ആ പഴയ 'സിഡി 100' അതേ സ്ഥാനത്ത്; അച്ഛനെ അമ്പരപ്പിച്ച് ഉണ്ണി; പിറന്നാൾ മധുരം

unni-father
SHARE

ഉണ്ണി മുകുന്ദന്റെ വീടിന്റെ പേര് ‘വൃന്ദാവന്‍’ എന്നാണ്. വൃന്ദാവനില്‍ അച്ഛന്റെ പിറന്നാളാഘോഷം അവിസ്മരണീയമാക്കിയ ആഹ്ലാദത്തിലാണ് യുവതാരം. അതിന് കാരണം ഒരു ബൈക്കാണ്– അച്ഛന്റെ ഇഷ്ടവാഹനം സിഡി 100. ഗുജറാത്തിലായിരിക്കുമ്പോള്‍ അച്ഛന്‍ മഠത്തിപ്പറമ്പില്‍ മുകുന്ദന്‍റെ യാത്രമുഴുവന്‍ അതിലായിരുന്നു. 

ഓഫീസ് യാത്രയും ബൈക്കില്‍തന്നെ. കേരളത്തിലേക്ക് ജീവിതംമാറിയശേഷം 2005ല്‍ അച്ഛനത് വില്‍ക്കേണ്ടി വന്നു. വിറ്റിട്ടും അച്ഛന്‍ ആ ബൈക്കിനെകുറിച്ച് എപ്പോഴും പറയുമായിരുന്നു. ‘ഫില്‍ഇറ്റ്, ഷട്ട് ഇറ്റ്, ഫോര്‍ഗറ്റ് ഇറ്റ്’ എന്നായിരുന്നു ആ മോഡലിന്റെ പരസ്യം. അത്ര മാത്രം മൈലൈജ് കിട്ടിയിരുന്നു. കോവിഡ് കാലത്ത് വീട്ടിലിരിക്കുമ്പോഴും പലതവണ അച്ഛന്‍ പറയുന്നതുകേട്ടു, ആ ബൈക്ക് വില്‍ക്കേണ്ടിയിരുന്നില്ലെന്ന്. അപ്പോഴാണ് ഉണ്ണിയുടെ മനസ്സില്‍ ആ ബൈക്ക് കണ്ടെത്താനായെങ്കില്‍ തിരികെ വാങ്ങാമായിരുന്നു എന്ന ചിന്ത മുളപൊട്ടിയത്. അങ്ങനെ കോവിഡ് കാലത്ത് ആ ബൈക്കുതേടലായി ഉണ്ണിയുടേയും കൂട്ടുകാരുടെയും പ്രധാന ജോലി. പക്ഷെ, ബൈക്ക് കണ്ടെത്താനായില്ല.

അച്ഛ‌നെ സന്തോഷിപ്പിക്കാന്‍ ഒരു യെസ്ഡി വാങ്ങി വീട്ടില്‍കൊണ്ടുവന്നു. രാജ്ദൂതും യെസ്ഡിയുമായിരുന്നു സിഡി 100 കഴിഞ്ഞാല്‍ അച്ഛന്റെ ഇഷ്ട മോഡലുകള്‍. അതുകൊണ്ടാണ് യെസ്ഡി വാങ്ങിയത്. പിറന്നാളാഘോഷത്തിന് പുറത്തെടുക്കാനായി ബൈക്ക് മാറ്റിവയ്ക്കുകയും ചെയ്തു. അപ്പോഴാണ് മലപ്പുറത്തുനിന്ന് ഒരു സിഡി 100 കിട്ടുന്നത്. വിറ്റതല്ലെങ്കിലും അതേ മോഡലിലുള്ളത് കിട്ടിയപ്പോള്‍ ഉടന്‍തന്നെ വാങ്ങി. മെക്കാനിക്കിന്റെ സഹായത്തോടെ പുത്തനാക്കിയെടുക്കുകയും ചെയ്തു. അച്ഛനോട് ഇക്കാര്യം പറഞ്ഞില്ല. പോരാത്തതിന് കരുതിവച്ചിരുന്നു യെസ്ഡി വില്‍ക്കുകയും ചെയ്തതോടെ അച്ഛന്റെ പ്രതീക്ഷയും മങ്ങി.

പിറന്നാള്‍ ദിനത്തില്‍ അച്ഛന്‍ അറിയാതെ സിഡി 100 ബൈക്ക് പണ്ടുകാലത്ത് അച്ഛന്റെ ബൈക്ക് വച്ചിരുന്ന അതേ സ്ഥാനത്ത് കൊണ്ടുവച്ചു. രാവിലെ അച്ഛനത് കണ്ട് ശരിക്കും അമ്പരന്നു എന്ന് പറയേണ്ടതില്ലല്ലോ. അച്ഛന്റെ ചിരിയും കൗതുകവുമൊക്കെ കണ്ട് പിറന്നാള്‍ ആഘോഷം ഭംഗിയായി. ഫോര്‍ഗെറ്റ് ഇറ്റ് എന്നുകരുതാതെ ബൈക്ക് സമ്മാനിച്ച മകന്‍ അച്ഛന്റെ ഉമ്മകളായിരുന്നു സമ്മാനം. അച്ഛന്റെ 64ാം വയസ്സ് എന്നും ഓര്‍ക്കാനുള്ളതാക്കി മാറ്റിയാണ് ഉണ്ണി മുകുന്ദന്‍ കൊച്ചിയിലേക്ക് വണ്ടിയോടിച്ചത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...