ജയചന്ദ്രന്റെ സംഗീതം; പാടിയത് പന്തളം ബാലൻ; നൂറ്റാണ്ടിന്റെ സിനിമയും സൗഹൃദവും; ഹൃദ്യം

jayachandran-pandalam-balan
SHARE

എം.ജയചന്ദ്രന്‍റെ സംഗീതത്തില്‍ സുഹൃത്തായ പന്തളം ബാലന്‍റെ പാട്ട്. 'പത്തൊന്‍പതാം നൂറ്റാണ്ട് ' എന്ന സിനിമയ്ക്കുവേണ്ടിയായിരുന്നു പാട്ട്. ഏറെക്കാലത്തെ ആഗ്രഹമാണ് സാധിച്ചതെന്ന് എം.ജയചന്ദ്രന്‍ ഫേസ്ബുക്ക് പേജില്‍ കുറിച്ചു. റഫീഖ് അഹമ്മദ് എഴുതിയ 'പറവ പാറണ' എന്നു തുടങ്ങുന്ന പാട്ടാണ് പാടിയത്. എം. ജയചന്ദ്രന്‍റെ കൊച്ചിയിലെ സ്റ്റുഡിയോയിലായിരുന്നു റെക്കോഡിങ്. ജയചന്ദ്രനൊപ്പമുള്ള അനുഭവം  രസകരമായിരുന്നുവെന്ന് ബാലന്‍ പറഞ്ഞു. 

1988 മുതല്‍ ദേവരാജന്‍ മാസ്റ്ററുടെ സംഗീതസംഘത്തിലെ അംഗങ്ങളായിരുന്നു പന്തളം ബാലനും എം.ജയചന്ദ്രനും .  അന്നു മുതല്‍ ഇന്നുവരെ അടുത്ത സുഹൃത്തുക്കള്‍. ആദ്യമായാണ് ഇരുവരും ഒരുമിച്ച് ഒരു പാട്ടൊരുക്കുന്നത്. 

1989ല്‍ സഖാവ് എന്ന സിനിമയ്ക്കായി പാടിയെങ്കിലും ചിത്രം പുറത്തുവന്നില്ല. രവീന്ദ്രന്‍ മാഷിന്‍റെ സംഗീതത്തില്‍ പകല്‍പ്പൂരം അടക്കം ഏതാനും സിനിമകളില്‍ പാടി.  അയ്യപ്പ ഭക്തി ഗാനങ്ങളടക്കം ഒട്ടേറെ ഹിറ്റ് ഗാനങ്ങളുണ്ടായെങ്കിലും സിനിമയില്‍ പ്രതീക്ഷിച്ച അവസരങ്ങള്‍ ബാലനെത്തേടി വന്നില്ല.  പക്ഷേ ഗാനമേളരംഗത്തെ സൂപ്പര്‍ സ്റ്റാറായി. 

എം.ജയചന്ദ്രന്‍ ഹിറ്റുകള്‍ സൃഷ്ടിച്ചു തുടങ്ങിയ കാലത്ത് ജീവിത സാഹചര്യങ്ങള്‍ മൂലം  ബാലന് ജോലി തേടി അമേരിക്കയിലേക്ക് പോകേണ്ടിവന്നു. എട്ടുവര്‍ഷത്തോളം മലയാള സംഗീത ലോകത്ത് നിന്ന് വിട്ട് നിന്നു. 2011ല്‍ തിരിച്ചെത്തിയ ശേഷം കഠിനാധ്വാനത്തിലൂടെയാണ് വേദികള്‍ തിരിച്ചു പിടിച്ചത്.   

ഗോകുലം ഗോപാലന്‍ നിര്‍മിച്ച് വിനയന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് പത്തൊന്‍പതാം നൂറ്റാണ്ട്. റഫീഖ് അഹമ്മദാണ് വരികളെഴുതിയത്. സംവിധായകനും നിര്‍മാതാവിനും നന്ദി  അറിയിക്കുന്നതായി പന്തളം ബാലന്‍ പറഞ്ഞു.

'പടപേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ പന്തളം ബാലന്‍റെ ഗാനമേള '

ഒരിക്കല്‍ ട്രെയിന്‍ യാത്രയ്ക്കിടെ രണ്ടുപേര്‍ സംസാരിക്കെ എന്തിനെക്കുറിച്ചോ പറഞ്ഞപ്പോള്‍ ' പടപേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ പന്തളം ബാലന്‍റെ ഗാനമേള' എന്ന് പ്രയോഗിച്ചു. തൊട്ടടുത്ത സീറ്റിലുണ്ടായിരുന്ന പന്തളം ബാലന്‍ ഇറങ്ങും മുന്‍പ് അവര്‍ക്ക് വിസിറ്റിങ് കാര്‍ഡ് കൊടുത്തു എന്ന് മനോരമയില്‍ മോഹല്‍ലാല്‍ എഴുതിയിരുന്നു. അത് ശരിയാണെന്ന് പന്തളം ബാലന്‍. 'പടപേടിച്ച് പന്തളത്ത് ചെന്നപ്പോള്‍ പന്തം കൊളുത്തിപ്പട' എന്ന ചൊല്ലിനെ ആരോ മാറ്റി മറിച്ചതാണ്. ഇത് കേള്‍ക്കുമ്പോള്‍ ആദ്യം വിഷമം തോന്നിയിരുന്നെങ്കിലും ഇപ്പോള്‍ രസകരമായി തോന്നുവെന്ന് പന്തളം ബാലന്‍ പറഞ്ഞു. സംഗീത ജീവിതത്തിന്‍റെ മുപ്പത്തിയാറാം വര്‍ഷത്തില്‍ കിട്ടിയ വലിയ അവസരത്തിന്‍റെ സന്തോഷത്തിലാണ് ബാലന്‍.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...