സുകുമാര കുറുപ്പിന്റെ കഥ: നിയമനടപടിയുമായി കൊല്ലപ്പെട്ട ചാക്കോയുടെ ഭാര്യയും മകനും

kuruppinte-kadha
SHARE

 പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ കഥയെന്ന മട്ടിൽ ദുൽഖർ സൽമാൻ നായകനാകുന്ന ‘കുറുപ്പ്’ സിനിമയ്ക്കെതിരെ നിയമനടപടിയുമായി കൊല്ലപ്പെട്ട ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയുടെ ഭാര്യയും മകനും. സിനിമ റിലീസ് ചെയ്യുന്നതിനു മുൻപ് കാണണമെന്നും സുകുമാരക്കുറുപ്പിനെ മഹത്വവൽക്കരിക്കുന്നതോ കൊല്ലപ്പെട്ട ചാക്കോയെ അപകീർത്തിപ്പെടുത്തുന്നതോ ആയ ഒന്നും സിനിമയിൽ ഇല്ലെന്നു ബോധ്യപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് ചാക്കോയുടെ ഭാര്യ ആലപ്പുഴ കരളകം ആലപ്പാട് കണ്ടത്തിൽ ശാന്തമ്മയും (62) മകൻ ജിതിനും (36) ദുൽഖർ സൽമാനു വക്കീൽ നോട്ടിസ് അയച്ചത്.

ചാക്കോ കൊല്ലപ്പെടുമ്പോൾ ശാന്തമ്മ ആറുമാസം ഗർഭിണിയായിരുന്നു. ജിതിൻ ഏക മകനാണ്. ഈ സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ട് ആരും തന്നെയോ കുടുംബത്തെയോ സമീപിക്കുകയോ അനുവാദം വാങ്ങുകയോ ചെയ്തിട്ടില്ലെന്ന് ശാന്തമ്മ ‘മനോരമ’യോടു പറഞ്ഞു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസറിൽ, യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമയെന്നും അതിൽ സുകുമാരക്കുറുപ്പിന്റെ ദുഷ്പ്രവൃത്തികളെ ന്യായീകരിക്കത്തക്ക വിവരണം ഉണ്ടായിരുന്നു എന്നും അഡ്വ.ടി.ടി.സുധീഷ് മുഖേന അയച്ച വക്കീൽ നോട്ടിസിൽ ആരോപിക്കുന്നു. നിർമാതാവും നായകനുമായ ദുൽഖർ സൽമാന്റെ ശബ്ദത്തിലായിരുന്നു വിവരണമെന്നും വക്കീൽ നോട്ടിസിലുണ്ട്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...