അയ്യരും മുറുക്കും മമ്മൂട്ടിയുടെ ഐഡിയ; കൈ പിന്നില്‍ കെട്ടി ഉടന്‍ വീണ്ടുമെത്തും: അഭിമുഖം

k-madhu-interview
SHARE

32 വർഷം മുൻപൊരു ഫെബ്രുവരി 18നാണ് ബുദ്ധിരാക്ഷസനായ ആ ഉദ്യോഗസ്ഥൻ മലയാളികൾക്ക് മുന്നിലെത്തിയത്. കൈകൾ പുറകിൽ കെട്ടി ശാന്തതയോടെ സൂഷ്മതയോടെ കേസുകൾ അന്വേഷിക്കുന്ന ആ സിബിഐ ഉദ്യോഗസ്ഥന്റെ പേര്– സേതുരാമയ്യർ. ഇതിനോടകം നാലുതവണ സേതുരാമയ്യർ വെള്ളിത്തിരയിലൂടെ മലയാളികളെ വിസ്മയിപ്പിച്ചിട്ടുണ്ട്. 

അഞ്ചാം തവണയും ബുദ്ധികൊണ്ട് ഞെട്ടിക്കാൻ സേതുരാമയ്യർ ഉറപ്പായും എത്തുമെന്ന് പറയുകയാണ് സംവിധായകൻ കെ.മധു. പുതിയ ചിത്രത്തെക്കുറിച്ചും 32 വർഷം നീണ്ട സിബിഐ സീരീസ് ജൈത്രയാത്രയെക്കുറിച്ചും കെ.മധു മനസ് തുറന്നു.

അഞ്ചാം ഭാഗം എന്ന് വരുമെന്ന കാത്തിരിപ്പിലാണ് പ്രേക്ഷകർ. അവരോട് എന്താണ് പറയാനുള്ളത്?

സിനിമ ഇറങ്ങിയതിന്റെ 32–ാം വർഷമാണ് ഇന്ന്. ആ ദിവസം തന്നെ സിനിമ 2020ൽ പുറത്തിറങ്ങുമെന്ന് പറയുന്നതിൽ അതിയായ സന്തോഷമുണ്ട്. പ്രേക്ഷകർ പ്രതീക്ഷിക്കുന്ന പോലെ സേതുരാമയ്യർ അഞ്ചാം തവണയും എത്തും. 

ഇന്ത്യൻ സിനിമയിൽ തന്നെ ഒരു സിനിമയുടെ അഞ്ചാം ഭാഗം ആദ്യമാണ്. ഈ യാത്രയെക്കുറിച്ച് പറയാമോ?

എസ്.എൻ.സ്വാമിയാണ് കഥയുടെ ആശയം കണ്ടെത്തുന്നത്. 20–ാം നൂറ്റാണ്ടിന് ശേഷം ഞാനും സ്വാമിയും ഒന്നിക്കുന്ന ചിത്രം കൂടിയായിരുന്നു ഒരു സിബിഐ ഡയറിക്കുറിപ്പ്. അതുകൊണ്ട് തന്നെ ഈ ചിത്രം സംവിധായകനെന്ന നിലയിൽ ഒരേസമയം വെല്ലുവിളിയും ആവേശവുമായിരുന്നു. സിബിഐ ഡയറിക്കുറിപ്പിന് മുൻപ് ത്രില്ലർ ഗണത്തിൽ ആ കാലത്ത് ഇറങ്ങിയൊരു ചിത്രം യവനിക മാത്രമായിരുന്നു. ആക്ഷൻ സിനിമകളിൽ നിന്നും മമ്മൂട്ടിയ്ക്കൊരു മാറ്റം കൂടിയായിരുന്നു ആദ്യ സിബിഐ. രണ്ടാം ചിത്രം ജാഗ്രതയിൽ ത്രില്ല് കൂടി. മൂന്നാമത്തെ ചിത്രം സേതുരാമയ്യർ സിബിഐ ഇറങ്ങുന്നത് 2004ലാണ്. 

