തമിഴകത്തിന്റെ തലൈവർക്ക് സ്നേഹാദരമായി 'തലൈവി'; ഞെട്ടിച്ച് അരവിന്ദ് സ്വാമി

എംജിആർ വേഷത്തിൽ വീണ്ടും അമ്പരപ്പിച്ച് അരവിന്ദ് സ്വാമി. എംജിആറിന്റെ ജൻമദിനമായ ഇന്ന് അണിയറപ്രവർത്തകർ പങ്കിട്ട പുതിയ ചിത്രവും പഴയ എംജിആറിനെ ഓർമിപ്പിക്കുന്നതാണ്. ‘തലൈവി’ ജയലളിതയുടെ ജീവിതകഥ പറയുന്ന സിനിമയിൽ എംജിആർ ആയി എത്തുന്നത് അരവിന്ദ് സ്വാമിയാണ്. എ എൽ വിജയ് സംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. 

പ്രദർശനത്തിനൊരുങ്ങുന്ന തലൈവി തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥയാണ്. തലൈവിയായെത്തുന്നത്  ബോളിവുഡ് താരം കങ്കണ റനൗട്ടാണ്. സിനിമയില്‍ രണ്ട് വ്യത്യസ്ത ലുക്കിലാണ് കങ്കണ എത്തുന്നത്. പ്രോസ്‌തെറ്റിക് മേക്കപ്പിലാണ് താരം വരുന്നത്. തലൈവിയുടെ തിരക്കഥ എഴുതിയിരിക്കുന്നത് ബാഹുബലിക്കും മണികര്‍ണികയ്ക്കു വേണ്ടി തിരക്കഥയെഴുതിയ കെആര്‍ വിജയേന്ദ്ര പ്രസാദാണ്. വിഷ്ണു വരദനാണ് നിര്‍മാണം. വിബ്രി മീഡിയയുടെ ബാനറിലാണ് സിനിമയുടെ നിർമാണം. ജി വി പ്രകാശ് കുമാറാണ് സംഗീതസംവിധാനം. 

ജയലളിതയുടെ ജീവിതകഥ പറയുന്ന വെബ്സീരിസ് ക്വീനിൽ മലയാളി താരം ഇന്ദ്രജിത്ത് എംജിആർ ആയും നടി രമ്യാകൃഷ്ണൻ ജയലളിതയായും വേഷമിട്ടിരുന്നു.രാഷ്ട്രീയത്തിലെ ചുവടുവയ്പ്പിന് മുൻപ് തെന്നിന്ത്യൻ സിനിമാലോകത്തെ തലൈവർ എംജിആറും തലൈവി ജയലളിതയും ഒന്നിച്ചഭിനയിച്ചു സൂപ്പർഹിറ്റാക്കിയത് 28 ചിത്രങ്ങളാണ്.