‘പണവും പ്രശസ്തിയും തിരികെ വരും, സമയം തിരിച്ചുകിട്ടില്ല’; വിരാമമിട്ട് റഹ്മാൻ

a-r-rahman-bollywood
SHARE

ബോളിവുഡിൽ തനിക്കതിരെ പ്രവർത്തിക്കുന്ന ഗൂഢ സംഘം ഉണ്ടെന്ന വെളിപ്പെടുത്തൽ ഏറെ പ്രതികൂലമായി ബാധിച്ചുവെന്ന് എ.ആർ.റഹ്മാൻ. വിവാദ പ്രസ്താവനയോടു പ്രതികരിച്ച സംവിധായകൻ ശേഖർ കപൂറിന് റഹ്മാൻ നൽകിയ മറുപടിയാണ് ഇപ്പോൾ സമൂഹമാധ്യമ ലോകത്തെ ചർച്ചാ വിഷയം. 

‘നഷ്ടപ്പെട്ട പണവും പ്രശസ്തിയും തിരികെ വരും. എന്നാൽ പാഴായിപ്പോയ സമയം തിരിച്ചു കിട്ടില്ല. നമുക്ക് സമാധാനത്തിൽ മുന്നോട്ടു പോകാം. ഇനിയും കൂടുതൽ കാര്യങ്ങൾ ചെയ്യാനുണ്ട്’, എ.ആർ.റഹ്മാൻ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ബോളിവുഡിൽ തനിയ്ക്കെതിരെ തെറ്റായ പ്രചാരണങ്ങൾ നടത്തുന്ന ഒരു ഗൂഢ സംഘം പ്രവർത്തിക്കുന്നുണ്ടെന്ന് എ.ആർ.റഹ്മാൻ വെളിപ്പെടുത്തിയത്. സുശാന്ത് സിങ് രാജ്പുത്തിന്റെ അവസാന ചിത്രം ദിൽ ബേചാരെയുടെ പ്രമോഷനിനിടെയാണു ഹിന്ദി സിനിമയിലെ വിവേചനത്തിനെതിരെ റഹ്മാൻ തുറന്നടിച്ചത്.

എ.ആർ.റഹ്മാന്റെ വെളിപ്പെടുത്തൽ വലിയ തോതിൽ ചർച്ച ചെയ്യപ്പെട്ടതോടെ അദ്ദേഹത്തിന് പരിപൂർണ പിന്തുണയറിയിച്ച് തമിഴ് സിനിമാ ലോകത്തു നിന്ന് കവി വൈരമുത്തുവടക്കമുള്ളവര്‍ രംഗത്തു വന്നു. റഹ്മാന്റെ പ്രസ്താവനയ്ക്കു പിന്നാലെ ബോളിവുഡിലെ ഗൂഢനീക്കങ്ങളെക്കുറിച്ച് റസൂൽ പൂക്കുട്ടിയും പ്രതികരിച്ചു. 

ഓസ്കർ പുരസ്കാരം നേടിയതിനു ശേഷം ബോളിവുഡിൽ അവസരങ്ങൾ ലഭിച്ചിട്ടില്ലെന്നും ‘താങ്കളെ ‍ഞങ്ങൾക്കു വേണ്ട’ എന്ന് പ്രൊഡക്‌ഷൻ ഹൗസ് ഉടമകൾ മുഖത്തു നോക്കി പറഞ്ഞിട്ടുണ്ടെന്നുമായിരുന്നു റസൂൽ പൂക്കുട്ടിയുടെ വിവാദ വെളിപ്പെടുത്തൽ. ഇരുവരുടെയും തുറന്നു പറച്ചിലുകളാണ് ഇപ്പോൾ സമൂഹമാധ്യമ ലോകത്തെ പ്രധാന ചർച്ചാ വിഷയം.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...