‘എനിക്കും നിങ്ങളെപ്പോലെ ഒരു നടനാകണം’; പക്രുവിന് നന്ദി പറഞ്ഞ് ക്വാഡന്‍

guinesspakru-quadan
SHARE

ഉയരക്കുറവിന്റെ പേരില്‍ സഹപാഠികളുടെ ആക്ഷേപങ്ങള്‍ക്ക് ഇരയായ ക്വാഡന്‍ ബെയില്‍സ് എന്ന ക്വീന്‍സ്ലാന്റ് സ്വദേശിയായ ഒമ്പതുവയസുകാരന്റെ കരച്ചിൽ ലോകം മുഴുവൻ കണ്ടിരുന്നു. അവന് ആശ്വാസം പകർന്ന് നിരവധി സെലിബ്രിറ്റികൾ രംഗത്ത് വന്നിരുന്നു. അക്കൂട്ടത്തിലൊരാളാണ് മലയാളികളുടെ സ്വന്തം ഗിന്നസ് പക്രു. ഇപ്പോള്‍ തനിക്ക് നന്ദി പറഞ്ഞ് ക്വാഡന്‍ രംഗത്തെത്തിയ സന്തോഷം പക്രു തന്നെയാണ് അറിയിക്കുന്നത്. ഓസ്ട്രേലിയയിലെ ദേശീയ മാധ്യമമായ എസ്.ബി.എസ് മലയാളത്തിന്‍റെ വാര്‍ത്ത ഷെയര്‍ ചെയ്താണ് പക്രു അപൂര്‍വമായ ഈ അനുഭവം അറിയിക്കുന്നത്.

‘പക്രുവിന്റെ പോലെ ക്വാഡന്റെയും ആഗ്രഹം ഒരു അഭിനേതാവ് ആകുകയെന്നുള്ളതാണ്. അവനും അദ്ദേഹത്തെപ്പോലെ നടനാകണം.’ അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ വാക്കുകൾ മകന് വലിയ പ്രചോദനമാണ് നൽകിയതെന്ന് അമ്മ അറിയിക്കുന്നു. ശ്രവണ സഹായിയുടെ സഹായത്തോടെയല്ലാതെ ക്വാഡന് കേൾക്കാനാകില്ല. അതിനാൽ പക്രുവുമായുള്ള വിഡിയോ കോളിനായി ക്വാഡൻ കാത്തിരിക്കുകയാണെന്നും എന്നെങ്കിലും ഇന്ത്യയിലെത്തിയാൽ അദ്ദേഹത്തെ കാണുമെന്നും അമ്മ അറിയിച്ചു. 

താനും ക്വാഡനെ പോലെ ഒരുകാലത്ത് കരഞ്ഞിട്ടുണ്ട്. ക്വാഡൻ കരഞ്ഞാൽ തോറ്റുപോകുന്നത് ക്വാഡന്റെ അമ്മയാണെന്നായിരുന്നു പക്രുവിന്റെ വാക്കുകൾ.  ‘എന്നെ കൊന്നു തരാമോ?’ എന്ന ഭിന്നശേഷിക്കാരനായ ഒന്‍പതു വയസുകാരന്‍ ക്വാഡന്‍ ബെയില്‍സിന്റെ വാക്കുകള്‍ ലോകത്തിന് നൊമ്പരമായി മാറിയിരുന്നു. പക്രുവിന്റെ വാക്കുകൾ നൽകിയ ആശ്വാസത്തിനാണ് ക്വാഡനും അമ്മയും നന്ദി അറിയിക്കുന്നത്.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...