cbi-series

ജാഗ്രതയ്ക്ക് ശേഷം 15 വർഷം കഴിഞ്ഞായിരുന്നു മൂന്നാം ചിത്രം സേതുരാമയ്യൽ സിബിഐയുടെ വരവ്. ഈ സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ മമ്മൂട്ടി ഇടയ്ക്കിടെ ഓർമിക്കിപ്പിക്കാറുണ്ടായിരുന്നു; 1989 കാലമല്ല. വർഷം 2004ലാണ് സിനിമയ്ക്ക് മാറ്റം വരുന്നുണ്ട്. സിനിമ വിജയിപ്പിക്കേണ്ടത് സംവിധായകന്റെ ഉത്തരവാദിത്തമാണെന്ന്. സേതുരാമയ്യർ സിബിഐയുടെയും നാലാം ചിത്രം നേരറിയാൻ സിബിഐയുടെയും നിർമാതാവ് ഞാൻ തന്നെയായിരുന്നു. എന്റെ കൃഷ്ണകൃപ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രമിറങ്ങിയത്. അതുകൊണ്ട് തന്നെ ഇരട്ടി ഉത്തരവാദിത്തമായിരുന്നു. 

15 വർഷം കഴിഞ്ഞ് അന്ന് സേതുരാമയ്യർ വന്നപ്പോഴും ജനങ്ങൾ സ്വീകരിച്ചു. നാലാം സീരീസ് നേരയറിയാൻ സിബിഐയ്ക്ക് ശേഷം ഞാനും സ്വാമിയും മമ്മൂട്ടിയും ഒരുമിച്ചെടുത്ത തീരുമാനമാണ് ഇനിയൊരു ഇടവേളയ്ക്ക് ശേഷം മതി അഞ്ചാം സീരീസെന്ന്. ആ ഇടവേള അധികം ഇനി നീളില്ല. 

32 വർഷം കഴിഞ്ഞും ഒരു സിനിമയുടെ അഞ്ചാം ഭാഗത്തിനായി ജനങ്ങൾ കാത്തിരിക്കുകയെന്നുള്ളതാണ് ഒരു സംവിധായകൻ എന്ന നിലയിൽ എനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. ഞാൻ സമൂഹമാധ്യമത്തിൽ ഒരു പോസ്റ്റിട്ടാൽ പോലും അതിന്റെ താഴെ ആളുകൾ വന്ന് ചോദിക്കുന്നത് അഞ്ചാം ഭാഗം എപ്പോഴാണെന്നാണ്. ആദ്യ ചിത്രം ഇറങ്ങുമ്പോൾ ജനിച്ചിട്ടില്ലാത്തവർ പോലും അഞ്ചാം ഭാഗം കാത്തിരിക്കുന്നുവെന്ന് പറയുന്നത് വലിയൊരു ഭാഗ്യമല്ലേ? ഈ സിനിമ എന്ന് തുടങ്ങുന്നു എന്ന് ജനങ്ങൾ ചോദിക്കുന്നത് തന്നെയാണ് തുടങ്ങാൻ ഒരു ഊർജം. 

സിബിഐ ഉദ്യോഗസ്ഥൻ അയ്യരാകാമെന്നുള്ളത് എങ്ങനെ വന്നതാണ്?

മമ്മൂട്ടിയാണ് കൈ പിറകിൽ കെട്ടുന്ന രീതിയും നടപ്പും മുറുക്കും എല്ലാം കൊണ്ടുവന്നത്. കഥാപാത്രം അയ്യരായാൽ നന്നായിരിക്കുമെന്ന് നിർദേശിച്ചതും മമ്മൂട്ടിയാണ്. അദ്ദേഹത്തിന്റെ സംഭാവന വളരെ വലുതായിരുന്നു.  

പിന്നെയും 15 വർഷം കഴിയുമ്പോഴാണ് അഞ്ചാം ഭാഗം വരുന്നത്. ഇന്ന് മലയാളസിനിമയുടെ രീതി തന്നെ മാറിയിട്ടുണ്ട്. ഈ മാറ്റങ്ങൾ ഉൾക്കൊണ്ടുള്ള ചിത്രമായിരിക്കുമോ അഞ്ചാമത്തേത്?

