രഖ്യാപിച്ചു; ദുല്‍ഖറും ‘ഇറങ്ങുന്നു’

kurup-dulquer
SHARE

ദുൽഖർ സൽമാൻ അഭിനയരംഗത്തേക്ക് കടന്നുവന്ന സെക്കൻഡ് ഷോ എന്ന ചിത്രമൊരുക്കിയ ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന കുറുപ്പ് പ്രേക്ഷകരിലേക്ക് എത്തുന്നത് അഞ്ച് ഭാഷകളിൽ. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുവാൻ റെക്കോർഡ് തുകയുടെ ഓഫറാണ് ചിത്രത്തിന് ലഭിച്ചത്. എങ്കിലും ആ ഓഫറുകളെ വേണ്ടെന്നുവച്ച് ചിത്രം മെയ് 28ന് തിയറ്ററുകളിൽ എത്തും. ദുൽഖറിന്റെ കരിയറിലെതന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേ ഫാറർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെൻറ്സും ചേർന്നാണ് ചിത്രം പ്രദർശനത്തിന് എത്തിക്കുന്നത്. കേരളം, അഹമ്മദാബാദ്, മുംബൈ, ദുബായ്, മാംഗ്ളൂർ, മൈസൂർ എന്നിവിടങ്ങളിലായി ആറു മാസമെടുത്താണ് കുറുപ്പ് ചിത്രീകരിച്ചത്. 

kurup-team

സംസ്ഥാനത്തെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് 'കുറുപ്പ്' ഒരുങ്ങുന്നത്. ജിതിൻ കെ ജോസ് കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ഡാനിയേൽ സായൂജ് നായരും കെ എസ് അരവിന്ദും ചേർന്നാണ്. നിമിഷ് രവി ഛായാഗ്രഹണവും സുഷിൻ ശ്യാം സംഗീത സംവിധാനവും നിർവഹിക്കുന്നു. ക്രീയേറ്റീവ് ഡയറക്ടറായി വിനി വിശ്വ ലാലും കുറുപ്പിന് പിന്നിലുണ്ട്. കമ്മാരസംഭവത്തിലൂടെ മികച്ച പ്രൊഡക്ഷൻ ഡിസൈനുള്ള ദേശീയ അവാർഡ് കരസ്ഥമാക്കിയ ബംഗ്ലാനാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. മറ്റൊരു ദേശീയ അവാർഡ് ജേതാവായ വിവേക് ഹർഷനാണ് എഡിറ്റിംഗ് നിർവഹിക്കുന്നത്. 

മൂത്തോൻ എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ച ശോഭിത ധുലിപാലയാണ് ചിത്രത്തിലെ നായിക. ഇവരെ കൂടാതെ ഇന്ദ്രജിത് സുകുമാരൻ, സണ്ണി വെയ്ൻ, ഷൈൻ ടോം ചാക്കോ, വിജയരാഘവൻ, പി ബാലചന്ദ്രൻ, സുരഭി ലക്ഷ്മി, ശിവജിത് പദ്മനാഭൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...