'ഇനി കയ്യില്‍ വച്ചിരുന്നിട്ട് കാര്യമില്ല'; ആന്റണി പറഞ്ഞു; എന്തുകൊണ്ട് ഒടിടി? മറുപടി

jeethu-drisyam
SHARE

മലയാള സിനിമാ പ്രേമികൾ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. എന്നാൽ ചിത്രം ആമസോൺ പ്രൈമിലൂടെ ഒടിടി പ്രദർശനത്തിനാണ് ഒരുങ്ങുന്നതെന്ന് വാർത്ത ഞെട്ടിക്കുന്നതായിരുന്നു. പുതുവർഷത്തിൽ ചിത്രത്തിന്റെ ടീസർ പങ്കുവച്ചാണ് ഈ വിവരം അറിയിക്കുന്നത്. ദൃശ്യം 2 തിയറ്ററിൽ കാണാൻ സാധിക്കാത്തത് പ്രേക്ഷകരെ സംബന്ധിച്ച് കടുത്ത നിരാശ തന്നെയാണ്. എന്തുകൊണ്ട് ഒടിടി?. എന്നാകും റിലീസ്?. എല്ലാവരുടെയും മനസ്സിലുയർച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയാണ് മനോരമ ന്യൂസ് ‍ഡോട് കോമിലൂടെ സംവിധാകൻ ജീത്തു ജോസഫ്. 

എന്തുകൊണ്ട് ഒടിടി? 

കോവിഡ് കാരണമുള്ള അനിശ്ചിതത്വം തന്നെയാണ് ഒടിടി പ്രദർശനത്തിനുള്ള പ്രധാന കാരണം. ആന്റണിയെ സംബന്ധിച്ചിടത്തോളം അദ്ദേഹം മറ്റൊരു ബിഗ് ബജറ്റ് ചിത്രം ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ കയ്യിൽ വച്ചിരിക്കുകയാണ്. എന്നിട്ടും ഇങ്ങനൊരു അവസ്ഥയിൽ ഈ സിനിമ ചെയ്തത് തന്നെ ഇൻഡസ്ട്രിയിലുള്ള എല്ലാവർക്കും ഒരു നല്ല ഊർജം കിട്ടാനാണ്. അന്നും പക്ഷേ നമുക്ക് ഒരു പ്രതീക്ഷ ഉണ്ടായിരുന്നു. കോവിഡ് ഒന്ന് ഒതുങ്ങുമെന്നും ഡിസംബർ ഒക്കെ ആകുമ്പോഴേക്ക് തീയറ്ററിൽ തന്നെ റിലീസ് ചെയ്യാമെന്നും. പക്ഷേ അതിനിപ്പോൾ ഒരു പ്രതീക്ഷയുമില്ല. 

തീരുമാനം വന്ന വഴി, റിലീസ് എന്ന്..?

ജനുവരി 26ന് തീയറ്ററിൽ റിലീസ് ചെയ്യാമെന്ന് തന്നെയാണ് ഞാൻ കരുതിയിരുന്നത്. മരയ്ക്കാർ മാർച്ചിൽ പ്രദർശനത്തിനെത്തുമെന്നും തീരുമാനിച്ചിരുന്നു. ഞങ്ങളുടെയെല്ലാം ആഗ്രഹം അതായിരുന്നു. ആമസോൺ നേരത്തെ സമീപിച്ച് നല്ല ഓഫർ മുന്നോട്ട് വച്ചതാണ്. അന്നും ഞങ്ങൾ വേണ്ടെന്ന് തന്നെയാണ് വച്ചത്. എന്നാൽ ഡിസംബർ 19–ന് ടീസർ റിലീസും കഴിഞ്ഞാണ് ഈ തീരുമാനം എടുക്കുന്നത്. കാരണം കോവിഡ് പ്രതിസന്ധി കുറയുന്നുമില്ല, ബ്രിട്ടണിലൊക്കെ വൈറസിന്റെ വകഭേദം കണ്ടെത്തുകയും ചെയ്തു. അപ്പോൾ ആന്റണി പറഞ്ഞു, ഇനി ഇത് വച്ചുകൊണ്ടിരുന്നിട്ട് കാര്യമില്ല. നാളെ റിലീസ് ചെയ്താലും തീയറ്ററിൽ അധികം ആളും വരില്ല.  നാലഞ്ച് ദിവസം കഴിയുമ്പോൾ പലരും ഇതിന്റെ പൈറേറ്റഡ് കോപ്പി എടുത്ത് പുറത്തിറക്കുകയും ചെയ്യും. അതിലും നല്ലത് ആമസോണിലൂടെ ഒടിടി റിലീസ് തന്നെയാണെന്ന് ഞങ്ങൾ തീരുമാനിക്കുകയായിരുന്നു. ചിത്രം ആമസോണിന് നൽകി കഴിഞ്ഞു. ജനുവരി അവസാനത്തോടെ ആകും റിലീസ്.  

ഒടിടി റിലീസ് തരുന്ന നഷ്ടം

ദൃശ്യം 2 ശരിക്കും ഒരു ബിഗ് ബജറ്റ് ചിത്രമൊന്നുമല്ല. അതുകൊണ്ട് തന്നെ ഒടിടി റിലീസ് വലിയ നഷ്ടമാകില്ല. എന്നാൽ എന്റെ തന്നെ റാം എന്ന സിനിമ ഒരിക്കലും ഒടിടി റിലീസ് ചെയ്യാൻ ഞാൻ ചിന്തിക്കില്ല. ഇവിടെ ആകെ ഒരു സങ്കടം മാത്രമാണ് ഉള്ളത്. പ്രേക്ഷകർക്ക് ദൃശ്യം 2 തീയറ്ററിൽ ആസ്വദിക്കാൻ കഴിയില്ല. അതിന്റെ ദൃശ്യഭംഗിയും ശബ്ദമികവും ഒക്കെ പൂർണമായും അനുഭവിച്ചറിയാൻ കഴിയില്ല.  എനിക്കും ആന്റണിക്കും ലാൽസാറിനുമൊക്കെ അതിൽ ദുഃഖമുണ്ട്.

ഒടിടിയുടെ ഗുണം

ദൃശ്യം എന്നത് ലോകം മുഴുവൻ കണ്ട സിനിമ എന്ന് പറയാം. അത് ഒടിടിയിൽ റിലീസാകുമ്പോൾ എല്ലാവർക്കും ഒരേ സമയം അത് ആദ്യം തന്നെ കാണാം എന്നത് ഒരു നല്ല കാര്യമാണ്. മാത്രമല്ല പൂർണമായും കുടുംബചിത്രമാണ്. അപ്പോൾ വീടുകളിൽ‌ തന്നെ കുടുംബമൊത്ത് കാണാനും സാധിക്കും. സിനിമ കാണുന്നതിനിടക്ക് അത് പോസ് ചെയ്ത് മറ്റ് ജോലികളിലേക്ക് പോയാൽ തുടർച്ച നഷ്ടപ്പെടുമെന്നത് പക്ഷേ ഒരു പ്രധാന കാര്യമാണ്. ഒടിടി പ്രദർശനത്തിന് നല്ല വശവും മറുവശവും ഉണ്ട്. ചിത്രീകരണം പൂർത്തിയായ എല്ലാ സിനിമകളും ഒടിടിയിൽ പ്രദർശിപ്പിക്കണം എന്ന് ഞാൻ പറയില്ല. ചിലപ്പോൾ ദൃശ്യം 2–ന് കിട്ടുന്ന ഒരു ജനകീയത കിട്ടണമെന്നില്ല. ജീത്തു വ്യക്തമാക്കുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...