നിങ്ങളെയോര്‍ത്ത് ഞാന്‌ ലജ്ജിക്കുന്നു; അല്‍ഫോന്‍സ് പുത്രനോട് വി.കെ.പ്രകാശ്

vk-alphonse
SHARE

അൽഫോൻസ് പുത്രനെ വിമർശിച്ച് സംവിധായകൻ വി.കെ. പ്രകാശ്. ട്രിവാൻഡ്രം ലോഡ്ജ് സിനിമയെ അൽഫോൻസ് പുത്രൻ വിമർശിച്ചതാണ് വികെ പ്രകാശിനെ ചൊടിപ്പിച്ചത്. വി.കെ. പ്രകാശ്-അനൂപ് മേനോന്‍ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രമാണ് ട്രിവാന്‍ഡ്രം ലോഡ്ജ്. അല്‍ഫോൻസ് പുത്രനെയോര്‍ത്ത് താന്‍ ലജ്ജിക്കുന്നുവെന്നും, സ്വന്തം മേഖലയോടുള്ള അനാദരവാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും വി.കെ.പി. പറഞ്ഞു.

2013ല്‍ ഒരു ചാനലിന് നല്‍കിയ അൽഫോൻസിന്റെ അഭിമുഖം കഴിഞ്ഞ ദിവസങ്ങളിൽ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. അശ്ലീല ഡയലോഗുകൾ നിറഞ്ഞ സിനിമകൾ മലയാളത്തിലുണ്ടെന്ന് പറഞ്ഞു ട്രിവാന്‍ഡ്രം ലോഡ്ജ് അടക്കമുള്ള സിനിമകളെ കുറിച്ച് പരാമര്‍ശിച്ചിരുന്നു. നല്ല സിനിമകള്‍ക്ക് വേണ്ടിയാണ് മലയാള സിനിമ മാറിയിരിക്കുന്നതെന്നും, ഏതാനും ചില ചിത്രങ്ങളില്‍ മാത്രമാണ് മോശം ഘടകങ്ങള്‍ ഉള്ളതെന്നുമായിരുന്നു അൽഫോൻസിന്റെ വാക്കുകൾ. അനൂപ് മേനോന്‍ തിരക്കഥയെഴുതിയ ചിത്രങ്ങളുടെ പേരെടുത്ത് പറഞ്ഞായിരുന്നു അല്‍ഫോൻസ് പുത്രന്റെ പരാമര്‍ശം.

ചില സിനിമകള്‍ സംവിധായകന്റെ പേരിലും, മറ്റു ചില സിനിമകള്‍ തിരക്കഥാകൃത്തിന്റെ പേരിലും അറിയപ്പെടുന്നത് എങ്ങനെയാണെന്ന് മറുപടിയായി വി.കെ. പ്രകാശ് ചോദിക്കുന്നു. തികച്ചും അനാദരവാണ് സ്വന്തം മേഖലയോട് അല്‍ഫോണ്‍സ് പുത്രന്‍ കാണിച്ചത്. അദ്ദേഹത്തെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്നും വി.കെ.പി. പറയുന്നു.

‘വലിയൊരാളുടെ അഭിമുഖം കാണാനിടയായി. ഇത് എന്നു വന്നതാണെന്ന് അറിയില്ല. സാധാരണ ഇതുപോലെ മണ്ടത്തരം പറയുന്ന കാര്യങ്ങളിൽ ഞാന്‍ പ്രതികരിക്കാറില്ല. പക്ഷേ ഇതില്‍ പ്രതികരിക്കണമെന്ന് തോന്നി. സമൂഹമാധ്യമങ്ങളില്‍ അധികം പ്രശസ്തരല്ലാത്ത മറ്റ് സംവിധായകര്‍ക്ക് വേണ്ടിയാണിത്. ഇവിടെ ഞാൻ പറയുന്നത് അദ്ദേഹത്തിന്റെ അഭിമുഖത്തിലെ പ്രസ്താവനകൾക്കുളള മറുപടിയാണ്. ട്രിവാന്‍ഡ്രം ലോഡ്ജിന്‍ ലഭിച്ചത് യുഎ സര്‍ട്ടിഫിക്കറ്റാണ്, യു സര്‍ട്ടിഫിക്കറ്റല്ല. എന്തുകൊണ്ടാണ് ഈ ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്ന് ആ സമയത്ത് തന്നെ സെന്‍സര്‍ ഓഫീസര്‍ വ്യക്തമാക്കിയിരുന്നു. മറ്റ് സംവിധായകരുടെ സിനിമകളെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പരാമര്‍ശത്തോടും ഞാന്‍ വിയോജിക്കുന്നു. എങ്ങനെയാണ് ഒരു സിനിമ മാത്രം സംവിധായകരുടെ പേരിലും മറ്റ് സിനിമകൾ തിരക്കഥാകൃത്തിന്റെ പേരിലും അറിയപ്പെടുന്നത്. നിങ്ങളുടെ അഭിപ്രായം ഈ പ്രഫഷനോട് തന്നെയുള്ള അനാദരവ്ആണ്. ലജ്ജ തോന്നുന്നു താങ്കളോട്. ഈ അഭിമുഖം എപ്പോള്‍ പുറത്തുവന്നതാണെന്ന് അറിയില്ലെന്നും, എപ്പോഴായാലും അത് മോശമായിപ്പോയി.’–വി.കെ.പി. കുറിച്ചു. 

ന്യൂജെൻ സിനിമകളിൽ കുറച്ച് സിനിമകളിൽ മാത്രമാണ് അശ്ലീലഘടകങ്ങൾ ഉള്ളതെന്നായിരുന്നു അൽഫോൻസ് പുത്രൻ അഭിമുഖത്തിൽ പറഞ്ഞത്. ‘മൂന്നോ നാലോ സിനിമകളില്‍ മാത്രമാണ് അശ്ലീല ഘടകങ്ങള്‍ ഉണ്ടെന്ന് ഞാന്‍ പറയൂ. ട്രിവാന്‍ഡ്രം ലോഡ്ജ് എന്ന സിനിമ യു സര്‍ട്ടിഫിക്കറ്റ് ഇട്ട് വിട്ടതാണ് ഒരു പ്രശ്‌നം. അതിലായിരുന്നു കുറച്ച് എ ഡയലോഗ്‌സ് ഉണ്ടായിരുന്നത്. മറ്റൊന്ന് ഹോട്ടല്‍ കാലിഫോര്‍ണിയ.’–അൽഫോൻസ് പറഞ്ഞു. അനൂപ് മേനോന്റെ സിനിമള്‍ക്കാണ് പൊതുവെ ഈ ലേബല്‍ ഉള്ളതെന്നും, സമീര്‍ താഹിറിന്റെയോ, ആഷിഖ് അബുവിന്റെയോ വിനീത് ശ്രീനിവാസന്റെയോ സിനിമകളില്‍ അശ്ലീലം ഇതുവരെ കണ്ടിട്ടില്ലെന്നും അല്‍ഫോണ്‍സ് പുത്രന്‍ പറയുന്നു.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...