മാനവികതയുടെ ഉറച്ച ശബ്ദമുയർത്തി ഫീനിക്സ്; തുല്യത പറഞ്ഞ് ഓസ്കർ പ്രസംഗം

phoenix1002
SHARE

പുരസ്കാരനിർണയത്തിലെ വംശീയതക്കെതിരെ സംസാരിച്ച് ബാഫ്റ്റ വേദിയെ നിശ്ശബ്ദമാക്കിയ വാക്വീൻ ഫീനിക്സ് ഡോൾബി തിയറ്ററിലുയർത്തിയത് ലിംഗ അസമത്വത്തിനും വംശീയതക്കും അനീതിക്കുമെതിരായ ശബ്ദം. ഓസ്കര്‍ പുരസ്കാരം ഏറ്റുവാങ്ങി ഫീനിക്സ് പറഞ്ഞ വാക്കുകളെ സദസ്സ് കേട്ടു, കയ്യടിച്ചു. മികച്ച നടനായി നാമനിർദേശം ചെയ്യപ്പെട്ട സഹതാരങ്ങളെക്കുറിച്ച് പറഞ്ഞ് ഫീനിക്സ് തുടങ്ങി.

''എനിക്കൊപ്പം നാമനിർദേശം ചെയ്യപ്പെട്ട നടന്മാരെക്കാൾ ഒട്ടും മുകളിലല്ല എന്റെ സ്ഥാനം. ഞങ്ങൾ പങ്കിടുന്നത് സിനിമയോടുള്ള സ്നേഹമാണ്. ഈ ആവിഷ്കാര സ്വാതന്ത്യം എനിക്ക് നൽകിയത് ആശ്ചര്യകരമായ ജീവിതമാണ്. നാം ഒരുപോലെ നേരിടുന്ന അപകടകരമായ ഒരുപാട് വിഷയങ്ങളെക്കുറിച്ച് ഞാൻ ചിന്തിക്കുന്നുണ്ട്. നാം സംസാരിക്കുന്ത് ലിംഗ അസമത്വത്തെക്കുറിച്ചോ വംശീയതയെക്കുറിച്ചോ മൃഗങ്ങളുടെ അവകാശങ്ങളെക്കുറിച്ചോ ക്വിയർ അവകാശങ്ങളെക്കുറിച്ചോ ആയിക്കൊള്ളട്ടെ, നാം സംസാരിക്കുന്നത് അനീതിക്കെതിരെയുള്ള പോരാട്ടത്തെക്കുറിച്ചാണ്. 

''ഒരു രാജ്യം, ഒരു ജനത, ഒരു സമൂഹം, ഒരു ലിംഗഭേദം, ഒരു വർഗ്ഗം എന്ന അധികാരമുപയോഗിച്ച് മറ്റൊരാളിൽ ആധിപത്യം സ്ഥാപിക്കാനും അയാളെ നിയന്ത്രിക്കാനും ചൂഷണം ചെയ്യാനുമാകുമെന്ന വിശ്വാസത്തിനെതിരെയുള്ള പോരാട്ടത്തെക്കുറിച്ചാണ് നാം സംസാരിക്കുന്നത്. 

മൃഗസംരക്ഷണത്തെറിച്ചുള്ള നിലപാട് ഫീനിക്സ് വ്യക്തമാക്കിയതിങ്ങനെ ;''ഒരു പശുവിനെ കൃത്രിമ ബീജസങ്കലനം നടത്താൻ അർഹതയുണ്ടെന്ന് വിശ്വസിക്കുന്നവരാണ് നാം. അങ്ങനെ പ്രസവിക്കുന്ന പശുവിന്റെ കുഞ്ഞിനെ മോഷ്ടിക്കുന്നവരും. പിന്നാലെ പശുക്കിടാവിന് അവകാശപ്പെട്ട പാൽ എടുത്ത് നാം ചായയിലും ഭക്ഷണത്തിലും ഉപയോഗിക്കുന്നു. വ്യക്തിപരമായ മാറ്റങ്ങളെ നാം ഭയപ്പെടുന്നുവെന്ന് എനിക്ക് തോന്നുന്നു, കാരണം എന്തെങ്കിലും ഉപേക്ഷിക്കണമെങ്കില്‍ ത്യാഗങ്ങളെന്തെങ്കിലും സഹിക്കേണ്ടി വരുമെന്നാണ് നാം ചിന്തിക്കുന്നത്. നമ്മൾ മനുഷ്യർ കണ്ടുപിടിത്തങ്ങളിൽ പ്രഗത്ഭരും സർഗ്ഗശക്തിയുള്ളവരും സമർത്ഥരുമാണ്. അതുകൊണ്ട് സ്നേഹവും സഹാനുഭൂതിയും മാര്‍ഗ്ഗനിർ‍ദേശങ്ങളായി ഉപയോഗിച്ചാൽ, എല്ലാ ജീവികൾക്കും പരിസ്ഥിതിക്കും പ്രയോജനകരമായ മാറ്റ സംവിധാനങ്ങൾ വികസിപ്പിക്കാനും നടപ്പിലാക്കാനും കഴിയുമെന്ന് എനിക്ക് തോന്നുന്നു. 

''ജീവിതത്തിൽ ഒരു തെമ്മാടിയായിരുന്നു ഞാൻ. ചിലപ്പോഴൊക്കെ ക്രൂരനായിട്ടുണ്ട്. എനിക്കൊപ്പം ജോലി ചെയ്യാൻ ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളുണ്ടായിരുന്നു. രണ്ടാമതൊരു അവസരം നല്‍കിയതിൽ ഈ സദസ്സിലുള്ള നിരവധി പേരോട് നന്ദിയുണ്ട്. പരസ്പരം പിന്തുണക്കുമ്പോഴാണ് നാം മികച്ചവരാകുന്നത്. പണ്ടെപ്പോഴോ ചെയ്ത തെറ്റുകളുടെ പേരിൽ പരസ്പരം വേണ്ടെന്നുവെക്കുമ്പോഴല്ല, പരസ്പരം വളരാൻ സഹായിക്കുമ്പോഴും അറിവ് പകരുമ്പോഴും വീണ്ടെടുപ്പിലേക്ക് നയിക്കുമ്പോഴുമാണ് നാം മികച്ചവരാകുന്നത്. അതാണ് മാനവികത. 

പതിനേഴാം വയസ്സിൽ മരിച്ചുപോയ സഹോദരൻ റിവർ ഫീനിക്സിനെ ഉദ്ധരിച്ച് വികാരനിർഭരനായി ഫീനിക്സ് പ്രസംഗം അവസാനിപ്പിച്ചു- ''സ്നേഹത്തോടെ രക്ഷക്കായി ഓടിയെത്തൂ, സമാധാനം പിന്തുടരും''.

MORE IN ENTERTAINMENT
SHOW MORE
Loading...
Loading...