സമ്പാദ്യത്തിൽ പകുതിയും സേവനത്തിന്; ഷാജി കൈലാസിന് പറയാനുള്ളത്

shaji-kailas-suresh-gopi
SHARE

അറുപത്തിയൊന്നാം ജന്മദിനമാഘോഷിക്കുന്ന മലയാളത്തിന്റെ ആക്‌ഷൻ കിങ് സുരേഷ് ​ഗോപിക്ക് ജന്മദിനാശംസകൾ നേർന്ന് ഉറ്റ സുഹൃത്തും സംവിധായകനുമായി ഷാജി കൈലാസ്. സിനിമയിലും പുറത്തും ഇന്നും അടുത്ത സുഹൃത്തുക്കളായി തുടരുന്ന ഇരുവരും ചേർന്ന് മലയാളികൾക്ക് നിരവധി ഹിറ്റ് നൽകിയിട്ടുണ്ട്. സുരേഷ് ഗോപിയുടെ പിറന്നാൾ ദിവസം ഷാജി കൈലാസിന് പറയാനുള്ളത് ഇതാണ്. 

''ഞാൻ ആദ്യമായി സംവിധാനം ചെയ്ത ന്യൂസ് എന്ന സിനിമയിലെ ഹീറോയാണ് സുരേഷ്.  അന്ന് തൊട്ടുള്ള ബന്ധമാണ് അദ്ദേഹവുമായി.  പത്തു മുപ്പതു വർഷമായിട്ടും ആ സൗഹൃദത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. എന്റെ കുടുംബജീവിതത്തിനായും സുരേഷാണ് മുൻകൈയ്യെടുത്തത്.  എന്റെയും ആനിയുടെയും വിവാഹം സുരേഷിന്റെ വീട്ടിൽ വച്ചാണ് നടന്നത്.  എന്റെ കരിയറും ജീവിതവും സുരേഷ്ഗോപിയുമായി ബന്ധപ്പെട്ടു കിടക്കുന്നു. ഞങ്ങൾ തമ്മിൽ ഔപചാരികതയൊന്നും ഇല്ല. ഞാൻ ഈ ആശംസ പറയുന്നതു പോലും അധികമായിപ്പോകും കാരണം ഞാൻ പറയേണ്ട കാര്യമില്ല, മനസ്സിൽ വിചാരിച്ചാൽ തന്നെ അത് സുരേഷിന് അറിയാം''

''സിനിമയ്ക്കു പോലും സുരേഷിന്റെ ഡേറ്റ് ഞാൻ വാങ്ങാറില്ല. ഞാൻ അങ്ങ് തുടങ്ങും സുരേഷ് വന്നു ജോയിൻ ചെയ്യും. പിന്നെ അവൻ സൂപ്പർസ്റ്റാർ ആയി, അതിലൊന്നും എനിക്കൊരു പങ്കുമില്ല.  ഞാൻ എല്ലാ സംവിധായകരെയും പോലെ അവനെ അഭിനയിപ്പിച്ചു. അവന്റെ കഴിവും കഠിനാധ്വാനവും കൊണ്ട് അവൻ സൂപ്പർസ്റ്റാറായി.  സുരേഷ് നന്മയുള്ള ഒരു മനുഷ്യനാണ്.  ആർക്ക് എന്ത് ആവശ്യം വന്നാലും ആദ്യം ചാടിയിറങ്ങുന്നത് അവനായിരിക്കും.  ഇപ്പൊ ഇൗ സമൂഹമാധ്യമങ്ങൾ വന്നപ്പോഴല്ലേ എല്ലാവരും ഇതൊക്കെ അറിയുന്നത് പക്ഷെ പണ്ടും സുരേഷ് ഇങ്ങനെ തന്നെ ആയിരുന്നു.  വലിയ നടനാകുന്നതിനു മുൻപും ആര് എന്ത് പ്രശ്നം വന്നു പറഞ്ഞാലും "അതിനെന്താ ഞാൻ ഉണ്ടല്ലോ, ഞാൻ വരാം" എന്ന് പറയും.  സുരേഷിന്റെ സമ്പാദ്യത്തിന്റെ പകുതിയിൽ കൂടുതൽ സേവനപ്രവർത്തനങ്ങൾക്കായി ചെലവഴിച്ചിട്ടുണ്ട്, ഇപ്പോഴും ചെയ്യുന്നു. അത്രയധികം കരുണയും മനുഷ്യസ്നേഹവുമുള്ള വ്യക്തിയാണ് സുരേഷ്.  സുരേഷിന് ജന്മദിനത്തിൽ ഞാൻ എന്താണ് ആശംസിക്കേണ്ടത്, അവന് ദീർഘായുസും ആരോഗ്യവും ഉണ്ടാകട്ടെ,  ജനങ്ങൾക്ക് ഇനിയും നന്മ ചെയ്യാനായി ആരോഗ്യം ഉണ്ടാകാൻ പ്രാർത്ഥിക്കുന്നു''.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...