ഒടിടി റിലീസ്; നിര്‍മാതാക്കളും തിയറ്ററുടമകളും ഏറ്റുമുട്ടുന്നത് ഗുണം ചെയ്യില്ല‌; രഞ്ജി പണിക്കര്‍

renji
SHARE

പുതിയ സിനിമകളുടെ ഒടിടി റിലീസിന്റെ പേരില്‍ നിര്‍മാതാക്കളും തിയറ്ററുടമകളും ഏറ്റുമുട്ടുന്നത് ഗുണം ചെയ്യില്ലെന്ന് ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്‍ പ്രസിഡന്റ് രഞ്ജി പണിക്കര്‍. തര്‍ക്കങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണം. നെറ്റ് സ്ട്രീമിങ്ങ് പ്ളാറ്റ്ഫോമിന്റെ സാധ്യതകള്‍ക്കൊപ്പം തിയറ്ററുകളും നിലനില്‍ക്കണമെന്ന് രണ്‍ജി പണിക്കര്‍ മനോരമ ന്യൂസിനോട് പറഞ്ഞു. നെറ്റ് സ്ട്രീമിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ സിനിമാഷൂട്ടിങ്ങിന് അനുമതി നല്‍കുന്നത് പരിഗണനയിലാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

സിനിമാഷൂട്ടിങ്ങ് പുനരാരംഭിക്കുന്നതിന് മുഖ്യമന്ത്രി ശുഭസൂചന നല്‍കുമ്പോള്‍ നെറ്റ് സ്ട്രീമിങ്ങ് പ്ളാറ്റ്ഫോമിലെ മലയാള സിനിമാപ്രവേശത്തെചൊല്ലിയുള്ള ഏറ്റുമുട്ടല്‍ അനാവശ്യമെന്ന് തുറന്നുപറയുകയാണ് രണ്‍ജിപണിക്കര്‍. നെറ്റ് സ്ട്രീമിലേക്ക് മലയാളത്തില്‍നിന്ന് സിനിമകളെത്തുമ്പോള്‍ തിയറ്റര്‍ യുഗം അസ്തമിക്കുമെന്ന വാദത്തോട് യോജിപ്പില്ല. തിയറ്ററില്‍ സിനിമ കാണാന്‍ ജനത്തിന് താല്‍പര്യമുള്ളകാലത്തോളം അത് നിലനില്‍ക്കുമെന്നും രണ്‍ജി പണിക്കര്‍ പറഞ്ഞു.

നെറ്റ് സ്ട്രീമിങ് പ്ളാറ്റ്ഫോമുകളും തിയറ്ററുകളും ഒരുപോലെനിലനില്‍ക്കുന്ന സന്തുലിതമായ അവസ്ഥയുണ്ടാകണം. ബാധ്യതകളുള്ള നിര്‍മാതാക്കള്‍ക്ക് നെറ്റ് സ്ട്രീമിങ് പ്ളാറ്റ് ഫോം പ്രയോജനപ്പെടുത്താനാകണം. 

പ്രശ്നപരിഹാരത്തിന് ഇപ്പോള്‍തന്നെ സംഘടനാതല ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും സിനിമയുണ്ടെങ്കിലെ മറ്റെന്ത് സംവിധാനത്തിനും ഈ മേഖലയില്‍ നിലനില്‍പ്പുള്ളുവെന്നും ചലച്ചിത്രപ്രവര്‍ത്തകര്‍ ഒാര്‍ക്കണമെന്നും രഞ്ജി പണിക്കര്‍ പറഞ്ഞു.