32 വർഷം മുൻപ് സേതുരാമയ്യർ വരുമ്പോൾ കേട്ടിരുന്ന ബിജിഎം ഇന്നും പ്രേക്ഷകർ ഓർക്കുന്നില്ലേ? ശ്യാം ചെയ്ത ആ ബിജിഎം കാലത്തെ അതിജീവിച്ചതുകൊണ്ടാണല്ലോ ഇപ്പോഴും ഓർക്കുന്നത്. ആ സ്ഥിതിക്ക് പുതിയ ചിത്രവും പ്രേക്ഷകരുടെ പ്രതീക്ഷകൾ തെറ്റിക്കില്ല.  മമ്മൂട്ടിയും എസ്.എൻ.സ്വാമിയും ഞാനും ഒന്നിക്കുന്ന ചിത്രത്തെ മറ്റൊരു ചിത്രവുമായി താരതമ്യപ്പെടുത്താൻ സാധിക്കില്ല. ഞങ്ങൾക്ക് ഞങ്ങളുടേതായ രീതിയുണ്ട്. ആ രീതിയിൽ തന്നെ നിന്നുകൊണ്ട് കാലത്തിന്റേതായ എല്ലാ മാറ്റവും ഉൾക്കൊള്ളുന്ന ചിത്രമായിരിക്കും വരാൻ പോകുന്ന സിബിഐ. അതേപോലെ ഞങ്ങളുടെ രീതിയെ മറ്റൊരാളുടെ രീതിയുമായി താരതമ്യം ചെയ്യാനും സാധിക്കില്ല. 

സിനിമയിലെ ഓരോ മാറ്റവും സൂക്ഷ്മമായി നിരീക്ഷിക്കുന്ന വ്യക്തിയാണ് ഞാൻ. ഓരോ സിനിമയ്ക്കും അതിന്റേതായ താളമുണ്ട്. ക്രൈംത്രില്ലർ സിനിമകളുടെ താളം െതറ്റിക്കാത്ത ഒന്നുതന്നെയായിരിക്കും അഞ്ചാം ഭാഗം. സാങ്കേതികമായി സിനിമ ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട്. ആ മാറ്റങ്ങളെല്ലാം തന്നെ ഈ ചിത്രത്തിൽ പ്രതീക്ഷിക്കാം. ഞങ്ങളുടെ മനസിനിണങ്ങിയ ഒരു നിർമാതാവും കൂട്ടായുണ്ട്. സർഗ ചിത്രയുടെ ബാനറിൽ അപ്പച്ചനാണ് അഞ്ചാം സീരിസ് നിർമിക്കുന്നത്.

nerariyan-cbi

ജഗതി ശ്രീകുമാറിന്റെ വിക്രം എന്ന കഥാപാത്രം ചിത്രത്തിൽ ഉണ്ടാകുമോ എന്നറിയാൻ പ്രേക്ഷകർക്ക് ആകാംക്ഷയുണ്ട്. അതിനെക്കുറിച്ച്?

പ്രേക്ഷകർ ഈ സിനിമയിൽ ആരെയൊക്കെ പ്രതീക്ഷിക്കുന്നുണ്ടോ അവരെല്ലാം സിനിമയുടെ ഭാഗമായിരിക്കും. ഒരിക്കലും നിരാശരാകില്ല. ജഗതി ശ്രീകുമാർ ഉണ്ടാകുമോ? ഇല്ലയോ എന്നുള്ളത് സിബിഐ സീരിസുകൾ പോലെ തന്നെ ഒരു സസ്പെൻസായി നിൽക്കട്ടെ. എന്തായാലും പുതിയ തലമുറ ആഗ്രഹിക്കുന്ന ഒരു ടെമ്പോ ഈ ചിത്രത്തിൽ തീർച്ചയായും ഉണ്ടാകും. Old is gold എന്ന് പറയുന്നത് വെറുതെയല്ല എന്ന് ഈ ചിത്രത്തിലൂടെ മനസിലാകും.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...