ജഗതിച്ചേട്ടനൊപ്പം ബാഗ് പിടിക്കാൻ ആളില്ലായിരുന്നു; ന്യൂ ജനറേഷനെ സഹിക്കുന്നു: മറുപടി

മലയാള സിനിമയിൽ മുളയിലേ നുള്ളുന്ന രീതിയുണ്ടെന്ന നടൻ നീരജ് മാധവിന്റെ വാക്കുകൾക്ക് മറുപടിയുമായി പ്രൊഡക്ഷൻ കൺട്രോളർ ഷിബു.ജി. സുശീലൻ. പുതിയതായി വരുന്നവർക്ക് മുൻനിരയിലുള്ളവരുെട സൗകര്യങ്ങൾ കൊടുക്കേണ്ട കാര്യമില്ല. അങ്ങനെ വിചാരിക്കുന്നത് ശരിയല്ലെന്നും ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ അദ്ദേഹം പറയുന്നു. കഴിവ് തെളിയിച്ചു കഴിയുമ്പോൾ ഇതൊക്കെ താനേ വന്ന് ചേരുന്നതാണ്. സെറ്റിൽ നിന്ന് െസറ്റിലേക്ക് ഓടുന്ന കാലത്ത്പോലും ജഗതി ചേട്ടനൊപ്പം ബാഗ് പിടിക്കാനൊരാളെ താൻ കണ്ടിട്ടില്ലെന്നും അദ്ദേഹം കുറിക്കുന്നു. കുറിപ്പിങ്ങനെ: 

മലയാള സിനിമയിൽ മുളയിലേ നുള്ളുന്ന ഒരു രീതിയും നിലവിൽ ഇല്ല എന്നതിന് തെളിവ് ആണ് ഇപ്പോൾ കഴിവുള്ള കുറേപേരുടെ സജീവ സാന്നിധ്യം. ഒരു പുതിയ ആർടിസ്റ്റ് ആയാലും മറ്റ് ടെക്‌നീഷ്യൻ ആയാലും, വരുമ്പോൾ തന്നെ അവർക്ക് മുൻ നിരയിൽ ഉള്ളവർക്ക് കൊടുക്കുന്ന സൗകര്യങ്ങൾ കൊടുക്കേണ്ട ഒരു കാര്യവും ഇല്ല. അങ്ങനെ വേണം എന്ന് വിചാരിക്കുന്നത് ശരി അല്ല. വേറെ ഏതു മേഖലയിൽ ആണ് മുന്തിയ പരിഗണന കിട്ടുന്നത്.

അവർ അവരുടെ കഴിവ് തെളിയിച്ചു വരുമ്പോൾ തനിയെ അതെല്ലാം വന്നു ചേരും. അങ്ങനെ തന്നെ ആണ് ഇന്ന് നിലവിൽ ഉള്ളവർ എല്ലാവരും വന്നത്. പുതിയതായി വരുന്നവരോട് സാധാരണ പ്രൊഡക്‌ഷൻ കൺട്രോളർ പറയും ലൊക്കേഷനിൽ വേണ്ട കാര്യങ്ങൾ, അതിൽ അദ്ഭുതം ഒന്നും ഇല്ല.

ഇപ്പോൾ ചിലരുടെ ആഗ്രഹം വരുമ്പോൾ തന്നെ കാരവൻ വേണം,കൂടെ അസിസ്റ്റന്റ് , മേക്കപ്പ് ടീം അങ്ങനെ പലതും. വളരെ തിരക്കുള്ള പലരും ഇതൊക്കെ ഇല്ലാതെയും ഇപ്പോഴും അഭിനയിക്കുന്നുണ്ട്.

സെറ്റിൽ നിന്ന് സെറ്റിലേക്ക് ഓടിക്കൊണ്ടിരുന്ന ജഗതി ചേട്ടനോടൊപ്പം ഒരു സമയത്തും ബാഗ് പിടിക്കാൻ ആരെയും ഞാൻ കണ്ടിട്ടില്ല. പക്ഷേ ചില താരങ്ങൾ അങ്ങനെ അല്ല. ഇതൊക്കെ ഇല്ലെങ്കിൽ എന്തോ ഒരു കുറവ് ആയിട്ട് ആണ് അവരുടെ ഫീലിങ്. ഇതൊക്കെ ഇല്ലാതെ വന്നവർ തന്നെ ആണ് ഇന്നത്തെ സീനിയർസ്.

കുറേ ചെറുപ്പക്കാർ ഇപ്പോൾ സമയത്തു ലൊക്കേഷനിൽ എത്താറില്ല എന്നത് സത്യം ആണ്. ഇവർ കാരണം എന്തെല്ലാം ബുദ്ധിമുട്ട് ആ സെറ്റിൽ ഉണ്ടാകുന്നു എന്ന് ചിന്തിക്കുക. നിർമാതാവിന്റെ അവസ്ഥ ...യഥാർത്ഥത്തിൽ ഒരു വിഭാഗം സഹിക്കുക ആണ്. പ്രൊഡക്‌ഷൻ കൺട്രോളർ ,മാനേജർമാർ , ഡയറക്ടർ സെക്ഷൻ ഇവർ എല്ലാം കുറെ ന്യൂ ജനറേഷനെ സഹിക്കുക ആണ് ചെയ്യുന്നത്.  

പുതിയ താരങ്ങൾ ആയാലും ടെക്‌നിഷ്യൻ ആയാലും സ്വാഭാവികമായും പ്രതിഫലം കുറവ് ആയിരിക്കും. അത് എല്ലാകാലത്തും അങ്ങനെ തന്നെ ആണ്. സീനിയർസ് എല്ലാവരും പുതിയ ആർടിസ്റ്റിനെയും ടെക്‌നീഷ്യനെയും ഉൾക്കൊള്ളാൻ മനസ്സ് ഉള്ളവർ തന്നെ ആണ്. നല്ല രീതിയിൽ ഉള്ള പെരുമാറ്റവും കഴിവും ഉള്ളവർ എല്ലാ മേഖലയിലും ശോഭിക്കും. അത് സിനിമയിൽ മാത്രം അല്ല എവിടെ ആയാലും. ദിവസവും ഒരാൾ എങ്കിലും അഭിനയിക്കാനും കഥ പറയാനും വേണ്ടി എന്നെ ബന്ധപ്പെടാറുണ്ട്. അവർ പറയുന്നത് ഒന്ന് സിനിമയിൽ വന്നാൽ മതി എന്ന് ആണ്. തുടക്കത്തിൽ മുന്തിയ പരിഗണന വേണം എന്ന് ആഗ്രഹിക്കുന്നവർ സ്വന്തം സിനിമ നിർമിച്ച് വന്നാൽ പോരെ ???.