നസ്‍റിയയും അനന്യയും കൂടെ നിന്നു; മകനെ ചിരുവിനെപ്പോലെ വളർത്തും: മേഘ്ന; വിഡിയോ

meghana-baby-cradle.jpg.image.845.440
SHARE

ഭർത്താവ് ചിരഞ്ജീവി സർജയുടെ മരണത്തിനു ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിച്ച് നടി മേഘ്ന രാജ്. നിന്നിരുന്ന ഇടം ഇളകിപ്പോകുന്ന അവസ്ഥയായിരുന്നു ചിരുവിന്റെ വേർപാടെന്ന് മേഘ്ന മാധ്യമങ്ങളോട് പറഞ്ഞു. വിഷമഘട്ടത്തിൽ കൂടെ നിന്ന് എല്ലാവർക്കും മേഘ്ന നന്ദി പറഞ്ഞു. 

''മകന് വേണ്ടി എന്റെ ഭര്‍ത്താവിന്റെ എല്ലാ ഓര്‍മകളും വഹിച്ചുകൊണ്ട് മുന്നോട്ട് പോകാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. വിഷമഘട്ടത്തില്‍ മാതാപിതാക്കളും അടുത്ത സുഹൃത്തുക്കളായ നസ്രിയയും അനന്യയും  കൂടെനിന്നു. എനിക്ക് ഇപ്പോള്‍ എന്റെ കുഞ്ഞ് ഉണ്ട്. എന്റെ കുഞ്ഞിലൂടെ ചിരുവിന്റെ എല്ലാ സ്വപ്നങ്ങളും നിറവേറ്റാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ചിരു എല്ലാവരുടെയും പ്രിയങ്കരനായിരുന്നു. അദ്ദേഹത്തെപ്പോലെ തന്നെ എന്റെ മകനെയും ഞാൻ വളർത്തും.

മകൻ ചിരുവിനെപ്പോലെ തന്നെയാണ്. നമുക്ക് ആൺകുട്ടി ജനിക്കുമെന്ന് ചിരു പറയുമായിരുന്നു. എന്നാൽ നമ്മുടേത് പെൺകുട്ടിയാകുമെന്നാണ് ഞാൻ പറഞ്ഞിരുന്നത്. അവിടെയും ചിരു പറഞ്ഞത് സത്യമായി. ലയൺകിങിലെ സിംബയെപ്പോെല കുട്ടിയെ വളർത്തണമെന്നായിരുന്നു ചിരുവിന്റെ ആഗ്രഹം. ലയൺകിങ് കാണുമ്പോൾ എനിക്ക് സങ്കടം വരുമായിരുന്നു. ഇത് ചിരു കണ്ടിട്ടുമുണ്ട്. നമ്മുടെ കുഞ്ഞ് ജനിക്കുമ്പോൾ സിംബയെ പരിചയപ്പെടുത്തുന്നതുപോലെ ഈ ലോകത്തിനു മുന്നിൽ താൻ പരിചയപ്പെടുത്തുമെന്നും അന്ന് പറയുകയുണ്ടായി. എന്നാൽ ഈ ആഗ്രഹങ്ങളൊക്കെ വെറുതെയായി.

ജീവിതത്തിൽ എല്ലാത്തിനും കൃത്യമായ ചിട്ട പാലിച്ചുപോകുന്ന ആളായിരുന്നു ഞാൻ. ചിരു അതിന് നേർ വിപരീതവും. ജീവിക്കുന്ന എല്ലാ നിമിഷങ്ങളും ആസ്വദിക്കുകയായിരുന്നു ചിരുവിന്റെ രീതി. ചിരുവിന്റെ മരണശേഷമാണ് എനിക്ക് അതിന്റെ നഷ്ടം മനസ്സിലായത്. ഇനി ഞാനും ചിരുവിനെപ്പോലെയാകും. നാളെ എന്തെന്ന് നമുക്ക് ആർക്കും അറിയില്ലല്ലോ?'' മേഘ്ന പറഞ്ഞു.‌

താന്‍ ഇഷ്ടപ്പെടുന്ന എന്തെങ്കിലും ഉപേക്ഷിക്കണമെന്ന് ചിരു ഒരിക്കലും ആഗ്രഹിക്കുകയില്ലെന്നും സിനിമകളില്‍ വീണ്ടും അഭിനയിക്കുമെന്നും മേഘ്‌ന പറഞ്ഞു

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...